പെട്രോള്‍ ലിറ്ററിന് 1.40 പൈസ കൂട്ടി

Posted on: March 1, 2013 6:28 pm | Last updated: March 2, 2013 at 3:06 pm
SHARE

xin_522040517083259358585

ന്യൂഡല്‍ഹി: പെട്രോളിന് രണ്ടാഴ്ചക്കിടെ വീണ്ടും വില വര്‍ധന. ലിറ്ററിന് ഒരു രൂപ നാല്‍പ്പത് പൈസയാണ് ഇത്തവണ വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കനുസരിച്ച് കേരളത്തില്‍ ലിറ്ററിന് 72.70 രൂപ നല്‍കണം. വിവിധ നികുതികള്‍ ഇതിന് പുറമെയുണ്ടാകും. പുതുക്കിയ നിരക്ക് ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ വില വര്‍ധിക്കുക. 75.89 ആയിരുന്നത് 77.66 രൂപയായി ഉയരും. ഡല്‍ഹിയില്‍ ലിറ്ററിന് 70.74 രൂപ നല്‍കണം.
പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയ ശേഷമുള്ള 21-ാമത്തെ വര്‍ധനവാണിത്. രണ്ട് മാസത്തിനിടെ രണ്ടാമത്തേതും. കഴിഞ്ഞ മാസം 16ന് ലിറ്ററിന് ഒന്നര രൂപ വര്‍ധിപ്പിച്ചിരുന്നു. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ മേധാവികള്‍ സംയുക്ത യോഗം ചേര്‍ന്നാണ് വില കൂട്ടാന്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണ വില വര്‍ധനവ് താങ്ങാനാകാത്തതിനാലാണ് വില കൂട്ടുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 128.57 ഡോളറായിരുന്നത് 131 ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് വില കൂട്ടിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 53.43 ല്‍ നിന്ന് 54.15 ആയി കുറഞ്ഞതും വില വര്‍ധിപ്പിക്കാനുള്ള കാരണമായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.
ഫെബ്രുവരി 16 മുതല്‍ പെട്രോള്‍ ലിറ്ററിന് 10. 72 രൂപയുടെ വരുമാന നഷ്ടമാണ് സഹിക്കുന്നതെന്നും വില വര്‍ധന നേരിയ തോതില്‍ നഷ്ടം കുറക്കുമെന്നും കമ്പനികള്‍ പറയുന്നു. 11.26 രൂപ ഡീസലിനും മണ്ണെണ്ണക്ക് 33.43 രൂപയും എല്‍ പി ജിക്ക് സിലിന്‍ഡറിന് 439 രൂപയുമാണ് നഷ്ടം. ഡീസലിനും പാചക വാതകത്തിനും ഉടനെ വില വര്‍ധിപ്പിക്കുമെന്നും കമ്പനികള്‍ സൂചന നല്‍കുന്നു. ഇവയുടെ വില്‍പ്പനയിലൂടെ 86,500 കോടി രൂപയുടെ നഷ്ടമാണുണ്ടാകുന്നത്.
കഴിഞ്ഞ ദിവസത്തെ സാമ്പത്തിക സര്‍വേയും ഇന്ധന വില കൂട്ടുമെന്ന് സൂചന നല്‍കിയിരുന്നു. ബജറ്റ് പ്രഖ്യാപിച്ച് തൊട്ടടുത്ത ദിവസമാണ് വില കൂട്ടിയിരിക്കുന്നത്.