ടി പി വധം: 16ാം സാക്ഷിയെ പ്രതിഭാഗം സ്വാധീനിച്ചതായി പ്രോസിക്യൂഷന്‍

Posted on: March 2, 2013 10:06 am | Last updated: March 3, 2013 at 12:59 pm
SHARE

tpകോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 16-ാം സാക്ഷി വി കെ സുമേഷിനെ പ്രതിഭാഗം സ്വാധീനിച്ചതായി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ അറിയിച്ചു. ഇതിനെതുടര്‍ന്ന് ഇയാളെ വിസ്തരിക്കുന്നത് മാറാട് അഡീഷനല്‍ കോടതി ഈ മാസം ആറിലേക്ക് മാറ്റി. അതിനിടെ കൊലയാളിസംഘം സഞ്ചരിച്ച ഇന്നോവ കാറിന്റെ ഉടമയും കേസിലെ 17-ാം സാക്ഷിയുമായ കെ പി നവീന്‍ദാസിനെ പോലീസ് ഭീഷണിപ്പെടുത്തിയതായി പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞെങ്കിലും അദ്ദേഹം ഇത് നിഷേധിച്ചു.
പോലീസ് പുറപ്പെടുവിച്ച സമന്‍സ് കൈപ്പറ്റാന്‍ സുമേഷ് തയാറായിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. നാലുതറ കോളനി മണ്ണന്‍പറമ്പിലെ സമീറ ക്വാട്ടേഴ്‌സ് എന്ന ഇയാളുടെ വീട്ടില്‍ എത്തിയ പോലീസിന് ആളെ കാണാനായില്ല. വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. വീട് അടഞ്ഞുകിടക്കുകയായിരുന്നു. കോടതിയില്‍ ഹാജരാകണമെന്ന അറിയിപ്പ് വീടിന്റെ ചുമരില്‍ പതിച്ച് പോലീസ് തിരിച്ചു വരികയായിരുന്നു. എന്നാല്‍ ഇന്നലെ നാടകീയമായി സുമേഷ് കോടതിയില്‍ എത്തി. ഇതുവരെ കാണാന്‍ പോലും കഴിയാത്ത സാക്ഷിയെ വിസ്തരിക്കാന്‍ സാധിക്കില്ലെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് ജഡ്ജി ആര്‍ നാരായണപ്പിഷാരടി ഇയാളുടെ വിചാരണ മാറ്റിവെച്ചത്.

പ്രതിഭാഗം അഭിഭാഷകരുടെയും പ്രതികളുടെയും കൂടെയാണ് സുമേഷ് ഇന്നലെ കോടതിയില്‍ എത്തിയത്. സുമേഷിന്റെ പേര് കോടതിയില്‍ നിന്ന് വിളിക്കുകയും ചെയ്തു. എന്നാല്‍ പ്രോസിക്യൂഷന്‍ സുമേഷിനെ തുടക്കത്തില്‍ വിസ്തരിക്കേണ്ടതില്ലെന്ന് വാദിച്ചു. വാഹന ഉടമ നവീന്‍ദാസിനെ ആദ്യം വിസ്തരിക്കാമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ഇത് അംഗീകരിച്ച കോടതി സുമേഷിനോട് പുറത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഉച്ചകഴിഞ്ഞ്് സുമേഷിനെ വിസ്തരിക്കാന്‍ കഴിയുമെന്നാണ് പ്രതിഭാഗം കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ വാഹനം എത്തിച്ചുകൊടുക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സി പി ഹാരിസിനെയാണ് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിസ്തരിച്ചത്. ഹാരിസിന്റെ പ്രോസിക്യൂഷന്‍ വിസ്താരം കഴിഞ്ഞശേഷം പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം നടത്താന്‍ കോടതി നിര്‍ദേശിച്ചെങ്കിലും തങ്ങള്‍ ക്രോസ് വിസ്താരം നടത്തുന്നില്ലെന്ന് പ്രതിഭാഗം അറിയിച്ചതിനെ തുടര്‍ന്ന് ഇത് മാറ്റിവെച്ചു.
അതേസമയം, വധകേസിലെ കൊലയാളിസംഘം സഞ്ചരിച്ച ഇന്നോവകാറിന്റെ ഗ്ലാസുകളിലെ അറബി എഴുത്ത് പറിച്ചുകളഞ്ഞത് താന്‍ തന്നെയാണെന്ന് ഇന്നോവ കാറിന്റെ ഉടമയും ഏഴാം സാക്ഷിയുമായ നവീന്‍ദാസ് മാറാട് കോടതി മുമ്പാകെ ബോധിപ്പിച്ചു. പോലീസ് കസ്റ്റഡിയിലായിരുന്ന അക്രമികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടി ദിവസങ്ങള്‍ക്കകം തന്നെ സ്റ്റിക്കര്‍ സണ്‍ഫിലിം മാറ്റുന്നതിന്റെ ഭാഗമായി പറിച്ചുകളയുകയായിരുന്നു. ഒരേ അര്‍ഥം വരുന്ന വാക്കുകളായിരുന്നോ കാറില്‍ എഴുതിയതെന്ന ചോദ്യത്തിന് തനിക്ക് അറബി വായിക്കാനറിയില്ലെന്നും എഴുതിയ രീതികണ്ടാണ് അറബിയാണെന്ന് തിരിച്ചറിഞ്ഞതെന്നും പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ: പി.വി ഹരിയുടെ ചോദ്യത്തിനു മറുപടിയായി നവീന്‍ദാസ് പറഞ്ഞു. ലൈസന്‍സില്ലാതെ വാഹനങ്ങള്‍ വാടകക്ക് കൊടുക്കുന്നത് തെറ്റാണെന്നറിഞ്ഞുകൂടെയെന്ന പ്രതിഭാഗം ചോദ്യത്തിന് അറിയാമെന്നും പോലീസ് ബോധ്യപ്പെടുത്തിയപ്പോഴാണ് ഇതിന്റെ ഗൗരവം ബോധ്യമായതെന്നും സാക്ഷി അറിയിച്ചു.