2500 ഏക്കര്‍ ഭൂമി വ്യാവസായിക മേഖലയാക്കി ഇറക്കിയ വിജ്ഞാപനം റദ്ദാക്കാനുള്ള നടപടികള്‍ വൈകുന്നു

Posted on: February 24, 2013 10:52 am | Last updated: February 24, 2013 at 10:52 am

തിരുവനന്തപുരം:ആറന്മുള വിമാനത്താവളത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ 2500 ഏക്കര്‍ ഭൂമി വ്യാവസായിക മേഖലയാക്കി ഇറക്കിയ വിജ്ഞാപനം റദ്ദാക്കാനുള്ള നടപടികള്‍ വൈകുന്നു. വ്യക്തമായ പരിശോധനകളില്ലാതെ ഒരുകൂട്ടം സര്‍വേ നമ്പറുകള്‍ ഉള്‍പ്പെടുത്തി വിജ്ഞാപനമിറക്കിയതിനാലാണ് റദ്ദാക്കലിന് കാലതാമസം നേരടുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. വിമാനത്താവളത്തിന് അഞ്ഞൂറ് ഏക്കര്‍ ഭൂമി മതിയെന്നിരിക്കെ 2500 ഏക്കര്‍ ഭൂമി വ്യാവസായിക മേഖലയാക്കിയത് വിവാദമായതിനെ തുടര്‍ന്നാണ് വിജ്ഞാപനം ഭാഗികമായി റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തന്നെ വിജ്ഞാപനം റദ്ദാക്കാന്‍ തീരുമാനിച്ച് വ്യവസായ വകുപ്പ് ഉത്തരവ് ഇറക്കിയതാണ്. എന്നാല്‍, ഏഴ് മാസമായിട്ടും ഇതിന്റെ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ആറന്മുള, കിടങ്ങന്നൂര്‍, മല്ലപ്പുഴശ്ശേരി വില്ലേജുകളിലെ 2500 ഏക്കര്‍ ഭൂമിയാണ് വിമാനത്താവളത്തിനും അനുബന്ധ വികസനത്തിനും വേണ്ടി വ്യവസായ മേഖലയാക്കിയത്.
വിമാനത്താവളം നിര്‍മിക്കാന്‍ കെ ജി എസ് ഗ്രൂപ്പ് വാങ്ങിയതും സ്വകാര്യ ഉടമകളുടെ കൈവശമുള്ളതുമായ ഭൂമിയെല്ലാം ചേര്‍ത്ത് തിടുക്കപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ വിജ്ഞാപനമിറക്കുകയായിരുന്നു. ഇല്ലാത്തതും ഉള്ളതുമായ സര്‍വേ നമ്പറുകളെല്ലാം ഇതില്‍ ഉള്‍പ്പെട്ടിരുന്നു. മാത്രമല്ല, ചില സര്‍വേ നമ്പറുകള്‍ ഇരട്ടിച്ചതായും കണ്ടെത്തി. തിരഞ്ഞെടുപ്പിനു മുമ്പ് വ്യവസായ ഭൂപ്രദേശമായി വിജ്ഞാപനം ചെയ്യണമെന്ന വാശിയില്‍ യാതൊരുവിധ പരിശോധനയും നടത്താതെയായിരുന്നു ഈ ഉത്തരവ്. 2011 മാര്‍ച്ച് ഒന്നിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ച ദിനത്തില്‍ തിടുക്കത്തില്‍ വിജ്ഞാപനം ഇറക്കുകകായിരുന്നു.
വ്യവസായ മേഖലയാക്കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് വന്നതോടെ നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. വിമാനത്താവളത്തിന് ഇത്രയധികം ഭൂമി ആവശ്യമല്ലെന്ന് കണ്ടെത്തിയതോടെയാണ് വിജ്ഞാപനം ഭാഗികമായി റദ്ദാക്കാന്‍ തീരുമാനിച്ചത്. വിമാനത്താവളത്തിനെതിരെ ഇപ്പോള്‍ ശക്തമായ നിലപാട് സ്വീകരിച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തന്നെയാണ് ഭൂമി കൈമാറുന്നതിനും വിജ്ഞാപനമിറക്കാനുമെല്ലാം നിര്‍ദേശം നല്‍കിയിരുന്നത്.
വി എസുമായി അടുപ്പം പുലര്‍ത്തിയിരുന്ന അന്നത്തെ ആറന്മുള എം എല്‍ എ കെ സി രാജഗോപാല്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വി എസിന്റെ ഇടപെടലുകള്‍. 2010 നവംബര്‍ 12നാണ് ഭൂമി ഏറ്റെടുത്ത് നല്‍കണമെന്ന് കാണിച്ച് വി എസ് അച്യുതാനന്ദന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. വിമാനത്താവളത്തിനായി കമ്പനി വാങ്ങിയ ഭൂമിയില്‍ നിയമം ലംഘിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായും അതിനാല്‍ ഭൂമി കൈമാറ്റം അനുവദിക്കാനാകില്ലെന്ന കലക്ടറുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെയായിരുന്നു ഈ ഉത്തരവ്.