Connect with us

Malappuram

കാളികാവ് ആശുപത്രി വികസനത്തിന് 25 ലക്ഷം രൂപ

Published

|

Last Updated

കാളികാവ്: കാളികാവ് ആശുപത്രി ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിട്ട് ആദ്യമായി ചേര്‍ന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് ആശുപത്രി വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയത്. വികസന പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി കാളികാവ് ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആക്കി ഉയര്‍ത്തിയതിന് ശേഷം പുതിയ സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കുന്നതിനും കാളികാവ് ആസ്ഥാനമായി പുതിയ ഹെല്‍ത്ത് ബ്ലോക്ക് രൂപീകരിക്കുന്നതിന് സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതിനും യോഗത്തില്‍ തീരുമാനമായി.
ആശുപത്രിയുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവിലുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനും പുതിയ ഭൂമി കണ്ടെത്തുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഏറെകാലമായി കാളികാവ് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ജ്ജീവാവസ്ഥയിലായിരുന്നു. ആശുപത്രി സി എച്ച് സിയാക്കി മാസങ്ങള്‍ക്ക് മുമ്പ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ബ്ലോക്ക് പഞ്ചായത്തിന് കൃത്യമായി സമയാ സമയങ്ങളില്‍ വിവരങ്ങള്‍ കിട്ടാന്‍ വൈകിയതിനാലാണ് നടപടി ക്രമങ്ങള്‍ വൈകിയത്. കാളികാവ് പ്രാഥമികാരോഗ്യ കേന്ദ്രം ഗ്രാമ പഞ്ചായത്തിന്റെ അധികാര പരിധിയിലായിരുന്നു. എന്നാല്‍ സി എച്ച് സി ആക്കി ഉയര്‍ത്തിയതോടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഗ്രാമ പഞ്ചായത്തിന് അധികാരം നഷ്ടമായി. ബ്ലോക്ക് പഞ്ചായത്തിന് രേഖകളൊന്നും ലഭിച്ചതുമില്ല. ഇത് കാരണമാണ് വികസന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാന്‍ കാരണം. കാളികാവില്‍ നിന്നും വിദഗ്ധ ചികിത്സക്കായി ദൂര സ്ഥലങ്ങളിലെ ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്. കാളികാവിലെ ആശുപത്രി സി എച്ച് സിയാക്കിയതോടെ സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരും, ആധുനിക ചികിത്സാ സൗകര്യങ്ങളും ലഭ്യമാകും. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയില്‍ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ടി ജെ മറിയക്കുട്ടി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.