കൊള്ളാം; പക്ഷേ, കുഴപ്പമുണ്ട്‌

Posted on: March 1, 2013 7:25 am | Last updated: March 6, 2013 at 10:31 am
SHARE

k.m maniധനമന്ത്രി പി ചിദംബരം അവതരിപ്പിച്ച ബജറ്റില്‍ മികച്ച നിര്‍ദേശങ്ങള്‍ ഏറെ ഉണ്ടെങ്കിലും കേരളത്തിന് പ്രതീക്ഷ നല്‍കുന്നതായി വലുതായൊന്നുമില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി കേന്ദ്രത്തിന് മേല്‍ ഇനിയും സമ്മര്‍ദം ചെലുത്തേണ്ടി വരും. കേരള മോഡല്‍ എന്ന രിതിയില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ വഴി തൊ
ഴില്‍രഹിതര്‍ക്ക് ഉപകാരമാകുന്ന പദ്ധതി ബജറ്റില്‍ വകയിരുത്തിയത് തൊഴിലില്ലായ്മക്ക് പരിഹാരമേകുന്നതാണ്. 50,000 തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പരിശീലനം നല്‍കി ഇരുപത് ലക്ഷം രൂപ പലിശരഹിത വായ്പയായി നല്‍കുന്ന പദ്ധതി കേരളത്തില്‍ കഴിഞ്ഞ തവണ വിഭാവനം ചെയ്തിരുന്നു. എന്നാല്‍, ഇതേ മാതൃകയില്‍ വിദ്യാസമ്പന്നരും തൊഴില്‍രഹിതരുമായ ആളുകള്‍ക്ക് പരിശീലനം നല്‍കുമെന്ന് പറയുമ്പോഴും വായ്പയായി നല്‍കുന്ന തുക 10,000 രൂപ മാത്രമായി ചുരുക്കുന്നതിന് പകരം ഉദാരമാക്കായിരുന്നു.
തുത്തുക്കുടി തുറമുഖത്തിന് കൂടുതല്‍ തുക വകയിരുത്തുന്നത് കേരളത്തിന്റെ പ്രതീക്ഷയായ വിഴിഞ്ഞം പദ്ധതിക്ക് മങ്ങലേല്‍പ്പിക്കും. വിഴിഞ്ഞത്തിന് പ്രാധാന്യം വേണമായിരുന്നു. ഇത് പരിഹരിക്കാന്‍ ഇനിയും സമയമുണ്ട്. ഇതിനു വേണ്ട നടപടികള്‍ കൈക്കൊണ്ട് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം. പൊതുവില്‍ നല്ല ബജറ്റാണെങ്കിലും വിലക്കയറ്റം നിയന്ത്രിക്കാന്‍ നിര്‍ദേശങ്ങള്‍ വേണമായിരുന്നു. പുതിയ പരിവര്‍ത്തനത്തിന്റെ ബജറ്റാണ് മന്ത്രി അവതരിപ്പിച്ചത്.
ഭസ്മാസുരന് വരം നല്‍കിയത് പോലുള്ള അവസ്ഥയാണ് എണ്ണക്കമ്പനികള്‍ക്ക് വിലവര്‍ധിപ്പിക്കാനുള്ള അധികാരം നല്‍കിയതിലൂടെ സംഭവിച്ചത്. ഡീസല്‍ – പെട്രോള്‍ വില മാസം തോറും ഒരു രൂപ തോതില്‍ വര്‍ധിപ്പിക്കുന്നത് വിലക്കയറ്റത്തിന്റെ പ്രധാന കാരണമാണ്. മാസം തോറും വില വര്‍ധിക്കുന്നത് സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിക്കും എന്നത് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തണം. വിലക്കയറ്റം നിയന്ത്രിക്കാന്‍ ശാസ്ത്രീയമായ സംവിധാനം ഏര്‍പ്പെടുത്തണം. എന്നാല്‍, ഇതിന് ബജറ്റില്‍ പ്രാധാന്യം നല്‍കാത്തത് നിരാശ പകരുന്നു.
സാമ്പത്തിക വളര്‍ച്ച ഉയര്‍ത്തണം എന്ന ബജറ്റ് നിര്‍ദേശം സ്വാഗതാര്‍ഹമാണ്. സാമ്പത്തിക വളര്‍ച്ച ആഗോളതലത്തില്‍ 3.2 ശതമാനമായപ്പോള്‍ ഇന്ത്യയുടേത് 5.1 ശതമാനമെന്നത് ആശാവഹമാണ്. എന്നാല്‍, ഇത് പോര. സാമ്പത്തിക വളര്‍ച്ച എട്ട് ശതമാനമാക്കി ഉയര്‍ത്തുമെന്നത് സ്വാഗതാര്‍ഹമാണ്. ഇത് കൈവരിക്കാന്‍ കഴിഞ്ഞോ എന്നത് അടുത്ത ബജറ്റില്‍ മാത്രമേ അറിയാന്‍ കഴിയൂ. ധനക്കമ്മി 5.2 ശതമാനത്തില്‍ നിന്ന് 4.8 ലേക്ക് കുറക്കുന്നതിനും റവന്യൂ കമ്മി 3.9 ശതമാനത്തില്‍ നിന്ന് 3.3ലേക്ക് കൊണ്ടുവരുന്നതിനുമുള്ള യജ്ഞം വിജയരകരമാകട്ടെ. കാര്‍ഷിക മേഖലയില്‍ 22 ശതമാനം അധികമായി മുതല്‍മുടക്കുമെന്നത് ഈ മേഖലക്ക് ഉണര്‍വേകുന്നതും ആശാവഹവുമാണ്.
ചൈനയും ഇന്തോനേഷ്യയും മാത്രമാണ് ഇന്ത്യയേക്കാള്‍ വളര്‍ച്ചാ നിരക്ക് കൈവരിച്ചതെന്ന ധനമന്ത്രിയുടെ നിരീക്ഷണം വസ്തുതാപരമായി ശരിയാണെങ്കിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സാധാരണക്കാരനും പാവപ്പെട്ടവനും എത്രമാത്രം അനുഭവേദ്യമായിയെന്നത് പഠിക്കണം. ആഗോള സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ച സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്ന യാഥാര്‍ഥ്യം വിസ്മരിക്കാന്‍ പാടില്ല. സാമ്പത്തിക മുന്നേറ്റത്തിന് വിദേശ മുലധനം അനിവാര്യമാണെന്ന കേന്ദ്ര ധനമന്ത്രിയുടെ അഭിപ്രായം ശരിവെക്കുന്നതാണ് ചൈന കൈവരിച്ച വളര്‍ച്ച.
വളര്‍ച്ച, നിക്ഷേപം, തൊഴില്‍ എന്ന സമീപനത്തെ ഇത് സ്വാധീനിക്കും. നാല് ശതമാനം പലിശയില്‍ ഏഴ് ലക്ഷം കോടി രൂപ കാര്‍ഷിക വായ്പ നല്‍കാനുള്ള തീരുമാനവും പൊതുമേഖലാ ബേങ്കുകളിലെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സംവിധാനം സ്വകാര്യ ബേങ്കിംഗ് മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടും. സ്ത്രീ സുരക്ഷക്ക് നല്‍കിയ പ്രാധാന്യവും ഹരിത വിപ്ലവത്തിനും സാങ്കേതിക രംഗത്തെ സാധ്യതകള്‍ കാര്‍ഷികരംഗത്ത് ഉപയോഗപ്പെടുത്താനുള്ള പദ്ധതികളും ദീര്‍ഘവീക്ഷണത്തോടു കൂടിയുള്ളതാണ്. 2011-12 ലെ ബജറ്റില്‍ കേരളം വിഭാവനം ചെയ്ത സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതിയുടെ മാതൃകയില്‍ പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയ കേന്ദ്ര മാതൃക സന്തോഷകരമാണ്. സാമൂഹിക ക്ഷേമപദ്ധതികള്‍ക്കായി മാറ്റിവെച്ചിട്ടുള്ള തുക ഗുണഭോക്താക്കളില്‍ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനം ഉണ്ടാകേണ്ടിയിരിക്കുന്നു. കാര്‍ഷിക വായ്പക്കായി നീക്കിവെച്ച ഏഴ് ലക്ഷം കോടി രൂപ കാര്‍ഷികരംഗത്തെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കാം.