Connect with us

Ongoing News

കേരളം ഫൈനലില്‍

Published

|

Last Updated

കൊച്ചി;മഹാരാഷ്ട്രയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി കേരളം സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. എക്‌സ്ട്രാ ടൈം അവസാനിക്കാന്‍ അഞ്ച് മിനുട്ട് ബാക്കി നില്‍ക്കുമ്പോള്‍ മാന്‍ ഓഫ് ദ മാച്ച് ഷിബിന്‍ലാലാണ് സുന്ദരമായ ഒരു ഷോട്ടിലൂടെ കേരളത്തിന്റെ വിജയഗോള്‍ നേടിയത്. 54ാം മിനുട്ടില്‍ പെനാല്‍റ്റി കിക്കിലൂടെ ഉസ്മാന്‍ കേരളത്തെ മുന്നിലെത്തിച്ചപ്പോള്‍ 70ാം മിനുട്ടില്‍ ലാല്‍രംപൂയയിലൂടെ മഹാരാഷ്ട്ര സമനില നേടി.

2005ല്‍ കൊച്ചിയില്‍ മഹാരാഷ്ട്രയോട് സെമിഫൈനലില്‍ തോറ്റ കേരളത്തിന് ഇന്നലെ നേടിയ വിജയം മധുരപ്രതികാരമായി. 21ാമത് തവണ സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിഫൈനലിലെത്തിയ കേരളം 13ാം തവണയാണ് ഫൈനലിന് യോഗ്യത നേടുന്നത്. അഞ്ച് തവണ ചാമ്പ്യന്‍മാരായി. ആറാം കിരീടം ലക്ഷ്യമിട്ട് മറ്റന്നാള്‍ കളത്തിലിറങ്ങും.
പലഘട്ടങ്ങളിലും കേരളത്തേക്കാള്‍ ആസൂത്രണത്തിലും പാസിംഗിലും മികവ് പ്രകടിപ്പിച്ച മഹാരാഷ്ട്ര നിര്‍ണായക ഘട്ടത്തില്‍ പിന്നോക്കം പോയി. ആദ്യ മിനിറ്റു മുതല്‍ തന്നെ കേരളം ആക്രമിച്ചു കളിച്ചു. കളി തുടങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇടതുവിംഗിലൂടെ മുന്നേറി കണ്ണന്‍ നല്‍കിയ പാസ് സ്വീകരിച്ച ഉസ്മാന്‍ നെറ്റിലേക്ക് നിറയൊഴിച്ചെങ്കിലും ഗോളി തട്ടിയകറ്റി. 11ാം മിനുട്ടില്‍ ഉസ്മാന്‍ മഹാരാഷ്ട്രയുടെ പ്രതിരോധനിരയെ മുറിച്ചു കടന്ന് ഗോള്‍ മുഖത്തേക്ക് അളന്നു നല്‍കിയ പാസ് കണ്ണന് കണക്ട് ചെയ്യാന്‍ കഴിയും മുമ്പെ മഹാരാഷ്ട്ര ഡിഫന്‍ഡര്‍മാര്‍ തട്ടിയകറ്റി. അടുത്ത മിനുട്ടില്‍ കണ്ണന് ലഭിച്ച ഒരു പാസ് ഗോള്‍വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
കേരള ഗോള്‍മുഖം ലക്ഷ്യമാക്കി മഹാരാഷ്ട്ര ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോളി ജീന്‍ക്രിസ്റ്റിയന് വെല്ലുവിളിയായില്ല. 38ാം മിനുട്ടില്‍ ഉസ്മാന്‍ നടത്തിയ കുതിപ്പില്‍ മഹാരാഷ്ട്രയുടെ പ്രതിരോധം കീറിമുറിഞ്ഞെങ്കിലും ഒഴിഞ്ഞു കിടന്ന ഗോള്‍ മുഖത്തേക്ക് ഉസ്മാന്‍ നല്‍കിയ പാസ് കണക്ട് ചെയ്യാന്‍ ആരുമില്ലാതെ പോയി. എന്നാല്‍, ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ മഹാരാഷ്ട്രയുടെ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ കണ്ടു. രണ്ടാം പകുതിയില്‍ സന്ദര്‍ശക നിരയില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ പ്രതീക്ഷിക്കണമെന്ന കരുതല്‍ കേരള നിരക്ക് ലഭിച്ചു.
രണ്ടാം പകുതിയുടെ ഒമ്പതാം മിനിറ്റില്‍ ഉസ്മാന്‍ ഉജ്വമായ ഒരു പെനല്‍റ്റി കിക്കിലൂടെ കേരളത്തെ മുന്നിലെത്തിച്ചു. അഹമ്മദ് മാലിക്കിന്റെ ഗോളെന്നുറപ്പിച്ച ഒരു തകര്‍പ്പന്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടി മടങ്ങുന്നതിനിടെയുണ്ടായ ഫൗളില്‍ നിന്നാണ് പെനാല്‍റ്റി കിക്ക് പിറന്നത്. ഗോള്‍ വീണതോടെ കേരളത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച കൈവന്നു. എന്നാല്‍ ഒത്തിണക്കം നഷ്ടപ്പെട്ട ഗെയിം കേരളത്തിന് മുന്‍തൂക്കം നേടാനുള്ള അവസരം നിഷേധിച്ചു. രണ്ടാം പകുതിയുടെ 25ാം മിനുട്ടില്‍ മഹാരാഷ്ട്ര ഗോള്‍ മടക്കി. മുന്നേറ്റ നിരയില്‍ പൊരുതിക്കളിച്ച ലാല്‍രംപൂയിയയാണ് സമനില ഗോള്‍ നേടിയത്. പെനാല്‍റ്റി ബോക്‌സിന് പുറത്ത് 20 മീറ്റര്‍ അകലെ നിന്ന് ലാല്‍ തൊടുത്തുവിട്ട അളന്നു കുറിച്ച ഷോട്ട് ഗോളിയുടെ തലക്ക് മുകളിലൂടെ നെറ്റിലേക്ക് തുളച്ചുകയറി.
സമനില ഗോള്‍ നേടിയതോടെ മഹാരാഷ്ട്ര കൂടുതല്‍ ഒത്തിണക്കത്തോടെ നടത്തിയ മുന്നേറ്റങ്ങള്‍ കേരളത്തിന്റെ പ്രതിരോധ നിരക്ക് തുടരെ വെല്ലുവിളിയുയര്‍ത്തി. ഇതിനിടെ കണ്ണന്‍ പരിക്കേറ്റ് പുറത്തായത് കേരളത്തിന്റെ മുന്നേറ്റങ്ങളെ ബാധിച്ചു. അനസിന് പകരം അന്‍സാരി ഇറങ്ങിയതോടെ മഹാരാഷ്ട്രയുടെ മുന്നേറ്റങ്ങള്‍ കൂടുതല്‍ ലക്ഷ്യബോധവും ഒത്തിണക്കവും മൂര്‍ച്ചയുമുള്ളതായി.
ഉസ്മാന്റെ ചടുലമായ ചിലനീക്കങ്ങളൊഴിച്ചാല്‍ കേരളത്തിന്റെ ഭാഗത്തു നിന്ന് പിന്നീട് ശ്രദ്ധേയമായ മുന്നേറ്റങ്ങളുണ്ടായില്ല. കേരളത്തിന്റെ പ്രതിരോധനിരയിലെ ദര്‍ബല്യങ്ങള്‍ തുറന്നു കാട്ടുന്ന ചില നീക്കങ്ങള്‍ അവസാന നിമിഷം മഹാരാഷ്ട്രയുടെ ഭാഗത്തു നിന്നുണ്ടായി.
എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയില്‍ കേരളത്തിന്റെ ശക്തമായ ചില മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും ഒത്തിണക്കത്തിന്റെ കുറവ് ഫിനിഷിംഗില്‍ പ്രതിഫലിച്ചു. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ വിജയദാഹത്തോടെ കളിക്കുന്ന കേരളത്തെയാണ് കണ്ടത്. കളി അവസാനിക്കാന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കിയിരിക്കെ ഷിബിന്‍ലാലിലൂടെ കേരളം ലീഡ് തിരിച്ചു പിടിച്ചപ്പോള്‍ വിജയം ഉറപ്പിച്ച സ്റ്റേഡിയം പൊട്ടിത്തെറിക്കുക തന്നെ ചെയ്തു. മഹാരാഷ്ട്രയുടെ ഭാഗത്ത് നിന്നുണ്ടായ ഒരു മിസ് പാസില്‍ നിന്നാണ് ഷിബിന്‍ലാലും ഉസ്മാനും ചേര്‍ന്ന് ഗോളവസരം തുറന്നത്. അവസാന നിമിഷങ്ങളില്‍ ഗോള്‍ തിരിച്ചടിക്കാന്‍ മഹാരാഷ്ട്ര കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ മുഴുവന്‍ കളിക്കാരും പ്രതിരോധത്തിനിറങ്ങിയതോടെ അവരുടെ നീക്കങ്ങള്‍ വിഫലമായി. ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ മൈതാനം കൈയടക്കിയ കാണികള്‍ കളിക്കാരെ എടുത്തുയര്‍ത്തിയാണ് ആവേശം പങ്കുവെച്ചത്.
ഇന്ന് നടക്കുന്ന സര്‍വീസസ്-പഞ്ചാബ് സെമിഫൈനല്‍ വിജയികളെയാണ് മറ്റന്നാള്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ കേരളം നേരിടുക. ഏഴു മലയാളികളടങ്ങിയ സര്‍വീസസ് ടീമിനെ കൊച്ചി തേവര സ്വദേശി സുമേഷാണ് നയിക്കുന്നത്. പോയ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ കൂടുതല്‍ ഗോളുകള്‍ നേടി മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് സ്വദേശി ഫര്‍ഹാദ് തന്നെയാണ് ടീമിന്റെ കുന്തമുന. ഒരു ഹാട്രിക്കടക്കം ടൂര്‍ണമെന്റില്‍ ഇതുവരെ നാലു ഗോളുകള്‍ ഫര്‍ഹദ് നേടിയിട്ടുണ്ട്. മറ്റൊരു മുന്നേറ്റ താരമായ എല്‍.മോയയാണ് ഗോളടിക്കാന്‍ ഫര്‍ഹദിന് കൂട്ട്. ദിലീപ്, എസ്.രാരി, കിരണ്‍ വര്‍ഗീസ്, സുജിത്ത്, പി റിയാദ് എന്നിവരാണ് ടീമിലെ മറ്റു മലയാളികള്‍. നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ സര്‍വീസ് രണ്ടു തവണ കിരീടം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തമിഴ്‌നാടിനെ 3-2ന് തോല്‍പ്പിച്ചാണ് സര്‍വീസസ് കിരീടം ചൂടിയത്. അവസാന ക്വാര്‍ട്ടറില്‍ രണ്ടു ഗോളുകള്‍ നേടി കര്‍ണാടകയെ ഏകപക്ഷീയമായി തകര്‍ത്താണ് പഞ്ചാബ് സെമിഫൈനലില്‍ കടന്നത്. മത്സരിച്ച അഞ്ച് കളിയും പഞ്ചാബ് വിജയിച്ചു.