Connect with us

Ongoing News

ആര് ജയിച്ചാലും കപ്പില്‍ മലയാളി മുത്തം

Published

|

Last Updated

കൊച്ചി: സന്തോഷ്‌ട്രോഫി ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ന് ആതിഥേയരായ കേരളവും നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസും ഏറ്റുമുട്ടും. വൈകീട്ട് 6.30ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.
പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനു വിരാമം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളം പട്ടാളത്തെ നേരിടാനിറങ്ങുന്നത്. അതോടൊപ്പം കഴിഞ്ഞ തവണ ഒഡീഷയില്‍ സെമിഫൈനലിലേറ്റ പരാജയത്തിന് മധുരപ്രതികാരം വീട്ടുകകൂടി കേരളത്തിന്റെ ലക്ഷ്യമാണ്. സര്‍വീസസിനെ സംബന്ധിച്ചിടത്തോളം കേരളത്തെ തോല്‍പ്പിക്കുക എന്നത് നല്ല രാശിയാണ്. കഴിഞ്ഞ വര്‍ഷം സെമി ജയിച്ച സര്‍വീസസ് കിരീടം നേടിയിരുന്നു.
സന്തോഷ് ട്രോഫിയില്‍ 13-ാം തവണ ഫൈനല്‍ കളിക്കുന്ന കേരളം 2004നുശേഷം ആദ്യമായാണ് കപ്പിനും ചുണ്ടുനുമിടയില്‍. അഞ്ച് തവണ ജേതാക്കളായതാണ് കേരളത്തിന്റെ ചരിത്രമെങ്കില്‍ സര്‍വീസസ് രണ്ടു തവണ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്.
സെമിയില്‍ പൊരുതികളിച്ച മഹാരാഷ്ട്രയെ മുട്ടുകുത്തിച്ചാണ് കേരളം ഫൈനലിലേക്ക് ടിക്കറ്റ് നേടിയത്. ഉസ്മാനും ഷിബിന്‍ലാലുമാണ് സെമിയില്‍ കേരളത്തിനായി ഗോളുകള്‍ നേടിയത്.
പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് സര്‍വീസസ് ഫൈനലിലെത്തിയത്. ലാലിയന്‍ മാവിയ, ധന്‍ജി സിംഗ് എന്നിവരാണ് സര്‍വീസസിന് വേണ്ടി ഗോള്‍ നേടിയത്. കേരളത്തെ കാല്‍ പന്ത് കളിയുടെ ആവേശ നാളുകളിലേക്ക് തള്ളിവിട്ട സന്തോഷ് ട്രോഫി ടൂര്‍ണമെന്റിലെ കലാശപോരാട്ടത്തില്‍ ഏത് ടീം ജയിച്ചാലും സന്തോഷ് ട്രോഫി ഏറ്റുവാങ്ങുന്നത് മലയാളിയായിരിക്കും. കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മൈതാനിയിലിറങ്ങുന്ന സര്‍വീസസിനെ നയിക്കുന്നത് കൊച്ചിക്കാരന്‍ സുമേഷ് ആണ്.
മലയാളികരുത്തില്‍ തന്നെയാണ് പട്ടാളക്കാര്‍ രാഹുലിന്റെ നേതൃത്വത്തില്‍ മൈതാനത്തിറങ്ങുന്ന കേരള ടീമിനെ നേരിടുന്നത്. ക്യാപ്റ്റനു പുറമെ സര്‍വീസസ് ടീമില്‍ ആറു മലയാളികളുണ്ട്. സര്‍വീസസിന്റെ മുന്നേറ്റ നിരയിലെ പ്രധാനിയായ വി വി ഫര്‍ഹാദ്, പ്രതിരോധനിരയിലെ പാലക്കാട്ടുകാരന്‍ റാറി എസ് രാജ്, ദിലീപ് എന്നിവര്‍ക്കുപുറമെ റിയാദ,് കിരണ്‍ വര്‍ഗീസ്,സുജിത് എന്നിവരാണ് മലയാളികള്‍.
സര്‍വീസസ് ടീമിന്റെ പരിശീലകനും മലയാളിയാണ്. ആലപ്പുഴ സ്വദേശിയായ സജിത്ത് കുമാര്‍.

Latest