Connect with us

Editors Pick

ഭക്ഷ്യ എണ്ണയെ ബയോഡീസലാക്കി പട്ടാമ്പി ഗവ. സംസ്‌കൃത കോളജ്

Published

|

Last Updated

PKD-  pattambiപട്ടാമ്പി: ഭക്ഷ്യ എണ്ണയെ ജൈവ ഡീസലാക്കി മാറ്റി പട്ടാമ്പി ഗവ. സംസ്‌കൃത കോളജ് ഗ്രീന്‍ കെമിസ്ട്രി ഗവേഷണ വിഭാഗം. പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതക്കുറവും വിലക്കയറ്റവും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഭക്ഷ്യ എണ്ണയെ ഡീസലാക്കി മാറ്റുന്ന പൈലറ്റ് പ്ലാന്റ് കോളജില്‍ സജ്ജമായിരിക്കുന്നത്.
ഉപയോഗിച്ച ഭക്ഷ്യ എണ്ണയും ജെട്രോഫ് കാര്‍ക്കസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കാട്ടാവണക്ക് ചെടിയുടെ വിത്തും ഉപയോഗിച്ച് പരിസ്ഥിതിസൗഹൃദ ഇന്ധനമായ ജൈവ ഡീസല്‍ ഉത്പാദിപ്പിക്കുകയും അത് ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ വാഹനം ഓടിക്കുകയും ചെയ്തു. ബയോഡീസല്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നതിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ പ്രൊഫ. എം പി രവീന്ദ്രകുമാര്‍ നിര്‍വഹിച്ചു.
വ്യവസായ ബയോഡീസല്‍ ഉത്പാദിപ്പിക്കാന്‍ ഭക്ഷ്യ എണ്ണയും കാട്ടാവണക്കും ഉപയോഗിക്കുന്നത് ആദ്യമല്ലെങ്കിലും അതിന് സ്വീകരിക്കുന്ന ഹരിത പ്രക്രിയകളാണ് പട്ടാമ്പി കോളജിലെ പരീക്ഷണത്തെ വ്യത്യസ്തമാക്കുന്നത്. കാട്ടാവണക്കിന്റെ വിത്തിനെ ക്രഷറിലിട്ട് അരച്ച് എണ്ണ എടുത്ത് വിവിധ രാസപ്രക്രിയകള്‍ നടത്തി ശുദ്ധീകരിച്ച ശേഷം വീണ്ടും വെള്ളത്തില്‍ കഴുകി വൃത്തിയാക്കി മുഴുവന്‍ പൊടിപടലങ്ങളും കളഞ്ഞാണ് ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. കാട്ടാവണക്ക് ചക്കിലിട്ട് ആട്ടുമ്പോള്‍ ശേഷിക്കുന്ന പിണ്ണാക്ക് പോളിമര്‍ വ്യവസായ രംഗത്ത് ഉപയോഗിക്കുകയാണ്. ഉപയോഗിച്ച ഭക്ഷ്യ എണ്ണയെ അതിലെ കറയും പാടയും കളഞ്ഞ് ശുദ്ധീകരിച്ചാണ് ഉത്പാദനത്തിന് ഒരുക്കുന്നത്.
ബയോഡീസല്‍ ഉത്പാദനത്തിന് എണ്ണയുടെ മെഥനോളിന് പകരം എഥനോള്‍ ഉപയോഗിക്കാനുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ബയോഡീസല്‍ പരിസ്ഥിതി സൗഹൃദ ഇന്ധനമാണെങ്കിലും ഉത്പാദനത്തിന് കാറ്റ്‌ലിസ്റ്റ് അഥവാ ഉത്‌പ്രേരകമായി സാധാരണ സോഡിയം ഹൈഡ്രോക്‌സൈഡാണ് ഉപയോഗിക്കാറുള്ളത്. ഇത് പരിസ്ഥിതിക്ക് ദോഷമാകുന്നതിനാല്‍ ചകിരിയും ഉമിയും ഉപയോഗിച്ചാണ് പട്ടാമ്പിയില്‍ കാറ്റ്‌ലിസ്റ്റ് ചെയ്യുന്നത്. ഇതിന് ചെലവ് കുറയുന്നതോടൊപ്പം ജൈവ ഡീസലിന്റെ കൂടെ ഉപോത്പന്നമായി ഗ്ലിസറോളും ലഭിക്കുന്നു. ഒരു തവണ പതിനഞ്ച് ലിറ്റര്‍ ബയോ ഡീസലാണ് പ്ലാന്റിലെ ഉത്പാദന ശേഷി. ആറ് മണിക്കൂര്‍ വരെ ഉത്പാദനത്തിന് വേണ്ടിവരുന്നുണ്ടെങ്കിലും വ്യവസായ അടിസ്ഥാനത്തിലാകുമ്പോള്‍ രണ്ട് മണിക്കൂര്‍ കൊണ്ട് ഡീസല്‍ ഉണ്ടാക്കാമെന്ന് പ്രോജ്ക്ടിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. എന്‍ എന്‍ ബിനിത പറഞ്ഞു.

കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി 46.69 ലക്ഷം രൂപ ധനസഹായത്തോടെ 2011 ഡിസംബറിലാണ് പരീക്ഷണങ്ങള്‍ തുടങ്ങിയത്. നിലവില്‍ ലിറ്ററിന് 75 രൂപ ചെലവ് വരുമെങ്കിലും ഭാവിയില്‍ ഉത്പാദന ചെലവ് കുറച്ച് ഇതിലും കുറഞ്ഞ നിരക്കില്‍ ബയോഡീസല്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ബിനിത പറഞ്ഞു. പ്രൊജ്കടിന് ഡോ. എം ആര്‍ രശ്മി ഉപനേതൃത്വം വഹിക്കുന്നു. വി വി വിനു ആണ് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ. കെ സി സുധ, പി എന്‍ ദിവ്യ, എസ് നികേഷ്, കെ സി രമണി എന്നിവര്‍ പരീക്ഷണത്തില്‍ പങ്കാളികളായി.