Connect with us

Eranakulam

നിരാശപ്പെടുത്തിയ ബജറ്റെന്ന് വ്യവസായികള്‍

Published

|

Last Updated

കൊച്ചി: ധനകാര്യ മന്ത്രി പി ചിദംബരം പാര്‍ലിമെന്റില്‍ അവതരിപ്പിച്ച പൊതു ബജറ്റ് സംസ്ഥാനത്തെ മുന്‍നിര വ്യവസായികളെ നിരാശപ്പെടുത്തി. സാമ്പത്തികമേഖല നിലവില്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങളെ ബജറ്റ് പരാമര്‍ശിച്ചിട്ടില്ലെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് കൊച്ചിയില്‍ സംഘടിപ്പിച്ച ബജറ്റ് വിശകലന പരിപാടിയില്‍ പങ്കെടുത്ത 30 വ്യവസായികളും അഭിപ്രായപ്പെട്ടു.
സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാനോ അതിന്റെ വളര്‍ച്ചക്കോ ആവശ്യമായതൊന്നും ബജറ്റില്‍ പ്രതിഫലിച്ചില്ലെന്ന് സി ഐ ഐ കേരള വൈസ് ചെയര്‍മാന്‍ സി ജെ ജോര്‍ജ് അഭിപ്രായപ്പെട്ടു. അതിസമ്പന്നര്‍ക്ക് നികുതി, കോര്‍പ്പറേറ്റുകള്‍ക്ക് നികുതി തുടങ്ങിയവ ഉത്സാഹം കെടുത്തുന്ന ഫലമാണ് ഉളവാക്കുകയെന്നും കൂട്ടിച്ചേര്‍ത്തു.
മ്യൂച്ചല്‍ ഫണ്ട് ഏജന്റുമാരെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ അംഗങ്ങളാക്കാനുള്ള നിര്‍ദേശം ബജറ്റിലെ അതിശയിപ്പിക്കുന്ന ഒന്നാണ്. കമ്മോഡിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ് കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകളെയും കമ്മോഡിറ്റി വിപണിയെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വനിതകളുടെ ബേങ്ക് ആരംഭിക്കാനുള്ള ശ്രമത്തെ “തലക്കെട്ടിനുള്ള ഇനം” എന്ന രീതിയിലാണ് ഫെഡറല്‍ ബേങ്കിന്റെ ശ്യാം ശ്രീനിവാസന്‍ വീക്ഷിച്ചത്. കര്‍ഷകര്‍ക്കുള്ള വായ്പ സ്വകാര്യബേങ്കുകളിലേക്കും വ്യാപിക്കുന്നത് കേരളം പോലെ സ്വകാര്യ ബേങ്കുകള്‍ ശക്തമായ സംസ്ഥാനത്ത് കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നാളികേര പുനര്‍കൃഷിക്കുള്ള നിര്‍ദേശം കേരളത്തിന് സഹായകമാകുമെന്ന് സ്റ്റെര്‍ലിംഗ് ഫാംസിന്റെ ശിവദാസ് ബി മേനോന്‍ പറഞ്ഞു. ഹാന്‍ഡ്‌മെ യ്ഡ് കയര്‍ കാര്‍പ്പറ്റുകള്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ കയര്‍ വ്യവസായത്തിന് നേട്ടമാകുമെന്നും കൂട്ടിച്ചേര്‍ത്തു.
സി എസ് ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ക്ക് സംഭാവന ചെയ്യാനുള്ള നിര്‍ദേശം ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ക്ക് നേട്ടമായി മാറുമെന്ന് മോബ്മീ മാനേജിംഗ് ഡയറക്ടര്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു.