വള്ളുവനാട് വികസന അതോറിറ്റി പ്രവര്‍ത്തനം കടലാസില്‍

Posted on: March 1, 2013 6:40 am | Last updated: March 14, 2013 at 12:30 pm
SHARE

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് വള്ളുവനാട് വികസന അതോറിറ്റി രൂപവത്കരിച്ചുവെങ്കിലും അതോറിറ്റിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഇന്നും ആയില്ല. വള്ളുവനാട് വികസന അതോറിറ്റി രൂപവത്കരിക്കുന്നതിനായി കഴിഞ്ഞ ബജറ്റില്‍ മന്ത്രി കെ എം മാണി പ്രസംഗിച്ചത് ശ്രദ്ദേയമായിരുന്നു.
മാത്രവുമല്ല അതോറിറ്റിയുടെ പ്രാരംഭ ചെലവുകള്‍ക്കായി 25 ലക്ഷം രൂപയും വകയിരുത്തിയിരുന്നു. ശാസ്ത്രീയമായ അടിസ്ഥാന വികസന സൗകര്യങ്ങള്‍ സജ്ജീകരിക്കുകയാണ് അതോറിറ്റിയുടെ ലക്ഷ്യമെങ്കിലും പ്രാരംഭ പ്രവര്‍ത്തികള്‍ക്കുള്ള നടപടികള്‍ ചെയ്ത് തീര്‍ത്തെങ്കിലും ഒന്നും നടപ്പിലായില്ല. വള്ളുവനാട് വികസന അതോറിറ്റിയുടെ കമ്മിറ്റി രൂപവത്കരണവും ചെയര്‍മാനെയും മറ്റും ഇതിനകം തിരഞ്ഞെടുത്തിരുന്നു.
വള്ളുവനാട് വികസന അതോറിറ്റിയുടെ പ്രവര്‍ത്തനം വൈകുന്നതില്‍ ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍ വൈസേഴ്‌സ് ഫെഡറേഷന്‍ പെരിന്തല്‍മണ്ണ യൂനിറ്റ് ആശങ്ക പ്രകടിപ്പിച്ചു. അതോറിറ്റിയുടെ കീഴില്‍ വരുന്ന പഞ്ചായത്തുകളെ കാറ്റഗറി ഒന്നിലേക്ക് ഉയര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അമീറുദ്ദീന്‍ പി ഉദ്ഘാടനം ചെയ്തു. ഹാരിസ് അധ്യക്ഷത വഹിച്ചു.