എണ്ണവില?

Posted on: March 3, 2013 10:39 am | Last updated: March 4, 2013 at 9:57 am
SHARE

SIRAJ.......രണ്ടാഴ്ചക്കിടെ പെട്രോളിന് വീണ്ടും വില വര്‍ധന. ഒരു രൂപ നാല്‍പ്പത് പൈസയാണ് എണ്ണക്കമ്പനികള്‍ വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ കൂട്ടിയത്. കഴിഞ്ഞ പതിനാറിന് ഒന്നര രൂപ വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില 128.57 ഡോളറില്‍ നിന്ന് 131 ആയി ഉയര്‍ന്നതും രുപയുടെ മൂല്യം വീണ്ടും താഴോട്ട് പോയതുമാണ് പുതിയ വര്‍ധനവിന് പറയുന്ന ന്യായീകരണം. എന്നാല്‍, ഈ കണക്ക് ശുദ്ധ അസംബന്ധമാണെന്നും ഫെബ്രുവരി പതിനഞ്ച് വരെ ബാരലിന് 113.86 ഡോളറുണ്ടായിരുന്നത് ഫെബ്രുവരി 28 മുതല്‍ 109.74 ഡോളറായി കുറയുകയാണുണ്ടായതെന്നുമാണ് പ്രതിപക്ഷ കക്ഷികള്‍ പറയുന്നത്.
2010 ജൂണില്‍ പെട്രോള്‍ ഉത്പന്നങ്ങള്‍ക്കുള്ള വിലനിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയതിന് ശേഷമുള്ള 21-ാമത്തെ വര്‍ധനവാണിപ്പോഴത്തേത്. 2004 മേയില്‍ ഒന്നാം യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വില 35.71 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 72.70 രൂപയായി. ഒമ്പത് വര്‍ഷത്തിനകം ഇരട്ടിയിലേറെയാണ് കൂടിയത്. കാര്യങ്ങള്‍ ഈ നിലയില്‍ പോയാല്‍ അടിക്കടി കുതിച്ചുയരുന്ന അവശ്യസാധന വില പിടിച്ചുനിര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം പരാജയപ്പെടുകയും പാവപ്പെട്ടവനും ഇടത്തരക്കാരനും രാജ്യത്ത് ജീവിക്കാന്‍ സാധിക്കാതാകുകയും ചെയ്യും.
എണ്ണ വില വര്‍ധന റിലയന്‍സ് പോലുള്ള സ്വകാര്യ കമ്പനികള്‍ക്കൊപ്പം പൊതുമേഖലാ എണ്ണക്കമ്പനികളുടെയും ലാഭം കുത്തനെ ഉയര്‍ത്തുകയും അത് സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സര്‍ക്കാറിന് ആശ്വാസമേകുകയും ചെയ്യും. ഈ സാഹചര്യത്തില്‍ അടിക്കടിയുണ്ടാകുന്ന വില വര്‍ധനവിന് പിന്നില്‍ സര്‍ക്കാറും എണ്ണക്കമ്പനികളും തമ്മിലുള്ള ഒത്തുകളിയുണ്ടെന്ന സംശയം ന്യായമാണ്. ബജറ്റിന്റെ മുന്നോടിയായി പാര്‍ലിമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയില്‍ പെട്രോള്‍ ഉത്പന്നങ്ങളുടെ സബ്‌സിഡി പൂര്‍ണമായും എടുത്തുകളയണമെന്നു നിര്‍ദേശിച്ചിരുന്നുവെന്ന കാര്യവും ഇതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഈ ഒത്തുകളി അവസാനിപ്പിച്ച് എണ്ണ വില നിര്‍ണയത്തിനുള്ള അധികാരം സര്‍ക്കാര്‍ തിരിച്ചെടുക്കുകയും സാധാരണക്കാരന്റെ ദുസ്സഹമായ ജീവിത ഭാരത്തിനറുതി വരുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു.