വിമതരുമായി സമാധാന ചര്‍ച്ചക്കുള്ള കരാറില്‍ തായ്‌ലാന്‍ഡ് സര്‍ക്കാര്‍ ഒപ്പ് വെച്ചു

Posted on: March 1, 2013 8:00 am | Last updated: March 6, 2013 at 12:33 pm
SHARE

ബാങ്കോക്ക്: തായ്‌ലാന്‍ഡില്‍ വിമതരുമായി സമാധാന ചര്‍ച്ചക്കുള്ള കരാറില്‍ സര്‍ക്കാര്‍ ഒപ്പ് വെച്ചു. രാജ്യത്തിന്റെ ദക്ഷിണ ഭാഗം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിമതരും സര്‍ക്കാറും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര കലഹത്തിനിടെ ഇതാദ്യമായാണ് ചര്‍ച്ചക്ക് ഇരുവിഭാഗങ്ങളും സന്നദ്ധത പ്രകടിപ്പിച്ചത്. മലേഷ്യയുടെ മധ്യസ്ഥതയില്‍ നടന്ന ശ്രമങ്ങളാണ് സമാധാന ചര്‍ച്ചയാകാമെന്ന ധാരണയിലേക്ക് ഇരുകൂട്ടരും എത്തിയത്. മലേഷ്യയില്‍ നടന്ന ചര്‍ച്ചയില്‍ വിമത ഗ്രൂപ്പുകളെ പ്രതിനിധാനം ചെയ്ത് നാഷനല്‍ റവല്യൂഷന്‍ ഫ്രന്റും സര്‍ക്കാറിനെ പ്രതിനിധാനം ചെയ്ത് ദേശീയ സുരക്ഷാ മേധാവി പറ്റാനറ്റബുട്‌റും പങ്കെടുത്തു.
തായ്‌ലാന്‍ഡ് പ്രധാമന്ത്രി യിംഗ്‌ലക്ക് ഷിനാവത്രയുടെ മലേഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് സമാധാന ചര്‍ച്ചക്കുള്ള കരാറില്‍ ഇരുവിഭാഗവും ഒപ്പ് വെച്ചത്. മുന്നോട്ടുള്ള യാത്ര സുഗമമാകുമെന്നാണ് കരുതുന്നതെന്ന് വാര്‍ത്ത സ്ഥിരീകരിച്ച ശേഷം ഷിനാവത്ര പറഞ്ഞു. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അവര്‍. വിമതരുടെ പ്രശ്‌നങ്ങളെയും ആവശ്യങ്ങളെയും ഭരണഘടനക്ക് വിധേയമായി പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അവര്‍ അറിയിച്ചു. സമാധാന ചര്‍ച്ച രണ്ടാഴ്ചക്കുള്ളില്‍ ക്വലാലംപൂരില്‍ ആരംഭിക്കുമെന്ന് നജീബ് അറിയിച്ചു.
ചര്‍ച്ചയെ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഇരുകൂട്ടരും തയ്യാറായിട്ടില്ല. 2004 മുതല്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള തായ്‌ലാന്‍ഡിന്റെ ദക്ഷിണ മേഖലയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ 5000ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.