പോലീസ് സംഘത്തെ ജെ സി ബി ഉപയോഗിച്ച് ആക്രമിച്ചു

Posted on: March 3, 2013 1:01 pm | Last updated: March 3, 2013 at 1:01 pm
SHARE

താമരശ്ശേരി: പുഴയോരത്തെ അനധികൃത മണല്‍ ഖനന കേന്ദ്രത്തില്‍ പരിശോധനക്കെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. ഈങ്ങാപ്പുഴ എലോക്കര തട്ടൂര്‍ പറമ്പ് കൊക്കുമുക്കിലെ പുഴയോരത്ത് ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ജെ സി ബി ഉപയോഗിച്ച് പോലീസിനെ നേരിട്ട ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തെയ്യപ്പാറ പോക്കരങ്ങാടി അരീപ്പാറ വിനോദാ(31) ണ് അറസ്റ്റിലായത്.
താമരശ്ശേരി സി ഐ. പി ബിജുരാജിന്റെ നിര്‍ദേശപ്രകാരം കോടഞ്ചേരി എസ് ഐ. യു രാമന്‍, എ എസ് ഐ ദാസന്‍, താമരശ്ശേരി ട്രാഫിക് എ എസ് ഐ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൊക്കുമുക്കിലെ പുഴയോരത്തെ മണല്‍ കേന്ദ്രത്തില്‍ പരിശോധനക്കെത്തിയത്. താമരശ്ശേരി സ്‌റ്റേഷന്‍ പരിധിയിലെ പ്രദേശമാണെങ്കിലും റെയ്ഡ് വിവരം ചോരാതിരിക്കാനാണ് പരിശോധനക്ക് കോടഞ്ചേരി എസ് ഐക്ക് നിര്‍ദേശം നല്‍കിയതത്രേ.
പുഴയോരത്ത് നിന്ന് മണല്‍ ഖനനം നടത്തുകയായിരുന്ന ജെ സി ബി കസ്റ്റഡിയിലെടുത്തു. ജെ സി ബി പോലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കാനായി നിര്‍ദേശിച്ച് ജെ സി ബിക്ക് പിന്നാലെ പോലീസ് വാഹനങ്ങള്‍ നീങ്ങുന്നതിനിടെ ഫാക്ടറിപ്പടിയില്‍നിന്ന് ജെ സി ബി പോലീസിനെ വെട്ടിച്ച് കോടഞ്ചേരി ഭാഗത്തേക്ക് ഓടിച്ചുപോകുകയായിരുന്നു.
പിന്നാലെയുള്ള പോലീസ് ജീപ്പുകള്‍ക്ക് സൈഡ് നല്‍കാതെ അഞ്ച് കിലോമീറ്ററോളം ജെ സി ബി ഓടിച്ചു പോയി. പോലീസ് ജീപ്പ് അടുത്തെത്തുമ്പോള്‍ ജെ സി ബി പെട്ടെന്ന് നിര്‍ത്തിയും ജെ സി ബി യുടെ കൈ പ്രവര്‍ത്തിപ്പിച്ചും പോലീസിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നു. വഴിയിലെ കയറ്റത്തില്‍ ജെ സി ബി ക്ക് വേഗത കുറഞ്ഞപ്പോള്‍ ഡ്രൈവറെ പിടികൂടാന്‍ ശ്രമിച്ച കോടഞ്ചേരി സ്‌റ്റേഷനിലെ സീനിയര്‍ സി പി ഒ ഷാജിക്കുനേരെയും ജെ സി ബി യുടെ കൈ പ്രവര്‍ത്തിപ്പിച്ചു. ഓടിമാറിയതിനാല്‍ ഷാജി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
തെയ്യപ്പാറയിലെ വീട്ടുമുറ്റത്തെത്തിയാണ് ജെ സി ബി നിര്‍ത്തിയത്. ജെ സി ബി ക്ക് സമീപത്തേക്ക് പോയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനെ താമരശ്ശേരി ട്രാഫിക് യൂനിറ്റിലെ സി പി ഒ. എ സന്തോഷ് കുമാറിനെ ഇയാള്‍ അക്രമിച്ചു. പരുക്കേറ്റ സന്തോഷ് കുമാറിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് യൂനിഫോമും പറിച്ചുകീറി. കൂടുതല്‍ പോലീസുകാര്‍ ചേര്‍ന്ന് പ്രതിയെ കീഴടക്കുകയായിരുന്നു. നമ്പര്‍ പ്ലേറ്റോ രേഖകളോ ഇല്ലാത്ത ജെ സി ബിയാണ് പിടികൂടിയത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വണം തടസ്സപ്പെടുത്തല്‍, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് വിനോദിനെതിരെ കേസെടുത്തത്. പ്രതിയെ രക്ഷിക്കാന്‍ പോലീസിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദം ശക്തമാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.