കെ എസ് ആര്‍ ടി സിക്കുള്ള ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന

Posted on: March 1, 2013 3:50 pm | Last updated: March 12, 2013 at 3:42 pm
SHARE

ksrtc1

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് നല്‍കുന്ന ഡീസല്‍ വില ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് ഒരു രൂപ ഇരുപത് പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ വില നേരത്തെ കുത്തനെ കൂട്ടിയതിന് പിന്നാലെയാണ് വീണ്ടും വര്‍ധന വരുത്തിയത്. കെ എസ് ആര്‍ ടി സിക്ക് ഇത് കനത്ത ആഘാതമാകും. പ്രതിദിനം 2.86 ലക്ഷം രൂപ അധികം നല്‍കണം.
ഇന്നലെ ഉച്ചക്ക് ഇന്ധനത്തിന്റെ ബില്‍ വന്നതോടെയാണ് കെ എസ് ആര്‍ ടി സി. എം ഡിയടക്കമുള്ളവര്‍ വില വര്‍ധിപ്പിച്ച കാര്യം അറിഞ്ഞത്. എന്നാല്‍, രണ്ട് ആഴ്ച കൂടുമ്പോള്‍ ഇന്ധനവില പുനഃപരിശോധിക്കുമെന്ന് നേരത്തെ അറിയിച്ചതാണെന്നും അതിനാലാണ് വില വര്‍ധിപ്പിച്ചതെന്നുമാണ് ഐ ഒ സിയുടെ നിലപാട്.
കഴിഞ്ഞ മാസത്തെ കെ എസ് ആര്‍ ടി സിയുടെ വരുമാനം 154.19 കോടി രൂപയാണ്. ഡീസലും ലോണ്‍ തിരിച്ചടവും അടക്കം ചെലവ് 208.01 കോടി രൂപയും. പി എഫ് അടക്കം ആനുകൂല്യങ്ങള്‍ക്ക് മാറ്റി വെക്കേണ്ട തുക കൂടി ചേര്‍ത്താല്‍ കഴിഞ്ഞ മാസം മാത്രം നഷ്ടം 82.47 കോടിയാണ്. സര്‍ക്കാര്‍ സഹായം ഉണ്ടെങ്കില്‍ മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂവെന്നാണ് കെ എസ് ആര്‍ ടി സി നിലപാട്.
പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച കേന്ദ്ര പെട്രോളിയം മന്ത്രിയെ കാണുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗവും ചേരും. ജനുവരിയിലെ പെന്‍ഷന്‍ കെ എസ് ആര്‍ ടി സി ഇനിയും വിതരണം ചെയ്തിട്ടില്ല. പെന്‍ഷന്‍കാരെല്ലാം സമരത്തിലാണ്.
വന്‍കിട കമ്പനികളുടെ ഗണത്തില്‍പ്പെടുത്തി ജനുവരി 18നാണ് കെ എസ് ആര്‍ ടി സിക്ക് നല്‍കുന്ന ഡീസല്‍ വില ലിറ്ററിന് 11.54 രൂപ വര്‍ധിപ്പിച്ചത്. ഇതോടെ പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സി പല സര്‍വീസുകളും വെട്ടിക്കുറച്ചിരുന്നു.
വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് വന്‍കിട ഡീസല്‍ ഉപഭോക്താക്കളില്‍ നിന്ന് ഡീസലിന് വിപണി വില ഈടാക്കാന്‍ തീരുമാനിച്ചതാണ് കെ എസ് ആര്‍ ടി സിക്ക് തിരിച്ചടിയായത്.