Connect with us

National

ഹൈദരാബാദ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഭട്കലെന്ന് എന്‍ ഐ എ

Published

|

Last Updated

ഹൈദരാബാദ്: ദില്‍സൂഖ് നഗറിലെ ഇരട്ട സ്‌ഫോടനത്തില്‍ ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസീന്‍ ഭട്കലിന് നേരിട്ട് പങ്കുള്ളതായി ദേശീയ അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. ഇന്നലെ ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ 21 ന് സ്‌ഫോടനം നടക്കുമ്പോള്‍ ഭട്കല്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് പറയുന്നത്.
വെങ്കിടാദ്രി തിയറ്ററിന് സമീപം രണ്ടാമത്തെ സ്‌ഫോമടനം നടക്കുന്ന സമയത്താണ് ഭട്കല്‍ ഇവിടെയുണ്ടായിരുന്നത്. സി സി ടി വി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണെന്നും എന്‍ ഐ എയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൂന്ന് പേരാണ് സ്‌ഫോടനത്തില്‍ പങ്കെടുത്തത്. മറ്റ് രണ്ട് പേര്‍ സഹായവുമായി കൂടെനിന്നു.
അതിനിടെ, സ്‌ഫോടനത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നാല്‍ഗോണ്ടയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ പാണ്ഡുരംഗ റെഡ്ഢി, ഹൈദരാബാദിലെ എം ബി എ വിദ്യാര്‍ഥി രവികുമാര്‍ എന്നിവരുടെ നിലയാണ് വഷളായത്. പാണ്ഡുരംഗയുടെ കാലുകളും കാഴ്ചയും നഷ്ടപ്പെട്ടിട്ടുണ്ട്. രവികുമാറിനെ ഇതിനകം മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കി.
സ്‌ഫോടനത്തെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ വിപുലപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നഗരത്തില്‍ 3,500 സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കും. ഷോപ്പിംഗ് മാളുകള്‍, സിനിമാ തിയറ്ററുകള്‍, അമ്പലങ്ങള്‍, പാര്‍ക്കുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും ഇത് സ്ഥാപിക്കുക.

Latest