കേരള സംഗീത- നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Posted on: March 1, 2013 11:01 am | Last updated: April 1, 2013 at 8:06 am
SHARE

തിരുവനന്തപുരം: കേരള സംഗീത-നാടക അക്കാദമിയുടെ 2012ലെ ഗുരുപൂജ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കലാരംഗത്ത് വര്‍ഷങ്ങളുടെ സംഭാവനകള്‍ നല്‍കിയ കലാകാരന്‍മാര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നതെന്ന് അക്കാദമി ചെയര്‍മാന്‍ സുര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു. 7,500 രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്‌കാരം. കഥാപ്രസംഗ രംഗത്ത് മുതുകുളം സോമനാഥും എം കെ സൗദാമിനിയമ്മയും പുരസ്‌കാരത്തിനര്‍ഹരായി.
ഭരതനാട്യരംഗത്തുനിന്നും കലാമണ്ഡലം രാധാമണിയും സപ്തനൃത്തരംഗത്തുനിന്നും കുടമാളൂര്‍ അപ്പുക്കുട്ടനും കേരളനടന രംഗത്തുനിന്നും തകഴി ഓനയും അര്‍ഹരായി. എട്ട്‌പേര്‍ നാടകവേദിയില്‍ നിന്നും ഗുരുപൂജ പുരസ്‌കാരങ്ങള്‍ നേടി. കലാലയം രാധ, കെ പി എ സി തമ്പി, പി എം അബു, എം ടി തമ്പി, കെ പി കണ്ണന്‍മാസ്റ്റര്‍, പി എ എം റഷീദ്, ആശ്രമം ചെല്ലപ്പന്‍, വര്‍ഗീസ് വടശ്ശേരി എന്നിവരാണ് നാടക രംഗത്തുനിന്നുള്ള പുരസ്‌കാര ജേതാക്കള്‍. ഉപകരണ സംഗീതരംഗത്തുനിന്നും മൃദംഗ വിദ്വാന്‍മാരായ കെ പരമേശ്വരന്‍ നമ്പൂതിരിയും വൈക്കം വേണുഗോപാലും പുരസ്‌കാരം നേടി. കലാമണ്ഡലം ഗോപിനാഥ പ്രഭയാണ് ഓട്ടന്‍ തുള്ളല്‍ രംഗത്തുനിന്നും അവാര്‍ഡിനര്‍ഹനായത്.
കോറിയോഗ്രഫിക്കുള്ള പുരസ്‌കാരം നളിനി ചന്ദ്രനും, കൃഷ്ണനാട്ടത്തിന് സി പരമേശ്വരന്‍നായരും, യക്ഷഗാനത്തിന് മാന്യ തിമ്മയ്യയും പ്രക്ഷേപണകലക്ക് എന്‍ എസ് ഐസക്കും അവാര്‍ഡിനര്‍ഹരായി. അക്കാദമിയുടെ സ്വാതി, എസ് എല്‍ പുരം പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഗുരുപൂജ, സ്വാതി, എസ്എല്‍ പുരം പുരസ്‌കാരങ്ങളും അക്കാദമി അവാര്‍ഡുകളും ഫെല്ലോഷിപ്പുകളും മാര്‍ച്ച് 25ന് നടക്കുന്ന ചടങ്ങില്‍ ഒരുമിച്ചു വിതരണം ചെയ്യാന്‍ ശ്രമിക്കുമെന്ന് സൂര്യകൃഷ്ണമൂര്‍ത്തി അറിയിച്ചു. അക്കാദമി സെക്രട്ടറി ഡോ പി വി കൃഷ്ണന്‍നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.