Connect with us

Articles

വലിയ പ്രഹരങ്ങളില്ല

Published

|

Last Updated

പൊതുതിരഞ്ഞടുപ്പ് മുമ്പിലുണ്ടെങ്കിലും വാഗ്ദാനങ്ങള്‍ കോരിച്ചൊരിയാതെ പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകുമെന്ന സൂചന നല്‍കുന്നതാണ് ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ച ബജറ്റ്. നിലവിലെ ആദായ നികുതി നിരക്കിലും സ്ലാബുകളിലും മാറ്റം വരുത്താത്തതും, 25 ലക്ഷം രൂപ വരെയുള്ള ആദ്യ ഭവന വായ്പക്ക് ഒരു ലക്ഷം രൂപ വരെ നികുതിയിളവ് വരുത്തിയതും ഇടത്തരക്കാര്‍ക്ക് ആശ്വാസമാണ്. സ്ത്രീകള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രത്യേക പരിഗണന ബജറ്റ് നല്‍കുന്നുണ്ട്.
തിരുവള്ളുവരുടെ തമിഴിലുള്ള വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ചിദംബരം ബജറ്റ് പ്രസംഗം തുടങ്ങിയത്. ഗ്രാമീണ മേഖലകള്‍ക്കാണ് ബജറ്റ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ഗ്രാമീണ മേഖലകള്‍ക്ക് 8000 കോടി വകയിരുത്തിയത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് വിലയിരുത്തല്‍. അഞ്ച് ലക്ഷം രൂപ വരെയുള്ള വരുമാനമുള്ളവര്‍ക്ക് 2000 രൂപയുടെ നികുതിയിളവ് നല്‍കും. ഭവന നിര്‍മാണത്തിന് ഗ്രാമീണ മേഖലയില്‍ 6000 കോടിയും നഗരത്തില്‍ 2000 കോടിയും വകയിരുത്തി. ഭവനവായ്പയിലെ ഇളവ് സിമന്റ്, കമ്പി മേഖലകളെ ഉണര്‍ത്തുമെന്ന് ചിദംബരം പറഞ്ഞു. ഒരു കോടിയില്‍ പരം വരുമാനമുള്ളവര്‍ക്ക് പത്ത് ശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയത് അതിസമ്പന്നര്‍ക്ക് തിരിച്ചടിയാണ്. രാജ്യത്ത് 42,800 പേരാണ് സര്‍ചാര്‍ജ് നല്‍കേണ്ടി വരിക.വിദേശത്ത് നിന്ന് കൊണ്ടുവരാവുന്ന സ്വര്‍ണത്തിന്റെ പരിധി ഉയര്‍ത്തി. പുരുഷന്മാര്‍ക്ക് 50,000 രൂപ വരെയും സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ വരെയും വിലയുള്ള സ്വര്‍ണം കൊണ്ടുവരാം. ദേശീയ ശിശുക്ഷേമ ഫണ്ടിലേക്കുള്ള സംഭാവനകള്‍ക്ക് പൂര്‍ണ നികുതിയിളവ് ഏര്‍പ്പെടുത്തി. അമ്പത് ലക്ഷത്തിന് മുകളിലുള്ള ഭൂമി കൈമാറ്റത്തിന് ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തി. പത്ത് കോടിയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്ക് അഞ്ച് മുതല്‍ പത്ത് ശതമാനം വരെ സര്‍ചാര്‍ജുണ്ടാകും. ആദായ നികുതിദായകരില്‍ നിന്ന് വിദ്യാഭ്യാസ സെസ് തുടരും. റവന്യൂക്കമ്മി 3.3 ശതമാനം ആക്കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും സാധാരണക്കാരെ ബാധിക്കുന്ന നികുതി ഭാരമില്ലെന്നതും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. സ്ത്രീ സുരക്ഷക്കായി നിര്‍ഭയ ഫണ്ട് നടപ്പാക്കും. ഇതിനായി 1000 കോടി രൂപ വകയിരുത്തി. സബ്‌സിഡി നേരിട്ട് നല്‍കുന്ന പദ്ധതി വ്യാപിപ്പിക്കും. അലിഗഢ്, ബനാറസ് സര്‍വകലാശാലകള്‍ക്ക് നൂറ് കോടിയും പൊതുമേഖലാ ബേങ്കുകള്‍ക്ക് 14,000 കോടിയും, പ്രതിരോധ മേഖലക്ക് 2,03,764 കോടി രൂപയും വകയിരുത്തി. പോസ്റ്റ് ഓഫീസുകളെയും കോര്‍ബേങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കും കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 800 കോടിയുണ്ട്. ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസ് ആറെണ്ണം കൂടി സ്ഥാപിക്കും. ആണവോര്‍ജ വകുപ്പിന് 5800 കോടിയും ശാസ്ത്ര സാങ്കേതിക വകുപ്പിന് 6474 കോടിയും അനുവദിച്ചു.വീട്ടുജോലിക്കാര്‍ക്കും അങ്കണ്‍വാടി ജീവനക്കാര്‍ക്കും ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്. ജലശുദ്ധീകരണ പദ്ധതിക്ക് 1400 കോടി അനുവദിച്ചു. രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ്‌സ് നിക്ഷേപങ്ങള്‍ക്ക് നികുതിയളവ് നല്‍കി. 12 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെയും ഇതില്‍പ്പെടുത്തി. പൊതുമേഖലയിലെ എല്ലാ ബേങ്കുകളിലും എ ടി എം സൗകര്യം ഏര്‍പ്പെടുത്തും. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ 7500 കോടിയുടെ തുറമുഖം നടപ്പാക്കും. മഹാരാഷ്ട്രയിലും ഗുജറാത്തിലും വ്യാവസായിക നഗരങ്ങള്‍ സ്ഥാപിക്കും. 300 എഫ് എം സ്‌റ്റേഷനുകള്‍ ലേലം ചെയ്യും. കൈത്തറി മേഖലയില്‍ ആറ് ശതമാനം പലിശയില്‍ പ്രത്യേക വായ്പ, നെയ്ത്ത് മേഖലക്ക് 150 കോടി എന്നിവയും അനുവദിച്ചു.ഇന്ത്യയിലെ ആദ്യ വനിതാ ബേങ്ക് പൊതുമേഖലയില്‍ സ്ഥാപിക്കും. ഇതിനായി 1000 കോടി രൂപ അനുവദിച്ചു. ബേങ്ക് ഒക്‌ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. ബംഗാളിലും ആന്ധ്രയിലും പുതിയ തുറമുഖങ്ങള്‍ വരും. യുവജന വൈദഗ്ധ്യ വികസനത്തിന് 1000 കോടിയുണ്ട്. ഭവന വായ്പ നികുതിയിളവ് ഒന്നര ലക്ഷം രൂപയെന്നത് 2.5 ലക്ഷമായി ഉയര്‍ത്തി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ റോഡുമാര്‍ഗം മ്യാന്‍മറുമായി ബന്ധിപ്പിക്കും. മാലിന്യ നിര്‍മാര്‍ജന രംഗം പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും. റാഞ്ചിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ബയോടെക്‌നോളജി സ്ഥാപിക്കും. കടപ്പത്രങ്ങളിലൂടെ 25,000 കോടി സമാഹരിക്കും. വയോജന കേന്ദ്രങ്ങള്‍ക്ക് 160 കോടിയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് 1000 കോടിയും കുടിവെള്ളം, ശുചിത്വം എന്നിവക്കായി 16,220 കോടിയും ഭക്ഷ്യസുരക്ഷാ നിയമത്തിന് 10,000 കോടിയും അടിസ്ഥാന സൗകര്യ വികസനത്തിന് 55 ലക്ഷം കോടിയും കാര്‍ഷിക വികസനത്തിന് 27,049 കോടിയും ന്യൂനപക്ഷ ക്ഷേമത്തിന് 3000 കോടിയും നീര്‍ത്തട പദ്ധതിക്ക് 5387 കോടിയും വിദ്യാഭ്യാസ മേഖലക്ക് 65,000 കോടിയും കാര്‍ഷിക വായ്പകള്‍ക്ക് ഏഴ് ലക്ഷം കോടി രൂപയും വകയിരുത്തി.ജന്റം പദ്ധതി പ്രകാരം 14,000 ബസുകള്‍ പുറത്തിറക്കും. ദേശീയ ഗ്രാമീണ തൊഴില്‍ദാന പദ്ധതിക്ക് 33,000 കോടിയും ടൂറിസം പദ്ധതികള്‍ക്ക് 80,194 കോടിയും വകയിരുത്തി. പിന്നാക്ക ആദിവാസി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ആയുര്‍വേദം, ഹോമിയോപ്പതി, യുനാനി മേഖലകള്‍ക്ക് 1069 കോടിയും മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 4200 കോടിയും മാനവിഭവശേഷി മന്ത്രാലയത്തിന് 65,867 കോടിയും വനിതാക്ഷേമത്തിന് 200 കോടി രൂപയും അനുവദിച്ചു. പട്ടികജാതി വികസനത്തിന് 41,516 കോടിയും പട്ടിക വര്‍ഗ വികസനത്തിന് 25,000 കോടിയും ആരോഗ്യമേഖലക്ക് 37,330 കോടിയും സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 13,215 കോടിയും സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിക്ക് 27,268 കോടി രൂപയുമാണ് ബജറ്റ് വിഹിതം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമുള്ള വിഹിതം കൂട്ടും.

ധനകമ്മി 5.3 ശതമാന ആകുമെന്നാണ് പ്രതീക്ഷ. അടുത്ത വര്‍ഷം നാല് ശതമാനവും ലക്ഷ്യമിടുന്നു. വാര്‍ഷിക പദ്ധതിയില്‍ 29. നല ശതമമാന വര്‍ധനയുണ്ട്. ഇത് പ്രതിസന്ധി മറികടക്കാന്‍ സഹായകമാക്കും. ചൈനയും ഇന്തോനേഷ്യയുമാണ് ഇന്ത്യയെക്കാള്‍ വളര്‍ച്ചയുള്ള രാജ്യങ്ങള്‍. വിദേശമൂലധനം ആകര്‍ഷിക്കേണ്ടത് അത്യാവശ്യമാണെന്നും വികസനം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കണമെന്നും മന്ത്രി ചിദംബംരം പറഞ്ഞു.