Connect with us

Kozhikode

അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍

Published

|

Last Updated

കോഴിക്കോട്: വീടുകളുടെ മുന്‍വശത്തെ വാതിലുകള്‍ കുത്തിത്തുറന്ന് അകത്തുകടന്ന് മോഷണം നടത്തുന്നത് ശീലമാക്കിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍. കോഴിക്കോട് മായനാട് താഴെചപ്പങ്ങ തോട്ടത്തില്‍ മുഹമ്മദ് സാലു എന്ന ബുള്ളറ്റ് ബാബു (27) വിനെയാണു മെഡിക്കല്‍ കോളജ് പോലീസ് പിടികൂടിയത്. വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറി ഫ്രിഡ്ജിലും മറ്റുമുള്ള ഭക്ഷണവും കഴിച്ച് രക്ഷപ്പെടുന്ന പ്രത്യേകതയുള്ള മോഷ്ടാവാണ് ഇയാളെന്നാണ് പോലീസ് പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 ലധികം വീടുകള്‍ കുത്തിത്തുറന്ന് സാലു മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ വാടകക്കു താമസിക്കുന്ന സാലു ശനിയാഴ്ചകളിലാണു കേരളത്തിലെത്തി മോഷണം നടത്താറുള്ളത്. പൂവാട്ടുപറമ്പിലെ ഒരു വീട്ടില്‍ മോഷണം നടത്താന്‍ പദ്ധതിയിട്ടെത്തിയ ഇയാളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സിറ്റി പോലീസ് കമ്മീഷണര്‍ ജി സപര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നു.

പ്രധാനമായും കോഴിക്കോടാണ് സാലുവിന്റെ മോഷണ കേന്ദ്രം. 20 പവന്‍ ആഭരണങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി സാലു കവര്‍ന്നതായി പോലീസ് പറഞ്ഞു. മോഷ്ടിച്ച സ്വര്‍ണം തമിഴ്‌നാട്ടിലെ വിവിധ ബേങ്കുകളില്‍ പണയം വച്ചാണു സാലു പണം സംഘടിപ്പിക്കുന്നത്. ചീട്ടുകളിക്കുന്നതിനും സ്ത്രീകളുമായി ഉല്ലസിക്കുന്നതിനും പണം കണ്ടെത്താനാണ് ഇയാള്‍ മോഷണം തൊഴിലാക്കിയതെന്നാണ് പോലീസ് പറയുന്നത്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശത്താക്കുകയും പിന്നീട് മോഷ്ടാവെന്ന് പറഞ്ഞ് കയ്യൊഴിയുകയും ഇയാളുടെ രീതിയാണെന്നാണ് പോലീസ് പറയുന്നു.

18-ാം വയസ്സ് മുതല്‍ ഇയാള്‍ മോഷണം തൊഴിലാക്കിയതായാണ് പോലീസ് പറയുന്നത്. ബുള്ളറ്റിനോടുള്ള പ്രിയമാണ് സാലുവിന് സുഹൃത്തുകള്‍ക്കിടയില്‍ ബുള്ളറ്റ് ബാബു എന്ന പേര് ലഭിച്ചത്. കോഴിക്കോട് ജില്ലയില്‍ കോട്ടൂളിയില്‍ നാലിടങ്ങളിലും ചേവായൂര്‍, ചെറുവറ്റ, മെഡിക്കല്‍ കോളജ്, കുറ്റിക്കാട്ടൂര്‍, പെരുവയല്‍, എടവണ്ണപ്പാറ, നല്ലളം, പന്തീരങ്കാവ്, ഫറോക്ക്, രാമനാട്ടുകര, പുളിക്കല്‍, മലപ്പുറത്തെ പട്ടാമ്പി, കരിപ്പൂര്‍ എന്നീ സ്ഥലങ്ങളില്‍ സാലു മോഷണം നടത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് സി ഐ ഉല്ലാസ്, എസ് ഐ പി ആര്‍ സതീശന്‍, സജീവന്‍, രഘുനാഥന്‍, സദാനന്ദന്‍, മനോജ് കുമാര്‍, ബാബുമണാശേരി, കൃഷ്ണന്‍ കുട്ടി എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.