10 ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു

Posted on: March 1, 2013 7:58 am | Last updated: March 6, 2013 at 12:33 pm
SHARE

കറാച്ചി: ഏഴ് മത്സ്യത്തൊഴിലാളികളടക്കം 10 ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ ജയിലില്‍ നിന്നും മോചിപ്പിച്ചു. കറാച്ചിയിലെ ലാന്‍ധി ജയിലിലും പഞ്ചാബിലെ ജയിലുകളിലും അടച്ചിരുന്ന ഇന്ത്യന്‍ തടവുകാരെയാണ് വ്യാഴാഴ്ച മോചിപ്പിക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച വാഗ (പാക്കിസ്ഥാന്‍) അതിര്‍ത്തിയില്‍വെച്ച് ഇവരെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറുമെന്ന് മനുഷ്യാവകാശങ്ങള്‍ക്കായുള്ള മുന്‍ പാക്ക് ഫെഡറല്‍ മന്ത്രി അന്‍സര്‍ ബര്‍ണി അറിയിച്ചു.
ജയിലില്‍ നിന്ന് ഇന്ത്യന്‍ തടവുകാരെ ഏറ്റുവാങ്ങി സ്വന്തം വാഹനത്തില്‍ വാഗ അതിര്‍ത്തിയിലെത്തിച്ച് അവരെ പാക്കിസ്ഥാന്‍ റെയ്ഞ്ചര്‍മാരെ ഏല്‍പിക്കുമെന്ന് അന്‍സര്‍ ബര്‍ണി ഇന്റര്‍നാഷണല്‍ ട്രസ്റ്റിന്റെ വൈസ് ചെയര്‍മാന്‍ സയീദ് ഫഹദ് ബര്‍ണി അറിയിച്ചു. അവരാണ് മോചിപ്പിച്ച തടവുകാരെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറുക.
മാന്‍ സിംഗ് ഭഗവാന്‍, ഖേമ, ശിവദാസ്, മന്ന, ഭരത് ധീരു, ഗോവിന്ദ് ബമനിയ, ലാല പന്‍സ ഭിക ബേലു എന്നിവരാണ് ജയില്‍മോചിതരായ മത്സ്യത്തൊഴിലാളികള്‍. ഈ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായിട്രസ്റ്റ് പാക്കിസ്ഥാന്‍ സര്‍ക്കാറുമായി നിരന്തരം ബന്ധപ്പെട്ടുവരികയായിരുന്നു. ഇവര്‍ക്ക് പുറമെ വേറെ നൂറോളം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാക്ക് ജയിലുകളില്‍ കഴിയുന്നുണ്ട്. മാനുഷിക പരിഗണനകള്‍ വെച്ച് ഇവരേയും മോചിപ്പിക്കാന്‍ ട്രസ്റ്റ് ശ്രമം നടത്തിവരുന്നുണ്ട്.
രാജ്യദ്രോഹ കുറ്റത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ തടവുകാരായ സരബ്ജിത് സിംഗ്, കൃപാല്‍ സിംഗ് എന്നിവരുടെ മോചനത്തിനും അന്‍സര്‍ ബര്‍ണി ഇന്റര്‍നാഷണല്‍ ട്രസ്റ്റ് ശ്രമിക്കുന്നുണ്ട്. ഇതിനായി ഒരു പ്രസ്ഥാനം തന്നെ ആരംഭിക്കാന്‍ ട്രസ്റ്റ് ഉദ്ദേശിക്കുന്നു. തൂക്കിലേറ്റുന്നതും കാത്ത് രണ്ട് പതിറ്റാണ്ടിലേറെകാലമായി ഇവര്‍ ജയിലില്‍ കഴിയുന്നു. കൊലക്കയറിന്റെ നിഴലില്‍ ഇത്രയുംകാലം ഏകാന്ത സെല്ലില്‍ കഴിയുന്ന അവസ്ഥ ഭീകരമാണെന്ന് സയീദ് ഫഹദ് ബര്‍ണി പറഞ്ഞു.