ബലാത്സംഗം: ദയാഹരജികള്‍ രാഷ്ട്രപതി പരിഗണിക്കരുതെന്ന് പാര്‍ലിമെന്ററി സമിതി

Posted on: March 1, 2013 8:52 pm | Last updated: March 2, 2013 at 3:06 pm
SHARE

ന്യൂഡല്‍ഹി: ബലാത്സംഗ കേസുകളിലും കൊലപാതക കേസുകളിലും പ്രതിയായവരുടെ ദയാഹരജി രാഷ്ട്രപതി പരിഗണിക്കരുതെന്ന് പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശിപാര്‍ശ. ദയാഹരജികളില്‍ മൂന്ന് മാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കണമെന്നും അവ പരിഗണിക്കപ്പെടുകയാണെങ്കില്‍ അതിന്റെ കാരണം പരസ്യമാക്കണമെന്നും സമിതി ഇന്ന് രാജ്യസഭയില്‍ വെച്ച ക്രിമിനല്‍ കുറ്റ ഭേദഗതി ബില്ലില്‍ ആവശ്യപ്പെടുന്നു.
ബലാത്സംഗ കേസുകളില്‍ പ്രതികളായവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവരുടെ പേര് വിവരങ്ങള്‍ പരസ്യമാക്കണം, പീഡനത്തിനിരയായ പെണ്‍കുട്ടി കൊല്ലപ്പെടുകയോ ഗുരുതരമായ അവസ്ഥയില്‍ എത്തിപ്പെടുകയോ ചെയ്താല്‍ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണം തുടങ്ങിയ ശിപാര്‍ശകളും സമിതി മുന്നോട്ടുവെക്കുന്നുണ്ട്.
ബലാത്സംഗ, കൊലപാതക കേസുകളില്‍ പ്രതിയായ നാല് പേരുടെ വധശിക്ഷ മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഇളവ് ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കണമെന്ന് സമിതി ചെയര്‍മാന്‍ വെങ്കയ്യ നായിഡു പറഞ്ഞു. ദയാഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് വൈകിയാല്‍ അത് ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ പ്രതികള്‍ക്ക് കൂടുതല്‍ സമയം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.