Connect with us

Education

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ റിപ്പോര്‍ട്ട് ഈ വര്‍ഷം നടപ്പാക്കും: മുഖ്യമന്ത്രി

Published

|

Last Updated

കൊച്ചി: ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് വിവിധ സംഘടനകളുമായി ചര്‍ച്ച ചെയ്ത് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാകും ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയെന്ന് അദ്ദേഹം പറഞ്ഞു. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ലോകത്ത് ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള പരിപാടിക്ക് രൂപം നല്‍കാനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ടി പി ശ്രീനിവാസന്‍ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഈ വര്‍ഷം തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് ഗുണകരമായ തീരുമാനം സര്‍ക്കാര്‍ ഈ വര്‍ഷം തന്നെ എടുക്കും.
ഇനി നീട്ടിക്കൊണ്ടു പോകാനാകില്ല. എന്നാല്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനായി റിപ്പോര്‍ട്ട് പൊതുചര്‍ച്ചക്ക് വിധേയമാക്കും. സമവായം ഉണ്ടായില്ലെങ്കിലും റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുള്ള നടപടിയുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ രംഗത്ത് മറ്റേത് സംസ്ഥാനത്തേക്കാളും മുന്നില്‍ നില്‍ക്കുന്ന കേരളം ഉന്നത വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കണ്ടേ മതിയാകൂ. പൊതുവിദ്യാഭ്യാസ രംഗത്ത് വളരെ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളുടെ നേട്ടം പോലും ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് നേടാനായിട്ടില്ല. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനലവാരമളക്കുന്ന കോളജ് ഓഫ് എക്‌സലന്‍സ് ലിസ്റ്റ് വരുമ്പോള്‍ അതില്‍ കേരളത്തിലെ ഒരു കോളജ് പോലും ഉണ്ടാകാറില്ല.
കേരളത്തിന്റെ നയങ്ങളും പരിപാടികളും പുതിയ സാഹചര്യത്തിനനുസരിച്ച് മാറാത്തതാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ പിന്നോക്കാവസ്ഥക്ക് കാരണം. സയന്‍സിലും ടെക്‌നോളജിയിലും വലിയ മാറ്റങ്ങളാണ് അനുദിനമെന്നോണം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം സി ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.

Latest