Connect with us

International

വന്‍കരകളില്‍

Published

|

Last Updated

പശ്ചിമേഷ്യ
ഇറാന്‍ ചര്‍ച്ചക്ക് ശുഭപ്രതീക്ഷ
അല്‍മാട്ടി: അന്താരാഷ്ട്ര ശക്തികളും ഇറാനും കസാഖിസ്ഥാനിലെ അല്‍മാട്ടിയില്‍ നടത്തിയ ചര്‍ച്ച ശുഭപ്രതീക്ഷയോടെ സമാപിച്ചു. ഇറാന്റെ ആണവ സമ്പുഷ്ടീകരണം നിയന്ത്രണ വിധേയമാക്കാനാണ് അന്താരാഷ്ട്ര ശക്തികള്‍ ഇറാനുമായി ചര്‍ച്ച നടത്തിയത്. വഴിത്തിരിവെന്നാണ് ഇറാന്‍ നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ചയെ വിശേഷിപ്പിച്ചത്. ഇറാന്‍ ദേശീയ സുരക്ഷാ സെക്രട്ടറി സഈദ് ജലീലിയുടെ നേതൃത്വത്തിലുള്ള നയതന്ത്ര പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കഴിഞ്ഞ കാലങ്ങളില്‍ അന്താരാഷ്ട്ര ശക്തികള്‍ സ്വീകരിച്ച നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തുനിഞ്ഞത് യാഥാര്‍ഥ്യ ബോധത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു. ഉപരോധ നടപടികളില്‍ വിട്ടുവീഴ്ച ചെയ്യുന്നതിനെക്കുറിച്ചും സൂചന നല്‍കിയിട്ടുണ്ട്. ഇറാന്‍ ആണവ സമ്പുഷ്ടീകരണം 20 ശതമാനമായി കുറക്കണമെന്നാണ് ലോക ശക്തികള്‍ മുന്നോട്ട് വെച്ച പ്രധാന ആവശ്യം. മാര്‍ച്ച് പകുതിയില്‍ ഇസ്താംബൂളില്‍ സങ്കേതിക വിദഗ്ധരുമായും ഏപ്രില്‍ അഞ്ചിന് അല്‍മാട്ടിയില്‍ നയതന്ത്ര പ്രതിനിധികളുമായും ചര്‍ച്ച നടത്താമെന്ന തീരുമാനത്തിലാണ് രണ്ട് ദിവസത്തെ ചര്‍ച്ച സമാപിച്ചത്.

ഇറാഖ്-കുവൈത്ത് വിമാന സര്‍വീസ് പുനരാരംഭിച്ചു
ബഗ്ദാദ്: 1990 ലെ സദ്ദാം ഹുസൈനിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് അധിനിവേശത്തിന് ശേഷം നിര്‍ത്തിവെച്ചിരുന്ന ഇറാഖ്-കുവൈത്ത് വിമാന സര്‍വീസ് പുനരാരംഭിച്ചു. സാഹോദര്യത്തില്‍ അടിസ്ഥാനമായ പരസ്പര സഹകരണത്തിന്റെ പ്രധാന ചക്രവാളമായാണ് പുതിയ വിമാന സര്‍വീസ് തുടങ്ങുന്നതെന്ന് ഇറാഖ് ഗതാഗത മന്ത്രാലയ വക്താവ് കരീം അല്‍ നൂരി പറഞ്ഞു. ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്ന വിഷയത്തില്‍ ഭാവിയില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാഖിലെയും കുവൈത്തിലെയും മന്ത്രിമാര്‍ ലാന്‍ഡിംഗ് സമയത്ത് കുവൈത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു. ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് കുവൈത്ത് എയര്‍വേസിന് സംഭവിച്ച നാശങ്ങള്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച കരാറിന് കുവൈത്ത് പാര്‍ലിമെന്റ് കഴിഞ്ഞ ജനുവരിയില്‍ അംഗീകാരം നല്‍കിയിരുന്നു. ഇതുപ്രകാരം 50 കോടി ഡോളര്‍ കുവൈത്തിന് ഇറാഖ് നല്‍കും.

ഏഷ്യ

ഷെറിയുടെ സ്ഥാനം തെറിക്കും
ഇസ്‌ലാമാബാദ്: അമേരിക്കയിലെ പാക് സ്ഥാനപതി ഷെറി റഹ്മാന്റെ സ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ പാക് സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുന്നതോടെ ഷെറിയുടെ സ്ഥാനവും തെറിച്ചേക്കുമെന്ന് ന്യൂസ് ഇന്റര്‍നാഷനലിന്റെ എഡിറ്റോറിയലില്‍ പറയുന്നു. നയതന്ത്ര വിദഗ്ധയല്ലാത്ത ഷെറിയെ 2011ലാണ് അമേരിക്കയിലെ പാക് സ്ഥാനപതിയായി നിയമിക്കുന്നത്. മെമോഗേറ്റ് വിവാദത്തിന് പിറകെ ഹുസൈന്‍ ഹഖാനി രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു നിയമനം. സര്‍ക്കാറിന്റെ താത്പര്യങ്ങളാണ് നയതന്ത്ര ഉദ്യോഗസ്ഥ അല്ലാതിരുന്നിട്ടുകൂടി ഷെറിയെ ഹഖാനിയുടെ പിന്‍ഗാമിയായി നിയമിച്ചത്.

അഞ്ച് തിബത്തന്‍ പൗരന്‍മാര്‍
അറസ്റ്റില്‍
ബീജിംഗ്: മൂന്ന് സാധാരണക്കാരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്ന കേസില്‍ ബുദ്ധ സന്യാസികളുള്‍പ്പെടെ അഞ്ച് തിബത്തന്‍ പൗരന്‍മാരെ ചൈന അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറന്‍ ഗന്‍സു പ്രവിശ്യയിലാണ് ഇന്നലെ അഞ്ച് തിബത്തന്‍ പൗരന്‍മാരെ അറസ്റ്റ് ചെയ്തതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തിപ്രദേശമായ സിച്ചുവാനിലെ 21 വയസ്സുകാരനായ ബുദ്ധ സന്യാസിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.