കുളം നന്നാക്കുന്നതിനിടെ ചാക്കില്‍ പൊതിഞ്ഞ തോക്ക് കണ്ടെത്തി

Posted on: March 3, 2013 1:06 pm | Last updated: March 3, 2013 at 1:06 pm
SHARE

തിരൂരങ്ങാടി: കുളം നന്നാക്കുന്നതിനിടെ കിട്ടിയത് ചാക്കില്‍ പൊതിഞ്ഞ തോക്ക്. ചേളാരി ചെര്‍ണൂര്‍ പാപ്പന്നൂരിലെ മണ്ണാറക്കല്‍ മേലേ മൂത്തേടത്ത് അബൂബക്കര്‍ ഹാജിയുടെ തോട്ടത്തിലെ കുളത്തില്‍ നിന്നാണ് തോക്ക് കിട്ടിയത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം മൂന്നിയൂര്‍ പഞ്ചായത്തിലെ തൊഴിലാളികള്‍ കുളം വൃത്തിയാക്കുന്നതിനിടെ ചാക്കിലാക്കിയ കെട്ടി ശ്രദ്ധയില്‍ പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ തിരൂരങ്ങാടി എസ് ഐ. എ സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. നാടന്‍ തോക്കാണിതെന്ന് പോലീസ് പറഞ്ഞു. രണ്ട് ഭാഗമായി വേര്‍പെട്ട നിലയിലായിരുന്നു തോക്ക്. എല്ലാ വര്‍ഷവും വെള്ളം വറ്റിച്ച് മീന്‍ പിടിക്കാറുള്ള കുളമാണിത്. അഞ്ച് വര്‍ഷം മുമ്പ് ഈ കുളം നന്നാക്കുന്നതിനിടെ അഞ്ച് വാളുകള്‍ കണ്ടെത്തിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു. ഉപയോഗിച്ചിരുന്ന തോക്ക് കേടുവന്നപ്പോള്‍ ആരോ കുളത്തില്‍ ഉപേക്ഷിച്ചതാണെന്നാണ് സംശയം.