Connect with us

Ongoing News

പ്രതിഷേധിക്കാന്‍ എം എന്‍ എസിന് മാര്‍ഗങ്ങള്‍ പലത്‌

Published

|

Last Updated

മുംബൈ: പ്രതിഷേധത്തിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുക പതിവാണ്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് രാജ് താക്കറെയുടെ നേതൃത്വത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം എന്‍ എസ്). പ്രതിഷേധം വിജയിപ്പിക്കാന്‍ കാര്‍ വാങ്ങി കത്തിക്കുകയാണ് എം എന്‍ എസിന്റെ ഇപ്പോഴത്തെ രീതി.
എന്‍ സി പി നേതാവ് അജിത് പവാറിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് രാജ് താക്കറെയുടെ വാഹനത്തിന് നേരെ കല്ലേറ് നടന്നിരുന്നു. ഇതേ തുടര്‍ന്നുണ്ടായ പ്രതിഷേധം വിജയിപ്പിക്കാനാണ് എം എന്‍ എസുകാര്‍ കാര്‍ വാങ്ങി റോഡിലിട്ട് കത്തിച്ചത്. പഴയ മാരുതി 800 കാര്‍ വാങ്ങിയ ശേഷം മുംബൈയിലെ കുര്‍ളക്കു സമീപമുള്ള തിരക്കേറിയ എല്‍ ബി എസ് മാര്‍ഗിലിട്ട് തീവെക്കുകയായിരുന്നു.
കാര്‍ കത്തുന്ന ദൃശ്യം ചാനലുകള്‍ ഉടന്‍ തന്നെ സംപ്രേഷണം ചെയ്തു. ഇതോടെ നഗരത്തിലും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും പ്രതിഷേധം ശക്തമാകുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എം എന്‍ എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വരള്‍ച്ചയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അജിത് പവാര്‍ തയ്യാറാകാത്തതിനെയാണ് രാജ് താക്കറെ വിമര്‍ശിച്ചത്. ഇതേ തുടര്‍ന്നാണ് രാജിന്റെ അകമ്പടി വാഹനങ്ങള്‍ക്ക് നേരെ എന്‍ സി പി പ്രവര്‍ത്തകര്‍ കല്ലേറ് നടത്തുകയും കരിങ്കൊടി കാണിക്കുകയും ചെയ്തത്.

Latest