ജ്വല്ലറി ജീവനക്കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സീരിയല്‍ നടി റിമാന്‍ഡില്‍

Posted on: February 24, 2013 9:17 am | Last updated: February 24, 2013 at 9:17 am

കണ്ണൂര്‍: ജ്വല്ലറി ജീവനക്കാരിയായ യുവതിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ സീരിയല്‍ നടിയെ കോടതി റിമാന്‍ഡ് ചെയ്തു. മമ്പറം സ്വദേശിനിയായ ഗ്രീഷ്മ(38) യെ ആണ് റിമാന്‍ഡ് ചെയ്തത്. ഒരു ചാനലില്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലില്‍ ഇവര്‍ അഭിനയിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശിനിയായ 32കാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയില്‍ വെള്ളിയാഴ്ച വൈകുന്നേരം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സീരിയല്‍ നടിയെ പിടികൂടിയത്. കഴിഞ്ഞ രണ്ടാഴ്ചയായി സീരിയല്‍ നടി നിരന്തരം യുവതിയെ മൊബൈലില്‍ വിളിക്കാറുണ്ടായിരുന്നുവത്രെ. ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ യുവതിയുടെ സാമ്പത്തിക പരാധീനതകള്‍ മുതലെടുത്താണു സീരിയല്‍ നടി പ്രലോഭിപ്പിച്ചത്. ജീവിക്കാനുള്ള പണം കണ്ടെത്താനുള്ള വഴിയുണ്ടെന്നു പറഞ്ഞായിരുന്നു പ്രലോഭനം. ശല്യം തുടര്‍ന്നതോടെ യുവതി വീട്ടുകാരെയും സഹപ്രവര്‍ത്തകരെയും വിവരം അറിയിക്കുകയായിരുന്നു.
യുവതിയെ വിളിച്ചു കോഴിക്കോട്ടേക്കു പോകാന്‍ മുന്നു ചുരിദാറുമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്താന്‍ സീരിയല്‍ നടി ആവശ്യപ്പെട്ടു. ഇക്കാര്യം ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും യുവതി അറിയിച്ചപ്പോള്‍ നടിയെ കുടുക്കാനായി റെയില്‍വേ സ്റ്റേഷനില്‍ ചെല്ലാന്‍ അവര്‍ നിര്‍ദേശിച്ചു. യുവതി എത്തിയ സമയത്ത് നടിയും എത്തുകയും യുവതിയുമായി പുറപ്പെടാന്‍ ഒരുങ്ങുകയും ചെയ്തപ്പോള്‍ മാറിനിന്നിരുന്ന ബന്ധുക്കളും മറ്റും ചേര്‍ന്ന് അവരെ വളഞ്ഞിട്ടു പിടികൂടുകയായിരുന്നു.
പിന്നീട് വനിതാ പോലീസെത്തി സീരിയല്‍ നടിയെ വനിതാസെല്ലില്‍ എത്തിച്ചു. സീരിയല്‍ നടിയുടെ കൂടെ ഭര്‍ത്താവുമുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് യുവാക്കളായ സഹപ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍പോയി ഇയാളെയും പിടികൂടി ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. സംഭവത്തില്‍ ചപ്പാരപ്പടവ് സ്വദേശിനിയുടെ പരാതിയില്‍ സാമ്പത്തിക ലാഭം ചൂണ്ടിക്കാട്ടി വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന് ഇമ്മോറല്‍ ട്രാഫിക് ആക്ട് സെക്ഷന്‍ 5 പ്രകാരവും മൊബൈല്‍ ഫോണിലൂടെ പ്രലോഭിപ്പിച്ച് സംസാരിച്ചതിന് കേരള പോലീസ് ആക്ട് 119 പ്രകാരവുമാണ് നടിക്കെതിരേ കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊബൈല്‍ നമ്പര്‍ സീരിയല്‍ നടിക്ക് നല്‍കിയ ബക്കളം സ്വദേശി ഷിജുവിനെയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ എത്തിച്ച് നല്‍കിയാല്‍ 3000 രൂപ നല്‍കണമെന്ന് ഷിജു ആവശ്യപ്പെട്ടിരുന്നതായി നടി പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. നിര്‍ധന കുടുംബാംഗമായ സീരിയല്‍ നടി നേരത്തെ യുവതി ജോലിചെയ്തിരുന്ന ജ്വല്ലറിയില്‍ ഫീല്‍ഡ് വര്‍ക്കറായി ജോലിചെയ്തിരുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.