നൂറാടിപ്പാലം അനുബന്ധ റോഡ്; ഭൂമി വിട്ട് നല്‍കിയവര്‍ക്ക് നഷ്ട പരിഹാരത്തുക വര്‍ധിപ്പിച്ച് നല്‍കാന്‍ ഉത്തരവ്‌

Posted on: March 1, 2013 6:44 am | Last updated: March 14, 2013 at 12:40 pm
SHARE

മലപ്പുറം: നൂറാടിപ്പാലം അനുബന്ധ റോഡ് വീതികൂട്ടി നിര്‍മിക്കാന്‍ ഭൂമി വിട്ടുകൊടുത്ത വസ്തു ഉടമകള്‍ക്ക് നല്‍കിയ നഷ്ടപരിഹാര തുക വര്‍ധിപ്പിച്ച് നല്‍കാന്‍ മഞ്ചേരി സബ് കോടതി ഉത്തരവിട്ടു. കടലുണ്ടിപ്പുഴക്ക് കുറുകെ നിര്‍മിച്ച നൂറടിപ്പാലത്തിന്റെ അപ്രോച്ച് റോഡ് വീതി കൂട്ടി നിര്‍മിക്കാന്‍ വേണ്ടി 9,192 ചതുരശ്ര മീറ്റര്‍ ഭൂമിയാണ് മലപ്പുറം, പാണക്കാട്, കോഡൂര്‍ വില്ലേജുകളില്‍ നിന്നായി 2005 വര്‍ഷത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്.
ഭൂമി വിട്ടുകൊടുത്തതിന് നല്‍കിയ നഷ്ടപരിഹാര തുകയില്‍ ആക്ഷേപമുള്ള 35 കുടുംബങ്ങളാണ് അഡ്വ.സി എച്ച് ഫസ്‌ലുര്‍റഹ്മാന്‍ മുഖേന നഷ്ടപരിഹാര തുക വര്‍ധിപ്പിച്ച് കിട്ടാന്‍ കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ 2005 വര്‍ഷത്തില്‍ വസ്തു ഉടമകളില്‍ നിന്നും ഭൂമി ഏറ്റെടുത്ത് അപ്രോച്ച് റോഡ് നിര്‍മിച്ചുവെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം 2010ല്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ വസ്തു ഉടമകള്‍ക്ക് നഷ്ടപരിഹാര തുക നല്‍കിയത്. പ്രസ്തുത നഷ്ട പരിഹാര തുക കുറവാണെന്നും തുക വര്‍ധിപ്പിച്ച് കിട്ടണമെന്നും ആവശ്യപ്പെട്ടാണ് വസ്തു ഉടമകള്‍ കോടതിയില്‍ ഹരജി നല്‍കിയത്. വസ്തു ഉടമകള്‍ക്ക് മലപ്പുറം ലാന്‍ഡ് അക്വിസഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ നല്‍കിയ അവാര്‍ഡ് തുകയുടെ നൂറ് ശതമാനം വര്‍ധിപ്പിച്ച് നല്‍കാനും അപ്രോച്ച് റോഡിന്റെ നിര്‍മാണത്തിനായി സ്ഥലം അക്വയര്‍ ചെയ്തത് കാരണം വസ്തുടമകള്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരമായി അക്വയര്‍ ചെയ്ത സ്ഥലം കഴിച്ച് പത്ത് സെന്റ് വരെ ഭൂമി കൈവശമുള്ള സ്ഥലം ഉടമകള്‍ക്ക് ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പ്രകാരമുള്ള മുഴുവന്‍ ആനുകൂല്യങ്ങളും കൂടാതെ കോടതി ചെലവും ലഭ്യമാക്കാനും മഞ്ചേരി സബ് ജഡ്ജ് ശേഷാധിനാഥന്‍ ഉത്തരവിട്ടു.