കണ്ണിയത്ത് ഉസ്താദിന്റെ അനുസ്മരണ പരിപാടിക്കിടെ കല്ലേറ്; എസ് എസ് എഫ് പ്രവര്‍ത്തകന് പരുക്ക്

Posted on: March 1, 2013 6:57 am | Last updated: March 14, 2013 at 12:27 pm
SHARE

വാഴക്കാട്: കണ്ണിയത്ത് ഉസ്താദിന്റെ ആണ്ട് നേര്‍ച്ചയും അനുസ്മരണ പരിപാടിയും നടക്കുന്നതിനിടെ വിഘടിത സുന്നി പ്രവര്‍ത്തകരുടെ ആക്രമണം. കല്ലേറില്‍ എസ് എസ് എഫ് പ്രവര്‍ത്തകന് പരുക്കേറ്റു. വാഴയൂര്‍ സ്വദേശി റഫീഖി(22)നാണ് പരുക്കേറ്റത്. കണ്ണിന് പരുക്കേറ്റ റഫീഖിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഴക്കാട് ഐ എസ് ടി ഡി സുന്നി മസ്ജിദില്‍ മഗ്‌രിബ് നിസ്‌കാരം നടക്കുന്നതിനിടെ പള്ളിക്ക് നേരെയുണ്ടായ കല്ലേറിലാണ് റഫീഖിന് പരുക്കേറ്റത്. ഈ സമയം പുറത്ത് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച വിഘടിത വിഭാഗം പോലീസിന് നേരെയും കല്ലേറ് നടത്തി. തുടര്‍ന്ന് ഇവരെ പോലീസ് ലാത്തി വീശി വിരട്ടി ഓടിക്കുകയായിരുന്നു. വാഴക്കാട് സുന്നി മസ്ജിദില്‍ രാവിലെ മുതല്‍ സ്വലാത്ത് മജ്‌ലിസ്, ദിക്ര്‍ ദുആ, ഖത്മുല്‍ ഖുര്‍ആന്‍ പാരായണം, മഖ്ബറ സിയാറത്ത്, അന്നദാന വിതരണം, അനുസ്മരണ പ്രഭാഷണം എന്നിവ നടത്തി. മഗ്‌രിബ് നിസ്‌കാരാനന്തരം നടത്താന്‍ നിശ്ചയിച്ചിരുന്ന കൂട്ട സിറായത്ത് മുന്നില്‍ കണ്ടുകൊണ്ടാണ് വിഘടിത വിഭാഗം ആക്രമണത്തിന് തുടക്കം കുറിച്ചത്. നേര്‍ച്ചക്ക് കണ്ണിയത്ത് ഉസ്താദിന്റെ മകന്‍ കുഞ്ഞിമോന്‍, ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, എ കെ സി അബ്ദുല്‍ അസീസ് ബാഖവി, വൈ പി മുഹമ്മദ് ഹാജി, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി നേതൃത്വം നല്‍കി.