മൂന്ന് വര്‍ഷത്തിനുള്ളില്‍ 10,600 കോടി രൂപയുടെ റോഡ് വികസനം നടപ്പാക്കും: ഇബ്‌റാഹിം കുഞ്ഞ്‌

Posted on: March 1, 2013 7:54 am | Last updated: April 1, 2013 at 8:06 am
SHARE

കൊച്ചി: നടപ്പു സാമ്പത്തികവര്‍ഷം സംസ്ഥാനത്ത് 1359.62 കോടി രൂപ പദ്ധതികള്‍ നടപ്പാക്കുക വഴി പൊതുമരാമത്ത് വകുപ്പ് പുതിയ നേട്ടം കൈവരിച്ചു. 251.28 ശതമാനമാണ് വകുപ്പിന്റെ പെര്‍ഫോമന്‍സ് എന്നാണ് പ്ലാനിംഗ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മാര്‍ച്ച് അവസാനത്തോടെ ഇത് 300 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 10,600 കോടി രൂപയുടെ റോഡ് വികസനം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. 2005 കോടി രൂപ ചെലവില്‍ കെ എസ് ടി പി രണ്ടാം ഘട്ട വികസനം, 5100 കോടി ചെലവില്‍ 1204 കി. മീ. റോഡുകള്‍ വികസിപ്പിക്കുന്ന സംസ്ഥാന റോഡ് വികസന പദ്ധതി, 3500 കോടി രൂപ ചെലവില്‍ തിരുവനന്തപുരം മോഡലില്‍ കൊച്ചി ഉള്‍പ്പടെ ഏഴ് നഗരങ്ങളിലെ റോഡ് വികസന പദ്ധതികള്‍ക്കാണ് ഈ തുക. 1991 കോടി ചെലവ് പ്രതീക്ഷിക്കുന്ന കോഴിക്കോട് മോണോ റെയില്‍ പദ്ധതി, 3590 കോടി രൂപ ചെലവ് വരുന്ന തിരുവനന്തപുരം മോണോ റെയില്‍ പദ്ധതി, സംസ്ഥാന വ്യാപകമായി ആധുനിക രീതിയിലുള്ള ബസ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുന്നതിനുള്ള ‘പ്രതീക്ഷ’ഷെല്‍ട്ടര്‍ കേരള ലിമിറ്റഡ്, ആധുനിക ടോയ്‌ലറ്റ് സംവിധാനമൊരുക്കുന്ന ആശ്വാസ് പബ്ലിക് അമിനിറ്റി കമ്പനി എന്നിവയും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതികളാണ്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന വകുപ്പിന്റെ സംസ്ഥാനതല അവലോകന യോഗത്തില്‍ ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള കര്‍മപരിപാടി തയ്യാറാക്കാന്‍ തീരുമാനിച്ചു.സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 1204 കി.മീ. സ്റ്റേറ്റ് ഹൈവേകളും, മേജര്‍ ഡിസ്ട്രിക്ട് റോഡുകളും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടി ഒന്നാംഘട്ടം ഈ വര്‍ഷം ആരംഭിക്കും. 5100 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. നഗരങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കേരള റോഡ് ഫണ്ട് മുഖേന നടപ്പാക്കുന്ന കോട്ടയം, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം നഗരറോഡ് വികസന പദ്ധതികളുടെ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിവരികയാണ്. ഇവയുടെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. കൊല്ലം, പാലക്കാട് എന്നീ നഗരറോഡ് വികസന പദ്ധതികള്‍ക്ക് കൂടി പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കും. മന്ത്രി ഇബ്രാഹിം കുഞ്ഞ് പഞ്ഞു.