കടല്‍മാക്രികളുടെ വര്‍ധന: സ്രാവ്, ഏട്ട മത്സ്യങ്ങള്‍ കുറയുന്നു

Posted on: March 1, 2013 7:47 am | Last updated: March 3, 2013 at 1:03 pm
SHARE

മലപ്പുറം:കേരള കടലില്‍ സ്രാവ്, ഏട്ട തുടങ്ങിയ മത്സ്യങ്ങള്‍ ക്രമാതീതമായി കുറയുന്നതായി പഠനം. ഇത് കടലിന്റെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതായും കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (സി എം എഫ് ആര്‍ ഐ) നടത്തിയ പഠനത്തില്‍ പറയുന്നു. ഇന്ത്യന്‍ സയന്‍സ് അക്കാദമി പുറത്തിറക്കുന്ന കറന്റ് സയന്‍സ് ജേണലിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് കടലിന്റെ ആവാസ വ്യവസ്ഥയില്‍ തന്നെ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പഠനം പ്രസിദ്ധീകരിച്ചത്.
സ്രാവ്, മോത, ഏട്ട തുടങ്ങിയ വന്‍ മത്സ്യങ്ങളുടെ കുറവ് കടല്‍ മാക്രികള്‍ പെരുകാന്‍ കാരണമായതായും ഇത് മത്സ്യങ്ങളുടെ ഭക്ഷ്യക്രമം തെറ്റിക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. സ്രാവ്, ഏട്ട, മോദ തുടങ്ങിയവയെ വ്യാപകമായി പിടികൂടുന്നത് കേരളത്തിന്റെ കടലില്‍ ഇവയുടെ സാന്നിധ്യം തന്നെ വന്‍തോതില്‍ കുറച്ചിരിക്കുകയാണ്. 1985ന് ശേഷം ഏട്ട മത്സ്യം ലഭിക്കുന്നത് വന്‍ തോതില്‍ കുറയുകയാണെന്നും മോദ 2007 മുതല്‍ 44 ശമാനത്തിന്റെയും സ്രാവ് 70 ശതമാനത്തിന്റെയും കുറവാണ് ഉണ്ടായിരിക്കുന്നതെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. കെ സുനില്‍ മുഹമ്മദ് പറഞ്ഞു.2006ന് ശേഷം കടല്‍മാക്രികള്‍ ക്രമാതീതമായി പെരുകുന്നതായി കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ടിരുന്നു. സുനാമിയാണ് ഈ പ്രതിഭാസത്തിന് കാരണമായി പറഞ്ഞിരുന്നത്. പുതിയ പഠനം ഈ വാദം തള്ളിക്കളയുന്നു. പഠനത്തിന്റെ ഭാഗമായി നാഷണല്‍ മറൈന്‍ ലിവിംഗ് റിസോഴ്‌സ് ഡാറ്റ സെന്ററില്‍ നിന്ന് ശേഖരിച്ച വിവരങ്ങളില്‍ നിന്ന് 1970 മുതല്‍ 2011 വരെ കടല്‍ മാക്രികളുടെ സാന്നിധ്യം വ്യക്തമായിരുന്നു. അതേസമയം, കടല്‍ മാക്രികളെ പ്രധാന ആഹാരമാക്കിയിരുന്ന സ്രാവ്, ഏട്ട തുടങ്ങിയ മത്സ്യങ്ങളുടെ എണ്ണവും വളരെ കൂടുതലായിരുന്നു. എന്നാല്‍ ഇതിന് ശേഷം ഇത്തരം മത്സ്യങ്ങളെ കൂടുതലായി പിടികൂടുന്ന പ്രതിഭാസമാണുണ്ടായതെന്ന് ഡോ. മുഹമ്മദ് പറഞ്ഞു.970, 80, 90 കാലഘട്ടങ്ങളില്‍ കേരളത്തില്‍ കടല്‍ മാക്രികള്‍ വലയില്‍ കുരുങ്ങുന്നത് താരതമ്യേന കുറവായിരുന്നു. എന്നാല്‍ 2006 മുതല്‍ ഇവയെ പിടികൂടുന്നത് ക്രമാതീതമായി വര്‍ധിച്ചു. ഈ അഞ്ച് വര്‍ഷത്തിനിടെ കേരളതീരത്ത് നിന്ന് മാത്രം 2000 ടണ്‍ കടല്‍ മാക്രികളാണ് വലയില്‍ കുരുങ്ങിയത്. സ്രാവ്, മോദ, ഏട്ട തുടങ്ങിയവയുടെ വയറ്റിലെ ഭക്ഷണാവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കടല്‍ മാക്രികളെ പ്രധാനമായും ആഹാരമാക്കുന്നത് ഇത്തരം മത്സ്യങ്ങളാണെന്ന് വ്യക്തമായത്. കടലിലെ ഭക്ഷ്യ ചങ്ങലയിലെ ഏറ്റവും മുകളിലുള്ള ഇത്തരം മത്സ്യങ്ങളുടെ കുറവ് കടലിലെ ആവാസ വ്യവസ്ഥയെ തന്നെ സാരമായി ബാധിക്കുന്നതായും ഇത് ദൂരവ്യാപകമായ പ്രത്യാഘാങ്ങള്‍ ഉണ്ടാക്കുന്നതായും പഠനം വ്യക്തമാക്കുന്നു.