Connect with us

Books

ദേശീയ പുസ്തകോത്സവത്തില്‍ പെണ്‍കരുത്തുമായി 'സമത'

Published

|

Last Updated

തൃശൂര്‍: പ്രസാധകരംഗത്ത് പെണ്‍കരുത്തുമായി ദേശീയപുസ്തകോത്സവത്തില്‍ “സമത”യും. കേരളത്തിലെ സ്ത്രീപക്ഷ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കൂട്ടായ്മയായി 1987-ല്‍ തൃശൂരില്‍ രൂപം കൊണ്ടതാണ് സമത .
പത്ത് വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുശേഷം 1997 ല്‍ സമത നിശ്ശബ്ദമായിരുന്നു. 1988-ല്‍ കോലഴിയില്‍ 10 ദിവസത്തെ പഠനക്കളരി കേരളത്തില്‍ ആദ്യമായി സമതയുടെ കീഴില്‍ നടന്നു. പ്രൊഫ ഗംഗാധരന്‍, എന്‍ കെ ഗീത എന്നിവരായിരുന്നു അതിന്റെ ഡയറക്ടര്‍മാര്‍. 2010 നവംബര്‍ 1ന് കേരളപ്പിറവിദിനത്തില്‍ സമത എ കലക്ടീവ് ഫോര്‍ ജന്‍ഡര്‍ ജസ്റ്റിസ് എന്ന പേരില്‍ സമത പ്രവര്‍ത്തനം പുനരാരംഭിച്ചു.ലോകചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ സ്ത്രീപോരാളികളെ അടുത്തറിയുന്നതിനും സ്ത്രീസമരങ്ങളെയും മുന്നേറ്റങ്ങളേയും മനസ്സിലാക്കുന്നതിനും പഴയകാല പോരാളികളായ അമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കി സമത പ്രവര്‍ത്തിക്കുന്നു. തിയേറ്റര്‍ വര്‍ക്ക്‌ഷോപ്പ്, ഡോക്യുമെന്ററി ഫെസ്റ്റിവെല്‍, വിവിധ ചെയറുകള്‍, വീഡിയോ ഫിലിം തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തനം സജീവമാക്കാനും ശ്രമം നടക്കുന്നുണ്ട്.

11 എഴുത്തുകാരുടെ 400 -ഓളം വരുന്ന സ്ത്രീപക്ഷ പുസ്തകങ്ങളാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. ചരിത്രം തമസ്‌കരിച്ച സ്ത്രീകളെപ്പറ്റിയുള്ള ഒരു വായനയാണ് സമത ലക്ഷ്യമിടുന്നതെന്ന് സമത മാനേജിംഗ് ട്രസ്റ്റിയായ പ്രൊഫസര്‍ ടി എ ഉഷാകുമാരി പറഞ്ഞു. കെ ദേവയാനിയുടെ ചോരയും കണ്ണീരും നനഞ്ഞ വഴികള്‍, വംഗാരി മാതായിയുടെ കബനി വിവര്‍ത്തനം ചെയ്ത തലകുനിക്കാത്ത ഒരു പെണ്ണിന്റെ ആത്മകഥ, രാജന്‍ തുവ്വാര വിവര്‍ത്തനം ചെയ്ത ഞാന്‍ സഫിയ, ചെഗുവേര എന്റെ ജീവിത സഖാവ്, എ കൃഷ്ണകുമാരിയുടെ സമരപഥങ്ങളിലെ പെണ്‍പെരുമ തുടങ്ങിയവ സമത പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ചിലതാണ്.
സ്ലാറ്റയുടെ ഡയറിക്കുറിപ്പുകള്‍, പെണ്ണരങ്ങ് കാലാന്തരയാത്രകള്‍, മണല്‍ത്തിരകള്‍, കിഴക്കിന്റെ പുത്രി (ബേനസീര്‍ ഭൂട്ടോയുടെ ആത്മകഥ), ചുകന്ന റോസ ധൈഷണിക നക്ഷത്രം, കാട് ഒരു മഹാഗുരു, തൃശ്ശിവപേരൂരിന്റെ നവോത്ഥാന ഗാഥകള്‍, ഞാന്‍ റീഗോ ബര്‍ത്ത മെഞ്ചു തുടങ്ങിയവ സമതയിലൂടെ വെളിച്ചം കാണാനിരിക്കുന്ന പുസ്തകങ്ങളാണ്.
പ്രൊഫസര്‍ ലളിതാ ലെനിന്‍ ആണ് സമതയുടെ ചെയര്‍പേഴ്‌സണ്‍. 29 സ്ത്രീകളാണ് സമതയില്‍ ഇപ്പോളുള്ളത്. പുസ്തകോത്സവങ്ങളിലും ബഹുജന-സാംസ്‌കാരിക സംഘടനകളുടെ സമ്മേളനവേദികളിലും സമത പുസ്തകങ്ങള്‍ പ്രചരിപ്പിച്ചു വരുന്നു.