എ ടി എമ്മില്‍ നിന്ന് പണം കവര്‍ന്ന യുവാവ് അറസ്റ്റില്‍

Posted on: March 1, 2013 7:48 am | Last updated: April 1, 2013 at 8:06 am
SHARE

ഇടുക്കി: എ ടി എം കാര്‍ഡ് തട്ടിയെടുത്ത് പണം മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് പട്ടുമുടി ഹരിജന്‍ കോളനിയിലെ താമസക്കാരനായ രാജ്കുമാര്‍(24)ആണ് പിടിയിലായത്. കഴിഞ്ഞ ഏഴിനാണു സംഭവം. ചെങ്കര മൂങ്കലാര്‍ സ്വദേശി മുരുകന്റെ അക്കൗണ്ടില്‍ നിന്നാണ് പലതവണകളായി 27,000 രൂപ മോഷ്ടിച്ചത്. കാര്‍ഡ് ഉപയോഗിച്ച് പണം എടുക്കാന്‍ കഴിയാതെ സ്റ്റേറ്റ് ബേങ്കിന്റെ കുമളിയിലെ എ ടി എം കൗണ്ടറില്‍ വിഷമിച്ചു നിന്ന മുരുകന്റെ പക്കലെത്തി സഹായ വാഗ്ദാനം നടത്തി ഇയാളുടെ കൈവശമുണ്ടായിരുന്ന കാര്‍ഡ് രാജ്കുമാര്‍ തന്ത്രപൂര്‍വം തട്ടിയെടുക്കുകയായിരുന്നു. മുരുകനില്‍ നിന്ന് പാസ്‌വേഡ് എഴുതി വാങ്ങിയ ശേഷം 14000 രൂപ ഈ എ ടി എമ്മില്‍ നിന്ന് ഇരുവരും ചേര്‍ന്നു പിന്‍വലിച്ചു.
തുടര്‍ന്ന് കാലാവധി കഴിഞ്ഞതും രാജ്കുമാറിന്റെ മാതാവിന്റെ പേരിലുള്ളതുമായ മറ്റൊരു എ ടി എം കാര്‍ഡ് ഇയാള്‍ മുരുകനു നല്‍കി. ഇതറിയാതെ മുരുകന്‍ ചെങ്കരയിലേക്ക് മടങ്ങുകയും ചെയ്തു. 12ന് വീണ്ടും പണം എടുക്കാന്‍ എത്തിയപ്പോഴാണ് അക്കൗണ്ടില്‍ നിന്നു പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് മുരുകന്‍ കുമളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുമളി എസ്.ഐ പി. ടി ജോസഫ്, എ.എസ്.ഐ രമേശന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.