മാഞ്ചസ്റ്റര്‍ യൂനൈറ്റഡ്-ചെല്‍സി ക്വാര്‍ട്ടര്‍

Posted on: March 1, 2013 8:26 am | Last updated: March 10, 2013 at 11:26 am
SHARE

fa-cup-logo11ലണ്ടന്‍: രണ്ടാം ഡിവിഷന്‍ ക്ലബ്ബായ മിഡില്‍സ്ബറോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ചെല്‍സി എഫ് എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിലേക്ക് കുതിക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് ക്വാര്‍ട്ടറില്‍ ചെല്‍സിയുടെ പ്രതിയോഗി. രണ്ടാം പകുതിയില്‍ റാമിറെസും വിക്ടര്‍ മോസസുമാണ് ചെല്‍സിയുടെ ഗോളുകള്‍ നേടിയത്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടേറ്റ തോല്‍വിയുടെ നിരാശ മറികടക്കുന്നതായിരുന്നു ചെല്‍സിയുടെ പ്രകടനം. സിറ്റിയോട് പരാജയപ്പെട്ട ടീമില്‍ എട്ട് മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് റാഫേല്‍ ബെനിറ്റസ് ചെല്‍സിയെ ഗ്രൗണ്ടിലിറക്കിയത്.
സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെര്‍നാന്‍ഡോ ടോറസും നായകന്‍ ജോണ്‍ ടെറിയും ആദ്യ ലൈനപ്പില്‍ തിരിച്ചെത്തി. ഓസ്‌കര്‍-മോസസ് സഖ്യം മിഡില്‍സ്ബറോ പ്രതിരോധത്തിലേക്ക് നിരന്തരം തുളച്ചു കയറി. ആദ്യപകുതിയുടെ അന്ത്യനിമിഷത്തില്‍ മിഡില്‍സ്ബറോ വിംഗര്‍ മുസ്തഫ കരയോളിന്റെ ഷോട്ട് തടഞ്ഞ് ചെല്‍സി ഗോളി പീറ്റര്‍ ചെക് സഹതാരങ്ങളെ ഉണര്‍ത്തി.
രണ്ടാം പകുതി, ആറ് മിനുട്ടിലെത്തിയപ്പോള്‍ ഇസ്രാഈല്‍ താരം യോസി ബെനായോന്റെ പാസില്‍ ബ്രസീല്‍ താരം റാമിറെസ് മിഡില്‍സ്ബറോ ഗോളി ജാസന്‍ സ്റ്റീലിനെ കീഴടക്കി. ടോറസിന്റെ ഷോട്ടും ടെറിയുടെ ഹെഡ്ഡറും തടഞ്ഞ് ജാസന്‍ സ്റ്റീലെ സഹതാരങ്ങളെ പ്രചോദിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ബെനായോന് പകരമെത്തിയ ബെല്‍ജിയം സ്‌ട്രൈക്കര്‍ എദെന്‍ ഹസാദ് രണ്ടാം ഗോളിന് വഴിവെട്ടി. ഓസ്‌കറുമായി മനോഹരമായി കൈമാറി വന്ന പാസിംഗ് ഗെയിം വിക്ടര്‍ മോസസിന് ഗോളൊരുക്കി.
ഫ്രഞ്ച് കപ്പ്: ഇബ്രായുടെ ഡബിളില്‍ പി എസ് ജി കുതിച്ചു
പാരിസ്: സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിചിന്റെ ഗോളടി മികവില്‍ പാരിസ് സെയിന്റ് ജെര്‍മെയിന്‍ ഫ്രഞ്ച് കപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലിലേക്ക് മുന്നേറി. ഒളിമ്പിക് മാര്‍സെയ്‌ലിയെ പി എസ് ജി എതിരില്ലാത്ത രണ്ട്‌ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ ഇബ്രാഹിമോവിചിന്റെ വകയായിരുന്നു ഗോളുകള്‍. മുപ്പതാം മിനുട്ടിലും അറുപത്തിമൂന്നാം മിനുട്ടിലുമാണ് സ്‌കോറിംഗ്. സീസണില്‍ മാഴ്‌സെയ്‌ലിക്കെതിരെ ഇബ്രാഹിമോവിച് മൂന്ന് മത്സരങ്ങള്‍ക്കിറങ്ങിയപ്പോള്‍ അഞ്ച് ഗോളുകള്‍ നേടി. പി എസ് ജിയില്‍ ആദ്യമായി സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഇടം നേടിയ ഡേവിഡ് ബെക്കാം 86 മിനുട്ട് വരെ കളത്തിലുണ്ടായിരുന്നു.
ഡീപ് മിഡ്ഫീല്‍ഡ് പൊസിഷനില്‍ ആദ്യപകുതിയില്‍ മികച്ച പ്രകടനമാണ് ബെക്കാം കാഴ്ചവെച്ചത്. ക്ലിനിക്കല്‍ ക്രോസ് പാസുകളിലൂടെ ബെക്കാം തന്നിലെ പ്രതിഭ വറ്റിയിട്ടില്ലെന്ന് തെളിയിച്ചു.
ബയേണ്‍ മ്യൂണിക് സെമിയില്‍
ബയേണ്‍: ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ബയേണ്‍ മ്യൂണിക് ജര്‍മന്‍ ലീഗ് കപ്പ് സെമിഫൈനലില്‍. ഇതോടെ, സീസണില്‍ മൂന്ന് കിരീടങ്ങള്‍ എന്ന ബയേണിന്റെ സ്വപ്‌നങ്ങള്‍ക്ക് സാധ്യതയേറി. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ പതിനെട്ട് പോയിന്റെ വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബയേണ്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സണലിനെതിരെ ആദ്യ പാദം ജയിച്ചിട്ടുണ്ട്.
ഡച്ച് വിംഗര്‍ ആര്യന്‍ റോബന്റെ ഗോളിലാണ് ബയേണ്‍ കിംഗ്‌സ് കപ്പില്‍ സെമിയിലേക്ക് മുന്നേറിയത്. മറ്റൊരു മത്സരത്തില്‍ മെയിന്‍സിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്ന് ഫ്രീബര്‍ഗും സെമിയിലെത്തി.
റയല്‍-അത്‌ലറ്റികോ ഫൈനല്‍
മാഡ്രിഡ്: സ്പാനിഷ് കിംഗ്‌സ് കപ്പ് ഫൈനലില്‍ മാഡ്രിഡ് ക്ലബ്ബുകളായ അത്‌ലറ്റികോയും റയലും തമ്മിലുള്ള പോരിന് വേദിയൊരുങ്ങി. രണ്ടാം സെമിഫൈനലില്‍ അത്‌ലറ്റികോ മാഡ്രിഡ് ഇരുപാദത്തിലുമായി 4-2ന് സെവിയ്യയെ കീഴടക്കി. സെവിയ്യയുടെ തട്ടകത്തില്‍ നടന്ന രണ്ടാം പാദം 2-2ന് സമനിലയായി. ആദ്യ പാദം ഹോംഗ്രൗണ്ടില്‍ 2-1ന് അത്‌ലറ്റികോ ജയിച്ചിരുന്നു.
ഡിയഗോ കോസ്റ്റയും റഡാമെല്‍ ഫാല്‍കോയുമാണ് രണ്ടാം പാദത്തില്‍ അത്‌ലറ്റികോയുടെ ഗോളുകള്‍ നേടിയത്. ആദ്യ പാദത്തില്‍ കോസ്റ്റ പെനാല്‍റ്റിയിലൂടെ രണ്ട് ഗോളുകള്‍ നേടിയിരുന്നു.
സ്പാനിഷ് കപ്പില്‍ ഏഴ് ഗോളുകളോടെ ടോപ് സ്‌കോറര്‍ സ്ഥാനത്താണ് ഡിയഗോ കോസ്റ്റ. ആറ് ഗോളുകളുമായി റയലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സെവിയ്യയുടെ അല്‍വാരോ നെഗ്രഡോയും പിറകില്‍.
റയല്‍മാഡ്രിഡ് ഫൈനലില്‍ എത്തിയ സ്ഥിതിക്ക് ഡിയഗോ കോസ്റ്റയുടെ ടോപ് സ്‌കോറര്‍ സ്ഥാനത്തിന് വെല്ലുവിളിയുണ്ട്. സെമിയില്‍ ബാഴ്‌സക്കെതിരെ രണ്ട് ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തകര്‍പ്പന്‍ ഫോമിലാണ്.
പി എസ് വി ഫൈനലില്‍
റൊട്ടര്‍ഡം: തുടരെ രണ്ടാം വര്‍ഷവും പി എസ് വി ഐന്തോവന്‍ ഡച്ച് കപ്പ് ഫൈനലില്‍. നിലവിലെ ചാമ്പ്യന്‍മാരായ പി എസ് വി മെയ് ഒമ്പതിന് റോട്ടര്‍ഡമില്‍ നടക്കുന്ന കലാശപ്പോരില്‍ അല്‍കമാറിനെ നേരിടും. സെമിഫൈനലില്‍ പി എസ് വി 3-0ന് സ്വൊല്ലെയെ കീഴടക്കി.
ടീനേജ് സ്‌ട്രൈക്കര്‍ യുര്‍ഗന്‍ ലൊകാഡിയ ഹാട്രിക്ക് നേടി. പതിനാറാം മിനുട്ടില്‍ യുര്‍ഗന്‍ നേടി യ ലീഡ് ഗോള്‍ പി എസ് വിക്ക് വ്യക്തമായ ആധിപത്യം സാധ്യമാക്കിയെന്ന് പി എസ് വി കോച്ച് ഡിക്ക് അഡ്വക്കറ്റ് നിരീക്ഷിച്ചു.
ലീഗില്‍ തപ്പിത്തടയുന്ന അല്‍ക്മാര്‍ സെമിയില്‍ അയാക്‌സിനെയാണ് അട്ടിമറിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം. അവസാന പതിനാറ് മിനുട്ടിലായിരുന്നു മൂന്ന് ഗോളുകളും. ജോസി ആള്‍ട്ടിഡോറാണ് ആദ്യ ഗോള്‍ നേടിയത്. 88താം മിനുട്ടില്‍ ജോഹന്‍ ഗുഡ്മുന്‍ഡ്‌സ് ഗോളൊരുക്കിയ ജോസി സ്റ്റേപ്പേജ് ടൈമില്‍ സൂപ്പര്‍ ലോബ് ഗോളിലൂടെ ജയം ഗംഭീരമാക്കി. മുപ്പത് വാര അകലെ നിന്നായിരുന്നു ജോസിയുടെ ലോബ് വലയിലെത്തിയത്.