Connect with us

International

ഷാവേസിന്റെ നില ഗുരുതരം

Published

|

Last Updated

കാരക്കാസ്: വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ നില അതീവ ഗുരുതരം. ക്യാന്‍സര്‍ ബാധിതനായ ഷാവേസ് ക്യൂബയിലെ ചികിത്സക്കു ശേഷം നാട്ടില്‍ തിരിച്ചെത്തിയിരുന്നു. തുടര്‍ന്ന് പത്ത് ദിവസം മുമ്പ് കാരക്കാസ് മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് വൈസ് പ്രസിഡന്റ് നിക്കോളാസ് മദൂറോ ആണ് അറിയിച്ചത്. എന്നാല്‍, ഇതേക്കുറിച്ച് അദ്ദേഹം കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഷാവേസിന് ശ്വാസകോശത്തില്‍ അണുബാധയുണ്ടെന്ന് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
ഷാവേസ് ജിവനുവേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണെന്നും സങ്കീര്‍ണമായ അവസ്ഥയിലൂടെയാണ് അദ്ദേഹം കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും ദേശീയ ടെലിവിഷനിലൂടെ വൈസ് പ്രസിഡന്റ് വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബര്‍ 11ന് ക്യൂബയില്‍ നാലാം ഘട്ട ശസ്ത്രക്രിയക്ക് ശേഷം ഷാവേസ് പൊതുജനമധ്യത്തില്‍ വരികയോ മാധ്യമങ്ങളിലൂടെ സംവദിക്കുകയോ ചെയ്തിട്ടില്ല. ഹവാനയിലെ ആശുപത്രിയില്‍ കഴിയുമ്പോള്‍ മക്കളൊടൊപ്പമുള്ള അദ്ദേഹത്തിന്റെ ഏതാനും ചിത്രങ്ങള്‍ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. ക്യൂബയിലെ രണ്ട് മാസം നീണ്ട ചികിത്സക്കു ശേഷം കഴിഞ്ഞ 18നാണ് അദ്ദേഹം നാട്ടില്‍ മടങ്ങിയെത്തിയത്.

Latest