മാധ്യമ ‘വിചാരണ’യില്‍ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്‌

Posted on: February 24, 2013 8:58 am | Last updated: February 24, 2013 at 8:58 am

പാറ്റ്‌ന: വര്‍ധിച്ചുവരുന്ന മാധ്യമ ‘വിചാരണ’ പ്രവണതയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. കുറ്റാരോപിതര്‍ക്കെതിരെ മുന്‍വിധി ഉളവാക്കാന്‍ ഇതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘കടുത്ത ആശങ്ക ഉളവാക്കുന്നതാണ് വര്‍ധിച്ചുവരുന്ന മാധ്യമ വിചാരണ. കേസില്‍ കുറ്റാരോപിതര്‍ക്കെതിരെ മുന്‍വിധിയുണ്ടാക്കാന്‍ ഇതിന് സാധിക്കും. പാറ്റ്‌നയില്‍ ഈസ്റ്റ് സോണ്‍ റീജ്യനല്‍ ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ച സെമിനാറില്‍ സംബന്ധിക്കാനെത്തിയ അല്‍ത്തമാസ് കബീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബാലശിക്ഷാ നിയമത്തില്‍ കുറ്റവാളികളുടെ പ്രായം 18 വയസ്സില്‍ നിന്ന് 16 ആയി ചുരുക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കി. ‘പാര്‍ലിമെന്റിന് മാത്രമേ അതിന് സാധിക്കൂ. മറ്റൊരു സംവിധാനത്തിനും അതിന് സാധിക്കില്ല.’ ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെട്ടതിനാല്‍ ഈ ആവശ്യം സജീവമാണ്.
സാക്ഷികള്‍ക്ക് മതിയായ സംരക്ഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സാക്ഷികളുടെ സുരക്ഷയില്‍ സംതൃപ്തനാണോയെന്ന് ചോദിച്ചപ്പോള്‍, അത് ഇനിയും പുരോഗമിക്കേണ്ടതുണ്ടെന്ന് അദ്ദേഹം മറുപടി നല്‍കി. രാജ്യത്ത് സാക്ഷി സംരക്ഷണം ശുഷ്‌കമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കോടതികളില്‍ സാക്ഷികള്‍ക്ക് ഇരിക്കാന്‍ മതിയായ സൗകര്യം പോലുമില്ല. സാക്ഷികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ പോലും നല്‍കാന്‍ അധികാരികള്‍ മടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാറ്റ്‌ന ഹൈക്കോടതി, ബീഹാര്‍ ജുഡീഷ്യല്‍ അക്കാദമി, നാഷനല്‍ ജുഡീഷ്യല്‍ അക്കാദമി എന്നിവ സംയുക്തമായാണ് ത്രിദിന സമ്മേളനം സംഘടിപ്പിച്ചത്.