ഹാരിസണ്‍ കമ്പനി ഭൂമി സര്‍ക്കാറിന് ഏറ്റെടുക്കാം: ഹൈക്കോടതി

Posted on: March 1, 2013 7:51 am | Last updated: March 2, 2013 at 10:08 am
SHARE

കൊച്ചി: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സിന്റെ കൈവശത്തിലുള്ള മിച്ചഭൂമി എറ്റെടുക്കാന്‍ സര്‍ക്കാറിന് നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി. എട്ട് ജില്ലകളായി കമ്പനിയുടെ കൈവശമുള്ളതും ഗോസ്പല്‍ ഫോര്‍ ഏഷ്യാ ട്രസ്റ്റിനടക്കം കമ്പനി കൈപ്പറ്റിയ ഭൂമികളും ഭൂ സംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കാനാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ വി രാധാകൃഷ്ണനും എ വി രാമകൃഷ്ണ പിള്ളയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് അനുമതി നല്‍കിയത്.ബന്ധപ്പെട്ട മുഴുവന്‍ പേരുടെയും വാദം കേട്ട ശേഷം രണ്ട് മാസത്തിനകം ഭൂമി ഏറ്റെടുക്കാന്‍ നടപടികള്‍ ആരംഭിക്കാനാണ് കോടതി നിര്‍ദേശം.ഹാരിസണ്‍ കമ്പനിയുടെ കൈവശഭൂമി സര്‍ക്കാറിന്റെതാണെന്നും ഭൂമി ഏറ്റെടുക്കാന്‍ ഭൂ സംരക്ഷണ നിമയപ്രകാരം അവകാശമുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവുകള്‍ പ്രകാരം ഹാരിസണ്‍ കമ്പനിയുടെ കൈവശാവകാശമുള്ള ഭൂമികളും സര്‍ക്കാരിന് ഉടമസ്ഥാവകാശം ഉന്നയിച്ചിട്ടുള്ളതിനാല്‍ അവ ഏറ്റെടുക്കാനും ഭൂസംരക്ഷണ നിയമപ്രകാരം നടപടിയാകാമെന്നും കോടതി വ്യക്തമാക്കി.ഹാരിസണ്‍ മലയാളം കമ്പനി അനധികൃതമായി കൈവശം വെച്ചിട്ടുള്ള ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ടയിലെ അഭിഭാഷകനായ പി കെ ഹരികുമാര്‍, തൊഴിലാളി യൂനിയന്‍ നേതാവ് സി ആര്‍ നജീബ് എന്നിവര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജികളിലാണ് കോടതി ഉത്തരവ്.കമ്പനിയുടെ കൈവശമുള്ള ഭൂമി സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും വിദേശനാണ്യ ചട്ടങ്ങള്‍ ലംഘിച്ചാണ് ഭൂമി കൈവശം വെക്കുകയും മറ്റ് ട്രസ്റ്റുകള്‍ക്ക് കൈമാറുകയും ചെയ്തതെന്നും സര്‍ക്കാറിനു വേണ്ടി ഹാജരായ റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ സുശീലാ ഭട്ട് കോടതിയില്‍ ബോധിപ്പിച്ചു.