സിറിയന്‍ വിമതര്‍ക്ക് അമേരിക്കയും ബ്രിട്ടനും കൂടുതല്‍ സഹായമെത്തിക്കും

Posted on: March 1, 2013 7:56 am | Last updated: March 6, 2013 at 12:33 pm
SHARE

വാഷിംഗ്ടണ്‍: സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദുമായി ഏറ്റുമുട്ടുന്ന വിമതര്‍ക്ക് കൂടുതല്‍ സഹായമെത്തിക്കാന്‍ അമേരിക്കയുടെ തീരുമാനം. യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും സിറിയന്‍ പ്രതിപക്ഷ നേതാക്കളും തമ്മില്‍ റോമില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതേസംബന്ധിച്ച തീരുമാനമായത്. സിറിയന്‍ വിമതരെ പിന്തുണക്കുന്ന രാഷ്ട്രങ്ങളുടെ യോഗത്തിനെത്തിയതായിരുന്നു ജോണ്‍ കെറി. ആറ് കോടി യു എസ് ഡോളറിന്റെ സഹായമാണ് അധികമായി നല്‍കുക. ആയുധങ്ങള്‍ നല്‍കില്ല. സിറിയയിലെ രാഷ്ട്രീയ അധികാരമാറ്റത്തിന് വേഗം വര്‍ധിപ്പിക്കുന്നതിനാവശ്യമായ സഹായമെന്നാണ് ഇതിനെ കെറി വിശേഷിപ്പിച്ചത്.
യോഗത്തില്‍ നിന്ന് സിറിയന്‍ പ്രതിപക്ഷ കൂട്ടായ്മകളിലെ പ്രമുഖ ഗ്രൂപ്പായ എസ് എന്‍ സി ആദ്യം വിട്ടുനിന്നിരുന്നു. സിറിയയിലെ സംഘര്‍ഷത്തില്‍ ലോകം നിശ്ശബ്ദരാണെന്നാരോപിച്ചാണിത്. തുടര്‍ന്ന് അമേരിക്കയും ബ്രിട്ടനും വിമതര്‍ക്ക് കൂടുതല്‍ സഹായമെത്തിക്കുമെന്ന ഉറപ്പ് നല്‍കിയതിന് ശേഷമാണ് എസ് എന്‍ സി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നറിയിച്ചത്. ഭക്ഷണ-മരുന്ന് സാമഗ്രികള്‍ക്ക് പുറമേ വിമതര്‍ക്കുള്ള സായുധ പരിശീലനവും കവചിത വാഹനങ്ങളും രാത്രികാല ദൃശ്യ ഉപകരണങ്ങളും സഹായത്തിലുള്‍പ്പെടുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിമതര്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ആയുധങ്ങള്‍ നല്‍കില്ലെന്ന് ഒബാമ ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ, കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 70,000 പേര്‍ കൊല്ലട്ടതായുള്ള ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. ഓരോ ആഴ്ചയിലും സിറിയയില്‍ നിന്ന് 40,000 ഓളം പേര്‍ പലായനം ചെയ്യുന്നുണ്ടെന്ന് യു എന്‍ അഭയാര്‍ഥി ഏജന്‍സി ഹൈക്കമ്മീഷണര്‍ അന്റോണിയോ ഗട്ടറസ് അറിയിച്ചു. ഇതോടെ പലായനം ചെയ്ത സിറിയന്‍ അഭയാര്‍ഥികളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. ഇതില്‍ കൂടുതല്‍ പേരും സ്വന്തം കുടുംബങ്ങളെ വേര്‍പിരിഞ്ഞ് ജീവിക്കുകയാണെന്ന് ഗട്ടറസ് രക്ഷാസമിതിയെ അറിയിച്ചു.