തളിപ്പറമ്പില്‍ ടാങ്കര്‍ മറിഞ്ഞ് ഏഴ് പേര്‍ക്ക് പരുക്ക്‌

Posted on: February 25, 2013 10:08 am | Last updated: February 25, 2013 at 10:08 am

tanker lorryതളിപ്പറമ്പ്: ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞത് ജനങ്ങളെ പരിഭ്രാന്തരാക്കി. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ദേശീയപാത തളിപ്പറമ്പ് കുപ്പത്തിനടുത്ത് ചുടലയിലാണ് അപകടമുണ്ടായത്. ചാല ദുരന്തത്തിന്റെ ഓര്‍മയുണര്‍ത്തി കാട്ടുതീ പോലെയാണ് വാര്‍ത്ത പരന്നത്. മംഗലാപുരത്ത് നിന്നും ഗ്യാസുമായി വന്ന ടാങ്കര്‍ ലോറി ചുടല ബസ് സ്റ്റോപ്പിന് സമീപം ഓട്ടോറിക്ഷയില്‍ ഇടിച്ച് മറിയുകയായിരുന്നു. ടാങ്കറിന് ചോര്‍ച്ച ഉള്ളത് കൊണ്ട് രാത്രി 11.30ന് ശേഷം സ്ഥലവാസികളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. അപകടം നടന്ന ഉടനെ സമീപത്തെ കടകള്‍ പോലീസ് അടപ്പിച്ചു. ദേശീയപാതയില്‍ കുപ്പത്തും പിലാത്തറയിലും വാഹനങ്ങളെ പഴയങ്ങാടി വഴി തിരിച്ചുവിടുകയായിരുന്നു. പരിസരത്തെ വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.
അപകടത്തില്‍ പരുക്കേറ്റ ഓട്ടോറിക്ഷാ യാത്രക്കാരായ രമേശന്‍ മൊറാഴ (40), രാഘവന്‍ അരോളി (60), രൂപേഷ് (32), എം ഷീജ (30) എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും ലോറി ഡ്രൈവര്‍ സേലം സ്വദേശി പളനി (42), ഓട്ടോറിക്ഷ ഡ്രൈവര്‍ ദിപിന്‍ (22), വഴിയാത്രക്കാരനായ ചിണ്ടന്‍ കുളപ്പുറം (60) എന്നിവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.