Connect with us

Articles

പോപ്പിന്റെ പടിയിറക്കവും വത്തിക്കാനിലെ ഭൂചലനങ്ങളും

Published

|

Last Updated

ത്യാഗമെന്നതേ നേട്ടം എന്നാണല്ലോ. 120 കോടി വരുന്ന മനുഷ്യര്‍ ഭയഭക്തിബഹുമാനങ്ങളോടെ വണങ്ങുന്ന സിംഹാസനമാണ് ത്യജിച്ചിരിക്കുന്നത്. വലിയ സംഗതി തന്നെയാണത്. സമ്പത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രത്തില്‍ നിന്നാണ് പടിയിറക്കം. ഭരണകൂടങ്ങളെ വീഴ്ത്തിയും വാഴിച്ചും വളര്‍ത്തിയും തളര്‍ത്തിയും ചരിത്രം നിര്‍ണയിച്ച സിംഹാസനം. പോപ്പ് ബെനഡിക്ട് പതിനാറാമന്‍ സ്ഥാനമൊഴിയുന്നത് ഒട്ടും പരിചിതമല്ലാത്ത നിരവധി മുഹൂര്‍ത്തങ്ങളിലേക്ക് കത്തോലിക്കാ സഭയെ തള്ളിവിട്ടുകൊണ്ടാണ്. സ്വയം പിന്‍വാങ്ങുകയായിരുന്നു പോപ്പ്. അങ്ങനെ പിന്‍വാങ്ങിയ ഒരു പോപ്പേ സഭാ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളൂ. 1294ല്‍ സെലസ്റ്റൈന്‍ അഞ്ചാമന്‍. അദ്ദേഹത്തിന് ചുറ്റും വിമര്‍ശത്തിന്റെയും സമ്മര്‍ദത്തിന്റെയും കോട്ടകള്‍ വളര്‍ന്നപ്പോള്‍ അധികാരത്തിന്റെ മട്ടുപ്പാവുകള്‍ ഉപേക്ഷിച്ച് പ്രാര്‍ഥനകളിലേക്ക് പിന്‍വാങ്ങുകയായിരുന്നു. ജര്‍മനിയിലെ മ്യൂണിക്കില്‍ കര്‍ദിനാളായിരുന്ന റാറ്റ്‌സിംഗര്‍ അച്ചന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ആയപ്പോള്‍ സെലസ്റ്റൈനിന്റെ അന്ത്യവിശ്രമ സ്ഥലം സന്ദര്‍ശിച്ചു. പതിവ് തെറ്റിച്ച് അദ്ദേഹത്തെ അനുസ്മരിച്ചു. അന്നേ സഭയിലെ ഉന്നതര്‍ കണക്കുകൂട്ടിയിരുന്നു, ബെനഡിക്ടിന്റെ ഉള്ളില്‍ എന്തൊക്കെയോ ഉണ്ട്.

പിന്നെ പല തവണ അദ്ദേഹം സൂചനകള്‍ നല്‍കി. ആ സൂചനകള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ലോകത്ത് ഒരു വാര്‍ത്തക്കും ലഭിക്കാത്ത മാധ്യമ പ്രധാന്യമാണ് കൈവന്നിരിക്കുന്നത്. പോപ്പുമായി ബന്ധപ്പെട്ട എല്ലാം അങ്ങനെയാണ്. ചരിത്രപരവും അധികാരത്തിലധിഷ്ഠിതവും സാമ്പത്തികവുമായ നിരവധി കാരണങ്ങളുണ്ട് അതിന് പിന്നില്‍. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനും അനുബന്ധ ഏര്‍പ്പാടുകള്‍ക്കും ലഭിക്കുന്ന പ്രാധാന്യമാണ് ഇതിനോട് സാമ്യപ്പെടുത്താവുന്നത്. ഈ സാമ്യം തന്നെ കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. മനോഹരമായ ഭാഷയിലാണ് പത്രങ്ങള്‍ പോപ്പിന്റെ പടിയിറക്കം അവതരിപ്പിച്ചത്. “സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ പേപ്പല്‍ അള്‍ത്താരയില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ ഇനി ബെനഡിക്ട് പതിനാറാമന്‍ എത്തില്ല. അപ്പസ്‌തോലിക കൊട്ടാരത്തിലെ ജാലകപ്പടിയിലും പുഞ്ചിരിച്ച് ആശീര്‍വദിക്കുന്ന ആ മുഖം കാണാനാകില്ല. തിരശ്ശീലക്ക് പിന്നിലേക്ക് പാപ്പ പിന്‍വാങ്ങുകയാണ”്.

“ബുധനാഴ്ച പതിനായിരക്കണക്കിന് വിശ്വാസികളുമായി തന്റെ അവസാന കൂടിക്കാഴ്ച നടത്തിയ പോപ്പ് വ്യാഴാഴ്ച കര്‍ദിനാള്‍മോരോട് വിടവാങ്ങി. വത്തിക്കാനിലെ അലംകൃതമായ ക്ലെമന്റയില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കര്‍ദിനാള്‍മാര്‍ ഓരോരുത്തരായി പോപ്പിന്റെ സ്ഥാനമോതിരം ചുംബിച്ച് ബെനഡിക്ട് പതിനാറാമന് വിട നല്‍കി. ആദരസൂചകമായി ചിലര്‍ തലപ്പാവ് ഊരി വണങ്ങി” എന്നെന്നേക്കുമായുള്ള പിരിയലിന്റെ ധ്വനി പടര്‍ന്നു പോകുന്നുണ്ട് വാചകങ്ങള്‍ക്ക്. അത് സ്വാഭാവികമാണ്. മരിച്ചു പിരിയുമ്പോള്‍ മാത്രമാണ് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത്. അതാണ് സ്വാഭാവികമായ കീഴ്‌വഴക്കം. കാരണം, പോപ്പ് സ്ഥാനം നിയമിക്കപ്പെടുന്ന ഒരു തസ്തികയല്ല. അത് ഒരു നിയോഗവും പ്രതിപുരുഷത്വവുമാണ്. അഴിച്ചുവെക്കാവുന്ന കുപ്പായമല്ല അത്. അഴിച്ചുവെച്ചാലും ആ കുപ്പായം സൃഷ്ടിച്ച മാനസികമായ സ്വാധീനശക്തി അവസാനിക്കുന്നില്ല. ഈ മാസം പകുതിയോടെ സിസ്റ്റൈന്‍ ചാപ്പലില്‍ നിന്ന് വെളുത്ത പുകയുയരുന്നതോടെ പുതിയ ഒരു പോപ്പ് വാഴിക്കപ്പെടും. സ്ഥാനത്യാഗത്തിലൂടെ കൂടുതല്‍ ഔന്നിത്യം ആര്‍ജിച്ചുവെന്ന് വിശ്വാസികള്‍ കരുതുന്ന ഒരു മുന്‍ പോപ്പും സ്ഥാനത്യാഗത്തിന്റെ ശൂന്യതയിലേക്ക് കയറിയിരിക്കാന്‍ നിയുക്തനായ നടപ്പ് പോപ്പും ഉണ്ടാകും. ആശയക്കുഴപ്പം ഉറപ്പാണ്. മുന്‍ പോപ്പിന്റെ ശിഷ്ട ജീവിതം ഒരു കര്‍ദിനാളിലേക്ക് താഴാനാകില്ല. അദ്ദേഹം ആഗ്രഹിച്ചാലും ഇല്ലെങ്കിലും പുതിയൊരു കേന്ദ്രമായി അദ്ദേഹം പരിവര്‍ത്തിപ്പിക്കപ്പെടും. അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും ചിന്തകള്‍ക്കും വലിയ സ്വാധീന ശേഷിയുണ്ടാകും. സ്ഥാനഭാരമില്ലാതെ അദ്ദേഹം നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ പുതിയ പോപ്പുമായി ഏറ്റുമുട്ടുന്ന സ്ഥിതി വന്നാല്‍ സഭക്കത് വലിയ അലോസരമുണ്ടാക്കും. പോപ്പ് എമറിറ്റസ് എന്നാണ് പഴയ പോപ്പ് അറിയപ്പെടുക. ശ്രദ്ധിക്കൂ, ആ പേരില്‍ “പോപ്പ്” ഉണ്ട്. വ്യക്തമായ അഭിപ്രായങ്ങള്‍ ഉള്ള മനുഷ്യനാണ് ബെനഡിക്ട്. വത്തിക്കാന്‍ കുന്നില്‍ തന്നെയാണ് അദ്ദേഹത്തിന് വിശ്രമ വസതിയൊരുങ്ങുന്നത്. അപ്പോള്‍ വത്തിക്കാനില്‍ ചെവിയോര്‍ക്കാന്‍ രണ്ട് കേന്ദ്രങ്ങള്‍ സംജാതമാകും. പഴയ പാപ്പ പൂര്‍ണമായി പൊതു ജീവിതം അവസാനിപ്പിക്കുകയെന്നതായിരിക്കും പോംവഴി. ഒരു തരം തിരസ്‌കൃത ജീവിതം. സെലസ്റ്റൈന്‍ അഞ്ചാമന്റെ അന്ത്യ നാളുകള്‍ അങ്ങനെയായിരുന്നുവത്രേ.

അനാരോഗ്യം പറഞ്ഞ് ബെനഡിക്ട് പതിനാറാമന്‍ സ്ഥാനമൊഴിഞ്ഞത് ശരിയായില്ലെന്ന അഭിപ്രായമുള്ളവര്‍ സഭക്കകത്ത് നിരവധിയാണ് . മോശമായ പ്രവണതക്കാണ് തുടക്കമായിരിക്കുന്നതെന്ന് ആസ്‌ത്രേലിയന്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്‍ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞു. രാജിവെച്ചൊഴിയാവുന്ന ഒരു സ്ഥാനമായി പോപ്പ് മാറുന്നത് ആഭ്യന്തര കലാപങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് പെല്‍ പറഞ്ഞത്. അധികാരമോഹികള്‍ പോപ്പിന്റെ രാജിക്കായി കരുക്കള്‍ നീക്കും. കുതന്ത്രങ്ങളുടെ കൂത്തരങ്ങായി വത്തിക്കാന്‍ മാറും. ഈ സാഹചര്യം പോപ്പിന്റെ നിര്‍ണായക തീരുമാനങ്ങളെയും സ്വാധീനിക്കുമെന്നും അദ്ദേഹം പറയുന്നു. സ്ഥാനമൊഴിയുന്ന പോപ്പ് നല്ല ഭരണാധികാരി ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞ് വെക്കുന്നുണ്ട്. ഈ കര്‍ദിനാളിന്റെ വാക്കുകകളില്‍ അധികാരത്തര്‍ക്കത്തിന്റെയും വാദപ്രതിവാദത്തിന്റെയും വന്‍കരകളുണ്ട്. അതിനിടക്ക് പോപ്പ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ട ബ്രിട്ടനില്‍ നിന്നുള്ള കര്‍ദിനാള്‍ രാജിവെച്ചത് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു.

ഇറ്റാലിയന്‍ പത്രമായ ലാറിപ്പബ്ലിക്ക കഴിഞ്ഞ ദിവസം നല്‍കിയതും ആഗോളമാധ്യമങ്ങള്‍ ഏറ്റുപിടിച്ചതുമായ റിപ്പോര്‍ട്ടുകളും ഇതിനോട് ചേര്‍ത്ത് വായിക്കണം. സഭാ മേലാളര്‍ സ്വവര്‍ഗ രതിയില്‍ അഭിരമിച്ചിരുന്നുവെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതുസംബന്ധിച്ച് കൈക്കൊള്ളേണ്ട നടപടികളില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് ബെനഡിക്ടിന്റെ സ്ഥാനത്യാഗത്തില്‍ കലാശിച്ചതെന്ന് പത്രം പറഞ്ഞു. സാമ്പത്തിക ആരോപണങ്ങളും പത്രം ഉന്നയിക്കുന്നുണ്ട്. ആറാം കല്‍പ്പനയും ഏഴാം കല്‍പ്പനയും ലംഘിച്ചുവെന്നാണ് ആരോപണം. മോഷണവും ലൈംഗികചൂഷണവും നടന്നുവെന്ന് തന്നെ. ആദ്യം പ്രതികരിക്കാതിരുന്ന വത്തിക്കാന്‍ നേതൃത്വം പിന്നീട് മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. നെറികെട്ട പത്രപ്രവര്‍ത്തനമെന്ന് ഭര്‍ത്സിച്ചു. 2012 ജനുവരിയില്‍ വത്തിക്കാനിലെ രഹസ്യ രേഖകളെന്ന പേരില്‍ നിരവധി രേഖകള്‍ പത്രങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയിരുന്നു. അണ്‍ടച്ചബിള്‍സ് എന്ന ഗ്രൂപ്പായിരുന്നു അതിന് പിന്നില്‍. പോപ്പിന്റെ സെക്കന്‍ഡ് റാങ്ക് അഡ്മിനിസ്‌ട്രേറ്ററായ കാര്‍ലോ മാറിയോ വിഗാനോ എഴുതിയ കത്തുകളായിരുന്നു അതില്‍ പ്രധാനം. വിക്കിലീക്‌സ് മാതൃകയില്‍ വത്തിലീക്‌സ് എന്ന് ഈ വാര്‍ത്താ ചോര്‍ച്ച പിന്നീട് വിളിക്കപ്പെട്ടു.

2006 മുതല്‍ പോപ്പിന്റെ കുശിനിക്കാരനായിരുന്ന പവോലോ ഗാര്‍ബ്രേലേ ആണ് രേഖകള്‍ മോഷ്ടിച്ചതെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചതോടെ മൊത്തം സംഭവങ്ങള്‍ക്ക് സ്ഥിരീകരണം കൈവന്നു. മെയ് മാസത്തില്‍ അങ്ങേര്‍ അറസ്റ്റിലായി. ജൂലൈയില്‍ സാക്ഷാല്‍ പോപ്പും വത്തിക്കാന്‍ പോലീസ് മേധാവിയും ജഡ്ജിയും സംയുക്ത യോഗം ചേര്‍ന്നു. ഈ യോഗത്തിന്റെ തുടര്‍ച്ചയെന്നോണം മോഷണക്കുറ്റത്തില്‍ നിന്ന് ഗാര്‍ബ്രേലെ ഒഴിവാക്കപ്പെട്ടു. പിന്നെ ഇയാള്‍ പോപ്പിനോട് മാപ്പിരന്നുവെന്നും പോപ്പ് മാപ്പ് നല്‍കിയെന്നും വാര്‍ത്ത വന്നു. പുറത്തു വന്ന ഈ വാര്‍ത്തകള്‍ അകത്തുള്ള യാഥാര്‍ഥ്യത്തിന്റെ സൂചനകളാണെങ്കില്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്റെ പടിയിറക്കം സുഖകരമായ അന്തരീക്ഷത്തിലല്ലെന്ന് തീര്‍ത്ത് പറയാനാകും. വരും ദിനങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരും. ഒരു പക്ഷേ പുതിയ പോപ്പിന്റെ തിരഞ്ഞെടുപ്പിനെ തന്നെ ഈ കോലാഹലങ്ങള്‍ സ്വാധീനിച്ചേക്കാം.

ബെനഡിക്ട് പതിനാറാമന്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് നടവിലായിരുന്നു. 2010 മാര്‍ച്ച് 20ന് പുറപ്പെടുവിച്ച ഇടയ ലേഖനത്തിന്റെ അലയൊലികള്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അടങ്ങിയിട്ടില്ല. പുരോഹിതന്‍മാര്‍ അരനൂറ്റാണ്ടിനിടെ നടത്തിയ ബാലലൈംഗിക പീഡനങ്ങളില്‍ പോപ്പിന്റെ ക്ഷമാപണമായിരുന്നു ഈ ഇടയ ലേഖനത്തിന്റെ ഉള്ളടക്കം. “പുരോഹിതന്‍മാരില്‍ നിന്ന് നിങ്ങള്‍ക്കുണ്ടായിട്ടുള്ളത് ക്രൂരമായ അപമാനമാണ്. സഭക്ക് മാപ്പ് നല്‍കാനും യോജിച്ചു പോകാനും നിങ്ങള്‍ക്ക് പ്രയാസമുണ്ടാകുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. സഭയുടെ പേരില്‍ ഞാന്‍ പരസ്യമായി ലജ്ജയും ഖേദവും പ്രകടിപ്പിക്കുന്നു” ഇടയ ലേഖനത്തില്‍ അയര്‍ലന്‍ഡിലെ വിശ്വാസികളോട് പാപ്പ പറഞ്ഞു. ക്ഷാമപണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വന്നു. ജൂതന്‍മാരോടുള്ള സമീപനത്തിലും ആസ്‌ത്രേലിയയില്‍ സഭ നടത്തിയ വംശീയ വിവേചനത്തിലും ശാസ്ത്ര പ്രതിഭകളോട് കാണിച്ച ക്രൂരതകളിലും ക്ഷമ പറഞ്ഞ കത്തോലിക്കാ സഭ അടിസ്ഥാനപരമായ മാറ്റത്തിന് തയ്യാറാകുന്നില്ല. തെറ്റ് ചെയ്യുന്നു, കുമ്പസരിക്കുന്നു, പിന്നെയും തെറ്റ് ചെയ്യുന്നുവെന്ന് വിലയിരുത്തപ്പെട്ടു. അയര്‍ലന്‍ഡ് ഇടയലേഖനത്തിന്റെ സമയത്ത് വന്ന ഏറ്റവും ക്രൂരമായ ഒരു ആരോപണം പോപ്പിന്റെ ഇപ്പോഴത്തെ തീരുമാനത്തെപ്പോലും സ്വാധീനിച്ചിട്ടുണ്ടാകാം. 1977 മുതല്‍ 1982 വരെ മ്യൂണിക്കില്‍ കര്‍ദിനാളായിരുന്നപ്പോള്‍ ബെനഡിക്ട് പതിനാറാമന്റെ (അന്ന് റാറ്റ്‌സിംഗറച്ചന്‍) അധികാര പരിധിയില്‍ നിന്ന് ലൈംഗിക ചൂഷണത്തിന്റെ 200 ഓളം പരാതികള്‍ ഉയര്‍ന്നിരുന്നു. ആ പരാതികളില്‍ പുരോഹിതന്‍മാരെ സംരക്ഷിക്കുന്ന സമീപനമാണ് അദ്ദേഹം കൈക്കൊണ്ടതത്രേ. അത്തരത്തിലുള്ള ഒരാള്‍ക്ക് അയര്‍ലന്‍ഡിലെ പുരോഹിതന്‍മാരുടെ പേരില്‍ തുറന്നു പറച്ചിലിന് എന്ത് ധാര്‍മിക അവകാശമാണ് ഉള്ളതെന്ന് ചോദ്യമുയര്‍ന്നു. ഈ ചോദ്യം പോപ്പിനെ ശരിക്കും അസ്വസ്ഥനാക്കിയിരുന്നു.

ഈ വിമര്‍ശങ്ങള്‍ക്കിടയിലും ഉയര്‍ന്നു നില്‍ക്കുന്നത് സ്വവര്‍ഗരതി, ഭ്രൂണ ഹത്യ, വിവാഹപൂര്‍വ ലൈംഗികത, മദ്യാസക്തി, സ്ത്രീപൗരോഹിത്യം തുടങ്ങിയവക്കെതിരെ ബെനഡിക്ട് കൈക്കൊണ്ട ശക്തമായ നിലപാടുകളാണ്. പരിസ്ഥിതി വിഷയത്തിലും തന്റെ മുമ്പേ നടന്നവരില്‍ നിന്നെല്ലാം വ്യത്യസ്തമായി വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു ഈ പാപ്പക്ക്. അദ്ദേഹം ഗ്രീന്‍ പോപ്പെന്ന് വിളിക്കപ്പെട്ടു. അതുകൊണ്ട് സഭ പറയുന്നത് തന്നെ മുഖവിലക്കെടുക്കാം. പേപ്പസിയെ കൂടുതല്‍ ജനാധിപത്യവത്കരിക്കുകയാണ് സ്ഥാനത്യാഗത്തിലൂടെ ബെനഡിക്ട് പതിനാറാമന്‍ ചെയ്യുന്നത്. പക്ഷേ, കറുത്ത പൊട്ടുകള്‍ മായ്ക്കാനാകില്ല. വെളുപ്പിച്ചാലും പാണ്ടാകുകയേ ഉള്ളൂ. സഭയിലെ ഭിന്ന സ്വരങ്ങളോട് അദ്ദേഹം കാണിച്ച കാര്‍ക്കശ്യങ്ങളെ വിശ്വാസദാര്‍ഢ്യമായും സമര്‍പ്പണമായും വ്യാഖ്യാനിക്കാനുമാകില്ല. 2006ല്‍ റേഗന്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍ സംസാരിക്കവേ അദ്ദേഹം നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ ധാരണാ വൈകല്യത്തിന്റെ നിത്യസ്മാരകമായി നിലനില്‍ക്കും. മുഹമ്മദ് നബി(സ) മതപ്രചാരണത്തിന് മനുഷ്യത്വവിരുദ്ധമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുവെന്നായിരുന്നു പോപ്പിന്റെ കണ്ടുപിടിത്തം. പിന്നെ അദ്ദേഹം തിരുത്തിയെന്ന് കേള്‍ക്കുന്നു. പോരാ. ഈ ചരിത്രനിരാസത്തെ കുറേക്കൂടി വ്യക്തമായ സ്വരത്തില്‍ അദ്ദേഹം തിരുത്തേണ്ടതുണ്ട്. സ്ഥാനഭാരമില്ലാത്ത പോപ്പ് എമറിറ്റസില്‍ നിന്ന് സ്വയം വിമര്‍ശങ്ങളുയരുമോ? പുതിയ പോപ്പ് യൂറോപ്പിന്റെ പുറത്തുനിന്നാകുമോ?

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest