സന്തുലിത ബജറ്റ്‌

Posted on: March 1, 2013 7:09 am | Last updated: March 2, 2013 at 9:59 am
SHARE

SIRAJ.......പുതിയ നികുതിനിര്‍ദേശങ്ങളോ കാര്യമായ ഇളവുകളോ ഇല്ലാത്ത സന്തുലിത ബജറ്റാണ് ഇന്നലെ ധനകാര്യ മന്ത്രി ചിദംബരം 2013-14 വര്‍ഷത്തേക്കായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച രണ്ടാം യു പി എ സര്‍ക്കാറിന്റെ അവസാന ബജറ്റ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാകണം കടുത്ത സാമ്പത്തിക മാന്ദ്യത്തിനിടയിലും ചിദംബരം ജനങ്ങളുടെ മേല്‍ കുടുതല്‍ ബാധ്യതകള്‍ അടിച്ചേല്‍പ്പിക്കാതിരുന്നത്. 16,65,322 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍ പദ്ധതി ചെലവുകള്‍ക്കായി വകയിരുത്തിയത് 5,55,322 കോടിയാണ്. റവന്യൂ വരുമാനം 10,56,331 കോടി പ്രതീക്ഷിക്കുമ്പോള്‍ റവന്യൂ കമ്മി 3,79,838 കോടിയായി വര്‍ധിക്കുമന്നും വിലയിരുത്തുന്നു. ധനക്കമ്മി കഴിഞ്ഞ വര്‍ഷത്തെ 5,20,925 കോടിയില്‍ നിന്നും 5,42,499 കോടിയായി ഉയരും.കാര്‍ഷിക, വിദ്യാഭ്യാസ, ഗ്രാമീണ മേഖലകള്‍ക്കാണ് ബജറ്റ് പ്രാമുഖ്യം നല്‍കുന്നത്. കാര്‍ഷിക മേഖലക്ക് 27,049 കോടിയും വിദ്യാഭ്യാസത്തിന് 65,867 കോടിയും ഗ്രാമ വികസനത്തിന് 80,000 കോടിയും വകയിരുത്തിയിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും ഊന്നല്‍ നല്‍കുന്നുണ്ട്. ന്യൂന്യപക്ഷ ക്ഷേമത്തിന് 3,000 കോടിയും പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിന് 41,561 കോടിയും ആദിവാസി ക്ഷേമത്തിന് 24,598 കോടിയും പിന്നാക്ക – ആദിവാസ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിന് 5284 കോടിയും പ്രഖ്യാപിക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന് 37,330 കോടി, ആയുഷ് ആരോഗ്യ പദ്ധതിക്ക് 1,069 കോടി, ശിശുക്ഷേമത്തിന് 77,000 കോടി, ഭക്ഷ്യസുരക്ഷക്ക് 10,000 കോടി, വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിന് 13,000 കോടി, വനിതാക്ഷേമത്തിന് 200 കോടി, വയോജന കേന്ദ്രങ്ങള്‍ക്ക് 160 കോടി തടങ്ങിയവയാണ് മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍.3600 കോടിയുടെ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിയെ ചൊല്ലി വിവാദം ആളിക്കത്തിക്കൊണ്ടിരിക്കുന്നതിനിടെ പ്രതിരോധ മന്താലയത്തിന്റെ ചെലവ് വന്‍തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. 2012-13 വര്‍ഷത്തെ ബജറ്റില്‍ 1,93,403 കോടി നീക്കി വെച്ച സ്ഥാനത്ത് ഈ വര്‍ഷത്തെ വിഹിതം 2,03,672 കോടി വരും. പോര്‍വിമാനങ്ങള്‍, പടക്കപ്പലുകള്‍, ടാങ്കുകള്‍, പീരങ്കികള്‍ തുടങ്ങിയ ആയുധങ്ങള്‍ വാങ്ങുന്നതിനാണ് ബജറ്റിലെ ഗണ്യമായ വിഹിതം ചെലവഴിക്കുന്നത്. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണിയും തീവ്രവാദ സംഘടകളുടെ സാന്നിധ്യവുമൊക്കെയാണ് പ്രതിരോധ മേഖലയെ കൂടുതല്‍ ആയുധമണിയിക്കുന്നതിന് പറയുന്ന ന്യായം. ഇത്തരം ഭീഷണികള്‍ക്ക് പിന്നില്‍ ഒരളവോളം ആയുധക്കച്ചവടക്കാരായ ചില വന്‍കിട രാഷ്ട്രങ്ങളാണെന്ന ആരോപണമുണ്ടെങ്കിലും ഇക്കാര്യത്തെക്കുറിച്ചു കൂടുതല്‍ അന്വേഷിക്കാനോ, പഠിക്കാനോ ബന്ധപ്പെട്ടവര്‍ താത്പര്യപ്പെടുന്നതായി കാണുന്നില്ല. ആയുധ ഇടപാടിലെ അഴിമതിക്കറുതി വരുത്താനായി രാജ്യത്ത് ആയുധ നിര്‍മാണത്തിന് പദ്ധതികളാവിഷ്‌കരിക്കുമെന്ന് വകുപ്പ് മന്ത്രി എ കെ ആന്റണി പ്രഖ്യാപനം ബജറ്റില്‍ പ്രതിഫലിച്ചതായും കാണുന്നില്ല.സാമ്പത്തിക മാന്ദ്യം ആഗോള പ്രതിഭാസമാണെന്നും ഇന്ത്യയുടെ മാത്രം പ്രശ്‌നമല്ലെന്നും സമാധാനപ്പെടുന്ന ചിദംബരം കര്‍ശനമായ സാമ്പത്തിക അച്ചടക്കത്തിലൂടെ മാത്രമേ സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാനാകുകയുള്ളുവെന്ന് ബജറ്റിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. സാമ്പത്തിക വളര്‍ച്ച നിലവിലുള്ള അഞ്ച് ശതമാനത്തില്‍ നിന്ന് എട്ടായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് പറയുന്ന മന്ത്രി അതൊരു കടുത്ത വെല്ലുവിളിയാണെന്നും സമ്മതിക്കുന്നു. അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കല്‍, വിദേശ നിക്ഷേപം തുടങ്ങിയ പതിവ് കുറുക്കുവഴികളാണ് ധനസമാഹരണത്തിന് അദ്ദേഹം സ്വീകരിക്കുന്നത് . പദ്ധതിയേതര ചെലവുകള്‍ കുറക്കുന്നതിനുള്ള നിര്‍ദേശങ്ങളൊന്നും സമര്‍പ്പിച്ചതായി കാണുന്നില്ല. ഭരണ മേഖലയിലെ ധൂര്‍ത്തും ആഡംബരവും കര്‍ശനമായി കുറച്ചും, ശതകോടികള്‍ രാജ്യത്തിന് നഷ്ടപ്പെടുത്തുന്ന അഴിമതിയുടെ പരമ്പരകള്‍ക്കറുതി വരുത്തിയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വിഹിതം കണ്ടെത്തുന്ന ക്രിയാത്മകവും ധീരവുമായ നടപടികളാണ് രാജ്യത്തിനിന്നാവശ്യം.ബജറ്റില്‍ പുതിയ നികുതിനിര്‍ദേശങ്ങളില്ലെങ്കിലും സാധാരണക്കാരന്റെ ഭാരം വര്‍ധിപ്പിക്കുന്ന നടപടികള്‍ ഇടക്കാലത്ത് പ്രതീക്ഷിക്കേണ്ടതുണ്ട്. വിവിധ മേഖലകളില്‍ സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡികള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ശതമാനമായും അടുത്ത രണ്ട് വര്‍ഷത്തിനകം രണ്ടില്‍ നിന്ന് 1.75 ശതമാനമായും കുറക്കുമെന്നും കഴിഞ്ഞ ബജറ്റില്‍ പ്രണാബ് മുഖര്‍ജി വ്യക്തമാക്കിയിരുന്നു. ബൂധനാഴ്ച അവതരിപ്പിച്ച സാമ്പത്തിക സര്‍വേയിലും സബ്‌സിഡികള്‍ കുറക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറയുന്നുണ്ട്. ബജറ്റില്‍ നിന്നൊഴിവക്കി ഇത്തരം പ്രഖ്യാപനങ്ങള്‍ ഇടവേളകളിലേക്ക് മാറ്റിവെക്കുന്ന തന്ത്രമാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം അനുവര്‍ത്തിച്ചത്. അടുത്ത വര്‍ഷത്തിലും ഇത് തുടരാനാണ് സാധ്യത. എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ മറ്റു മാന്ത്രിക വിദ്യകളൊന്നും ചിദംബരത്തിന്റ കൈവശമില്ലല്ലോ.