ആരോരുമില്ലാതെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന നിര്‍ധന വൃദ്ധ സഹായം തേടുന്നു

Posted on: March 3, 2013 1:05 pm | Last updated: March 3, 2013 at 1:05 pm
SHARE

പൊന്നാനി: ആരോരുമില്ലാതെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ നിര്‍ധന വൃദ്ധ സഹായം തേടുന്നു. തുടയെല്ല് പൊട്ടി താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ഭാരതപ്പുഴ ഈശ്വരമംഗലം പുറംപോക്കില്‍ താമസിക്കുന്ന കണ്ണാത്തയില്‍ ആസിയ(65) ആണ് നാട്ടുകാരുടെ സഹായത്തിനായി കേഴുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍ വീണ് തുടയെല്ല് പൊട്ടി നിലവിളികേട്ട് നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിലാക്കിയത്. ഇവര്‍ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടും കാഴ്ചക്കുറവുമുണ്ട്. ഭര്‍ത്താവ് കുണ്ടുകടവ് ജംഗ്ഷനിലെ ചുമട്ട് തൊഴിലാളി ആയിരുന്ന അബ്ദുറഹിമാന്‍ മരിച്ചിട്ട് പത്ത് വര്‍ഷം കഴിഞ്ഞു. ഇവര്‍ക്ക് കുട്ടികളില്ല. ഇരുപത് വര്‍ഷത്തോളമായി പുറമ്പോക്കിലുള്ള കുടിലിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഇവരുടെ വീടോ നാടോ നാട്ടുകാര്‍ക്കറിയില്ല. സ്ഥലത്തെ കൗണ്‍സിലര്‍ വി വി ഷംസുദ്ദീന്റെ നേതൃത്വത്തില്‍ ഇവരെ ശുശ്രൂഷിക്കാന്‍ രണ്ട് ഹോം നേഴ്‌സ്മാരെ തത്കാലം നിര്‍ത്തിയിട്ടുണ്ട്. ഇനിയുള്ള ചികിത്സക്ക് ഭീമമായ സംഖ്യ വരുന്നതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴയുകയാണ് ഈ വൃദ്ധ. ഇവരുടെ ചികിത്സക്ക് ആരെങ്കിലും മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് കൗണ്‍സലറും നാട്ടുകാരും. സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൗണ്‍സിലറുടെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക. ഫോണ്‍: 9744476299.