Connect with us

Kannur

കേരകൃഷിയിലെ മേല്‍ക്കോയ്മ കേരളത്തിന് തിരിച്ചുപിടിക്കാം

Published

|

Last Updated

കണ്ണൂര്‍: ആന്തമാനിനൊപ്പം കേരളത്തിലെ നാളികേര പുനര്‍കൃഷിക്കും കേന്ദ്ര ബജറ്റില്‍ 75 കോടി വകയിരുത്തിയത് വിലയിടവും വിളശോഷണവും മൂലം പരുങ്ങലിലായ സംസ്ഥാനത്തെ കേര കര്‍ഷകര്‍ക്ക് ഉണര്‍വേകും. നിലവില്‍ ഏതാനും ജില്ലകളിലുണ്ടായിരുന്ന പദ്ധതി ആനുകൂല്യം സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുക വഴി കേരകൃഷിയിലെ മേല്‍ക്കോയ്മ സംസ്ഥാനത്തിന് തിരിച്ചുപിടിക്കാനുമായേക്കും. ദീര്‍ഘകാലമായി തെങ്ങുകളെ പിടികൂടിയിരിക്കുന്ന രോഗബാധ ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ നേരത്തെ തന്നെ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നുവെങ്കിലും സാമ്പത്തിക പ്രയാസമായിരുന്നു പ്രധാന വിലങ്ങുതടിയായി നിന്നിരുന്നത്. പുതിയ പദ്ധതി പ്രകാരം തുക കുറവാണെങ്കിലും തെങ്ങുകൃഷി മേഖലയിലെ ഏറെക്കുറെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ പദ്ധതി പ്രകാരം നാളികേര വികസന ബോര്‍ഡുള്‍പ്പെടെ സബ്‌സിഡികളും മറ്റു പ്രോത്സാഹനങ്ങളും നല്‍കി തെങ്ങുകൃഷി പരിപോഷിപ്പിക്കാനുള്ള സംവിധാനങ്ങള്‍ നടപ്പാക്കേണ്ടിവരും. കേരളത്തെ അഞ്ച് വര്‍ഷം കൊണ്ട് നാളികേര ഉത്പാദനക്ഷമതയുടെ കാര്യത്തില്‍ തമിഴ്‌നാടിനൊപ്പം എത്തിക്കുക എന്നതായിരിക്കും മുഖ്യലക്ഷ്യം. ഇതിനായുള്ള ഗവേഷണങ്ങള്‍ സമയബന്ധിതമാക്കും. ഒപ്പം തെങ്ങിന്റെ ജീനോ മാപ്പിംഗ്, ഉത്പാദനക്ഷമത ഊര്‍ജിതപ്പെടുത്തല്‍ എന്നിവക്കും മുന്തിയ പരിഗണന നല്‍കും.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 1,55,310 ഹെക്ടര്‍ സ്ഥലത്തെ നാളികേര കൃഷി അപ്രത്യക്ഷമായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരോത്പാദനത്തില്‍ ഈ കാലയളവില്‍ 30 കോടിയുടെ കുറവുണ്ടായി. സംസ്ഥാനത്തെ എല്ലാ ജില്ലയിലും തെങ്ങുകൃഷി കുറഞ്ഞുവരികയാണ്. കാല്‍നൂറ്റാണ്ട് മുമ്പ് വരെ കേരകൃഷിയില്‍ സംസ്ഥാനത്തിനുണ്ടായിരുന്ന മേല്‍ക്കോയ്മ പടിപടിയായി നഷ്ടപ്പെടുകയായിരുന്നു. ഇപ്പോള്‍ കൃഷിസ്ഥലത്തിന്റെ വിസ്തീര്‍ണത്തിലും നാളികേര ഉത്പാദനത്തിലും തമിഴ്‌നാടാണ് കേരളത്തെക്കാള്‍ മുന്നില്‍. 2001ല്‍ കേരളത്തില്‍ 925783 ഹെക്ടറില്‍ തെങ്ങ് കൃഷി ചെയ്തിരുന്നു. 12 വര്‍ഷം കൊണ്ട് ഇത് 7,00,000 ഹെക്ടറായി കുറഞ്ഞു. 553.6 കോടി തേങ്ങ ഉത്പാദിപ്പിച്ചിരുന്ന കേരളത്തില്‍ കഴിഞ്ഞ കൊല്ലം ലഭിച്ചത് 4.90 കോടി നാളികേരമാണ്. കേരകൃഷിയില്‍ കോഴിക്കോട് ജില്ലയായിരുന്നു സംസ്ഥാനത്ത് ഏറ്റവും മുന്നില്‍ നിന്നത്. 2002ല്‍ 1,28,800 ഹെക്ടറില്‍ കൃഷി ചെയ്തിരുന്ന കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ 119 ലക്ഷം ഹെക്ടറില്‍ മാത്രമേ തെങ്ങ് ഉള്ളൂ. ഉത്പാദനത്തില്‍ കോഴിക്കോട് മാത്രം 13 കോടി തേങ്ങയുടെ കുറവുണ്ടായി. എറണാകുളം ജില്ലയില്‍ 24,508 ഹെക്ടറിലും ആലപ്പുഴയില്‍ 20431 ഹെക്ടറിലും കൊല്ലത്ത് 23641 ഹെക്ടറിലും നാളികേരകൃഷി കുറഞ്ഞു എന്നാണ് ബോര്‍ഡിന്റെ കണക്ക്. തമിഴ്‌നാട്ടില്‍ 343 ഹെക്ടര്‍ സ്ഥലത്ത് മാത്രമേ തെങ്ങ് കൃഷി ഉള്ളൂ. അവിടെ ഒരു ഹെക്ടറില്‍ നിന്ന് കിട്ടുന്നത് 9000 തേങ്ങയാണ്. കര്‍ണാടകത്തില്‍ കിട്ടുന്നത് ഹെക്ടറിന് 4037 തേങ്ങയും. എന്നാല്‍ കൂടുതല്‍ കൃഷിയുള്ള കേരളത്തില്‍ ഒരു ഹെക്ടറില്‍ നിന്ന് 5641 തേങ്ങ മാത്രമാണ് കിട്ടുന്നുള്ളൂവെന്നാണ് കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ കണക്ക്.കേരളത്തില്‍ വെളിച്ചെണ്ണയുടെ വിലയാണ് തേങ്ങയുടെ വിലയെ നിയന്ത്രിക്കുന്നത്. ഇപ്പോഴാണെങ്കില്‍ വെളിച്ചെണ്ണ വില നിയന്ത്രിക്കുന്നത് അന്തര്‍ സംസ്ഥാന ലോബികളാണ്. മാത്രമല്ല വെളിച്ചെണ്ണ വിലയും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇക്കൊല്ലം കുറവാണ്. ഏകദേശം നാല് ശതമാനമാണ് ഈ കുറവ്. വലിപ്പമുള്ള 1000 തേങ്ങയില്‍ നിന്ന് 130 കിലോ വെളിച്ചെണ്ണയാണ് കിട്ടേണ്ടത്. എന്നാല്‍ തേങ്ങയുടെ വലിപ്പക്കുറവും വെളിച്ചെണ്ണ കുറഞ്ഞ തേങ്ങയുടെ പ്രചാരവും കേരളത്തിലെ കൃഷിക്കാരെ വിഷമത്തിലാക്കുന്നു. കര്‍ണാടകയിലും ആന്ധ്രയിലും കാര്യമായ ശ്രദ്ധയോടെ തെങ്ങ് കൃഷി നടക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ കൃഷി ചെലവ് വളരെ കുറവാണെന്നതും വിശാലമായ കൃഷി സ്ഥലങ്ങള്‍ ലഭ്യമാണെന്നതുമാണ് ഈ സംസ്ഥാനങ്ങളിലെ കൃഷി മെച്ചപ്പെടാന്‍ പ്രധാന കാരണം. എന്നാല്‍ ജോലിക്കൂലി കൂടിയതിന് പുറമേ തെങ്ങിന് ബാധിക്കുന്ന രോഗങ്ങളും കേരളത്തിലെ തെങ്ങ് കൃഷിക്കാരെ വലക്കുകയാണ്. കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ നാളികേര മേഖലയിലെ പ്രശ്‌നങ്ങള്‍ ഒന്നൊന്നായി പരിഗണിച്ചാല്‍ കൈമോശം വന്നുകൊണ്ടിരിക്കുന്ന നാളികേര സംസ്‌കൃതിയുടെ തിരിച്ചുവരവ് യാഥാര്‍ഥ്യമാക്കാമെന്നാണ് വിലയിരുത്തല്‍.

 

 

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest