മലയാളത്തിന്‌ ശ്രേഷ്ഠഭാഷാ പദവി വൈകും

Posted on: March 3, 2013 11:10 am | Last updated: March 6, 2013 at 6:58 am
SHARE

malayalam emblomന്യൂഡല്‍ഹി: മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കുന്നത് വൈകിയേക്കും. ശ്രേഷ്ഠഭാഷാ പദവി നല്‍കണമെന്ന ശിപാര്‍ശയോടൊപ്പം നല്‍കേണ്ട വിദഗ്ധ സമിതിയുടെ കുറിപ്പ് ഇതുവരെ തയ്യാറായിട്ടില്ല. ശ്രേഷ്ഠഭാഷാ പദവി പരിഗണനയിലാണെന്നും വിദഗ്ധ സമിതിയുടെ കുറിപ്പ് തയ്യാറായിട്ടില്ലെന്നും കേന്ദ്ര സാംസ്‌കാരിക മന്ത്രി ചന്ദ്രേഷ് കുമാരി കഠോജ് പറഞ്ഞു. ശിപാര്‍ശ കേന്ദ്ര മന്ത്രിസഭക്കയക്കണം. കേന്ദ്ര മന്ത്രിസഭ ഇക്കാര്യം എപ്പോള്‍ പരിഗണിക്കുമെന്ന് പറയാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. വരാനിരിക്കുന്ന കാബിനറ്റില്‍ മലയാളം സംബന്ധിച്ച ഫയല്‍ ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി.
വിദഗ്ധ സമിതിയാണ് ശിപാര്‍ശയോടൊപ്പം വിശദമായ കുറിപ്പുള്‍പ്പെടെയുള്ള ഫയല്‍ തയ്യാറാക്കുന്നത്. എന്നാല്‍, ഫയല്‍ വൈകുന്നതാണ് തിരിച്ചടിയാകുന്നത്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കുന്നതിന് കഴിഞ്ഞ ഡിസംബര്‍ 19ന് നടന്ന കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ധ സമിതി അംഗീകാരം നല്‍കിയിരുന്നു. ഇതിനു വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര മന്ത്രി കഴിഞ്ഞ 23ന് അറിയിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫയല്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചതായാണ് നേരത്തെ സാംസ്‌കാരിക വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍, ശിപാര്‍ശ മന്ത്രിസഭക്ക് നല്‍കിയിട്ടില്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഫയല്‍ നീക്കാന്‍ സംസ്ഥാന സര്‍ക്കാറോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ സമ്മര്‍ദം ചൊലുത്തിയിട്ടുമില്ല. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ മലയാളത്തെ ശ്രേഷ്ഠഭാഷയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനം ഉടനെയുണ്ടാകും. തീരുമാനമെടുക്കാന്‍ മന്ത്രിസഭക്ക് മുന്നില്‍ മറ്റ് തടസ്സങ്ങളില്ലെന്നാണ് വിദഗ്ധരുടെയും അഭിപ്രായം.
മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചാല്‍ നൂറ് കോടി രൂപയുടെ സഹായം ഭാഷാ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ഇത്തവണത്തെ ബജറ്റില്‍ ഈ തുക വകയിരുത്തിയിട്ടുമില്ല. കേന്ദ്ര സര്‍ക്കാറിന്റെ മാനദണ്ഡമനുസരിച്ച് രണ്ടായിരം വര്‍ഷം പഴക്കമുള്ള ഭാഷക്കാണ് ക്ലാസിക്കല്‍ പദവി നല്‍കുന്നത്. മലയാളത്തിന് ഇത്രയും പഴക്കമില്ലെന്നായിരുന്നു ഉയര്‍ന്ന വാദം. മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി നല്‍കേണ്ടതില്ലെന്നായിരുന്നു നേരത്തെ സമിതി ശിപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍, ശിപാര്‍ശ അംഗീകരിക്കരുതെന്നും കേരളത്തിന്റെ വാദങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാതെയാണ് ഈ വിലയിരുത്തലെന്നും കാണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര സാംസ്‌കാരിക വകുപ്പിന് നിവേദനം നല്‍കിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ തീരുമാനം പുനഃപരിശോധിക്കാന്‍ സാംസ്‌കാരിക വകുപ്പ് സാഹിത്യ അക്കാദമി വിദഗ്ധ സമിതിയോട് ആവശ്യപ്പെടുകയായിരുന്നു. ചരിത്രകാരനായ എം ജി എസ് നാരായണന്‍, മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലറും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് മലയാളത്തിന്റെ പഴക്കം സംബന്ധിച്ച തെളിവ് നല്‍കിയത്.