Connect with us

Kozhikode

മഹ്മൂദ് യാത്ര തുടരുന്നു; സുവര്‍ണകാല മാപ്പിളപ്പാട്ടുകള്‍ തേടി

Published

|

Last Updated

വടകര: ജീവിതം പച്ച പിടിപ്പിക്കാനുള്ള പ്രവാസ ജീവിതത്തിനിടയിലും സുവര്‍ണകാല മാപ്പിളപ്പാട്ടുകള്‍ തേടുകയാണ് വടകര മുട്ടുങ്ങല്‍ സ്വദേശിയായ പത്തായീന്റവിട മഹ്മൂദ്. 46 കാരനായ മഹ്മൂദ് പതിനെട്ടാം വയസ്സിലാണ് മാപ്പിളപ്പാട്ട് ശേഖരണം തുടങ്ങിയത്.
ഇതിനായി ദുബൈയിലെ തന്റെ സുഹൃത്തില്‍നിന്ന് ഏറെ പഴക്കമുള്ള ഗ്രാമഫോണും റിക്കാര്‍ഡുകളും വില കൊടുത്തുവാങ്ങുകയായിരുന്നു. നൂറുകണക്കിന് ഓഡിയോ കാസറ്റുകളും ഗ്രാമഫോണ്‍ റെക്കോര്‍ഡുകളും സി ഡികളും ഈ സംഗീത പ്രേമിയുടെ സുവര്‍ണകാല മാപ്പിളപ്പാട്ട് ശേഖരണത്തിലുണ്ട്. 1960 മുതല്‍ 1985 വരെ ഇറങ്ങിയ 90 ശതമാനം ഗാനങ്ങളും മഹ്മൂദിന്റെ ഗാനശേഖരത്തിലുണ്ട്. പീര്‍ മുഹമ്മദ് പാടിയ മിക്ക ഗാനങ്ങളും ശേഖരത്തിലുണ്ടെങ്കിലും മുന്നില്‍ നില്‍ക്കുന്നത് പി ടി അബ്ദുര്‍റഹ്മാന്‍ രചന നിര്‍വഹിച്ച് എ ടി ഉമ്മറിന്റെ സംഗീതത്തില്‍ പാടിയ “കാപ്പുമല കണ്ട പൂങ്കാറ്റെ” എന്ന ഗാനമാണ്. അതുപോലെ മോയിന്‍കുട്ടി വൈദ്യരുടെ അനേകം ഗാനങ്ങളും ശേഖരത്തിലുണ്ട്. മാപ്പിളപ്പാട്ട് ആസ്വാദകരില്‍ മായാതെ കിടക്കുന്ന നീലക്കുയില്‍ എന്ന സിനിമയിലെ കായലരികത്ത് വലയെറിഞ്ഞപ്പോള്‍… എന്ന ഗാനവും കുഞ്ഞിമരക്കാര്‍ ശഹീദിന്റെ ചരിത്രം പറയുന്ന കെ എം കോയ പാടിയ മൂന്ന് പാട്ടുകളും ശേഖരത്തില്‍ മികച്ചു നില്‍ക്കുന്നു.
മനസ്സില്‍ നിറയെ മാപ്പിളപ്പാട്ട് സൂക്ഷിക്കുന്ന ഇദ്ദേഹം യു എ ഇ ഹുജൈറയില്‍ മത്സ്യ മാര്‍ക്കറ്റിലാണ് ജോലി ചെയ്യുന്നത്. 25 വര്‍ഷത്തലധികമായി പ്രവാസ ജീവിതം നയിച്ചുവരുന്നു. ഇപ്പോള്‍ നാട്ടിലുള്ള മഹ്മൂദ് ഇന്ന് വിദേശത്തേക്ക് യാത്ര തിരിക്കും.

Latest