Connect with us

Ongoing News

അകത്ത് കടക്കാന്‍ വരട്ടെ

Published

|

Last Updated

വാതില്‍ തുറന്നതും സിദ്ദീഖ് വല്ലാതായിപ്പോയി. അന്‍വറിന്റെ ഭാര്യ സകീന കുളിവേഷത്തില്‍ മുന്നില്‍ .അവന്‍ ജാള്യതയോടെ പെട്ടെന്ന് മുഖം വെട്ടിച്ചു തിരിഞ്ഞു നടന്നു. സിദ്ധീഖിനെ കണ്ടതും സകീനയും ആകെ പരുവത്തിലായി. അവള്‍ കുളിമുറിയിലേക്ക് ഓടി കതകടച്ചു.

അന്‍വറിന്റെ ആത്മസുഹൃത്താണ് സിദ്ദീഖ്. അയല്‍ പ്രദേശക്കാരായ ഇരുവരും ഒന്നിച്ചാണ് പഠിച്ചു വളര്‍ന്നത്. ഒഴിവു വേളകളില്‍ രണ്ടുപേരും ഒരുമിച്ചു കൂടും. ദീര്‍ഘനേരം സംസാരിച്ചിരിക്കും. ഒരു ഒഴിവ് ദിവസം അന്‍വറിനെ കാണാന്‍ അവന്റെ വീട്ടിലേക്ക് വന്നതായിരുന്നു സിദ്ദീഖ്. സാധാരണ കോളിംഗ് ബെല്‍ അമര്‍ത്തി തന്റെ വരവറിയിച്ച ശേഷമാണ് അകത്ത് കടക്കാറ്. ഇന്ന് പക്ഷേ അതിന് കാത്തു നില്‍ക്കാതെ വാതില്‍ തുറന്ന് അകത്ത് കടക്കുകയായിരുന്നു. മറ്റൊന്നു കൊണ്ടുമല്ല, അന്‍വറുമായുള്ള ആത്മബന്ധം വഴി കൈവന്ന സ്വാതന്ത്ര്യത്തിന്റെ പിന്‍ബലത്തില്‍, തനിക്കെന്തു കൊണ്ട് നേരെ അകത്തേക്ക് കയറിക്കുൂടെന്ന് സിദ്ദീഖിന് തോന്നിപ്പോയതാണ്. അതബദ്ധമായെന്ന് അവന് ബോധ്യമായി. കുളിച്ചു കൊണ്ടിരിക്കുന്നതിനിടെ എന്തോ ആവശ്യത്തിന് ഡൈനിംഗ് ഹാളിലേക്ക് കടന്നു വന്ന സുഹൃത്തിന്റെ ഭാര്യയെ ആ വേഷത്തില്‍ കാണേണ്ടി വരുമെന്ന് അവന്‍ പ്രതീക്ഷിച്ചതല്ലല്ലോ.
***
മറ്റൊരാളുടെ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ ചില മര്യാദകളൊക്കെ പാലിക്കേണ്ടതുണ്ട്. തന്റെ ആഗമനമറിയിച്ച ശേഷം വീട്ടുകാരുടെ സമ്മതത്തോടെയായിരിക്കണം പ്രവേശിക്കേണ്ടത്. അല്ലെങ്കില്‍ സിദ്ദീഖിന് സംഭവിച്ചത് പോലെ അപ്രതീക്ഷിതവും അസുഖകരവുമായ പലതും കാണേണ്ടി വന്നേക്കാം. ഒരു വ്യക്തിക്ക് അയാളുടെ സ്വന്തം വീട് സ്വകാര്യ ജീവിതത്തിന്റെ ഇടമാണ്. അവിടെ മറ്റുള്ളവര്‍ അറിയാന്‍ പറ്റാത്ത, അറിയാന്‍ ഇഷടപ്പെടാത്ത പലതുമുണ്ടായെന്ന് വരാം. മുന്നറിയിപ്പില്ലാതെ പുറത്ത് നിന്നാരെങ്കിലും കടന്നു വരുമ്പോള്‍ അത്തരം രഹസ്യങ്ങള്‍ അനാവരണം ചെയ്യപ്പെടും. അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കൈയേറ്റമാണത്. ബന്ധങ്ങളില്‍ വിള്ളള്‍ വീഴാനും സമൂഹത്തിന്റെ കെട്ടുറപ്പിന് ആഘാതമേല്‍ക്കാനും അതിടവരുത്തിയേക്കും.
ബന്ധുക്കളുടെയും സുഹൃക്കളുടെയും വീടുകളിലേക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ കടന്നു ചെല്ലുന്നവരുണ്ട്. സ്വീകരണ മുറിയും ഡൈനിംഗ് ഹാളും കടന്ന് നേരെ അടുക്കളയിലേക്കായിരിക്കും ചിലരുടെ പ്രയാണം. ബന്ധുത്വവും സൗഹൃദവും വക വച്ചു തരുന്ന ഒരവകാശമാണിതെന്ന മട്ടില്‍. ഇത് പക്ഷേ, പലപ്പോഴും അസുഖകരമായ കാഴ്ചകള്‍ക്കും വീട്ടുകാരുടെ അനിഷ്ടത്തിനും ഇടയാക്കിയേക്കുമെന്നോര്‍ക്കുക. ഒരു വീട്ടിലെ താമസക്കാര്‍ അതിനകത്ത് കൂടുതല്‍ സ്വാതന്ത്ര്യം കണിക്കുക സ്വാഭാവികം. വസ്ത്രധാരണത്തിലും മറ്റും പുറം ലോകത്ത് കാണിക്കുന്ന കണിശത സ്വന്തം വീടിനകത്ത് പുലര്‍ത്തണമെന്നില്ല. പൊതു ജീവിതത്തില്‍ എടുത്തണിയുന്ന മുഖംമുടി അഴിച്ചു വെക്കാനും, ബാഹ്യ-ബന്ധനങ്ങളില്‍ നിന്ന് മുക്തമായി കൂടുതല്‍ സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുമാണ് മിക്ക പേരും വീടണയുന്നത്. പുറത്ത് നിന്ന് കടന്നു വരുന്നവര്‍ ഇക്കാര്യങ്ങളൊക്കെ ഓര്‍മിച്ചു വേണം വീടിനകത്തേക്ക് കടന്നു ചെല്ലുന്നത്. ഖുര്‍ആന്‍ ഉണര്‍ത്തുന്നത് കാണുക:
“”സത്യവിശ്വാസികളെ, നിങ്ങളുടേതല്ലാത്ത മറ്റു വീടുകളില്‍ നിങ്ങള്‍ പ്രവേശിക്കരുത്; അവരുടെ സമ്മതം വാങ്ങുകയും സലാം പറയുകയും ചെയ്യുന്നത് വരെ. അതാണ് നിങ്ങള്‍ക്കുത്തമം. വീട്ടുകാരിലാരെയും അവിടെ കണ്ടില്ലെങ്കില്‍ നിങ്ങള്‍ക്കനുവാദം ലഭിക്കുവോളം നിങ്ങളതില്‍ പ്രവേശിക്കരുത്. നിങ്ങള്‍ക്കവര്‍ അനുമതി നിഷേധിക്കുകയാണെങ്കില്‍ മടങ്ങിപ്പോരിക. അതാണ് നിങ്ങള്‍ക്കേറ്റവും പരിശുദ്ധമായത്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു അറിയുന്നവനാണ്”” (സൂറത്തുന്നൂര്‍: 27,28)
ആദ്യം വാതിലില്‍ മുട്ടിയോ, ക്വാളിംഗ് ബെല്‍ അടിച്ചോ, ഉച്ചത്തില്‍ സലാം പറഞ്ഞോ ആഗതന്‍ തന്റെ വരവ് അറിയിക്കുക. തുടര്‍ന്ന് വാതില്‍ തുറന്ന് തന്നാല്‍ തന്നെ പെട്ടെന്ന് കടന്നിരിക്കാതെ, വീട്ടുകാരന്‍ കയറിയിരിക്കാന്‍ പറയുന്നത് വരെ പുറത്ത് കാത്തിരിക്കുക. അദ്ദേഹത്തിന്റെ ക്ഷണം കിട്ടിയ ശേഷം മാത്രം കയറിയിരിക്കുക. ഇതാണ് പരിശുദ്ധവും മാന്യവുമായ രീതിയെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
ഒരിക്കല്‍ നബിതിരുമേനി സഅ്ദുബ്‌നു ഉബാദയുടെ വീട്ടില്‍ ചെന്ന് സലാം പറഞ്ഞ ശേഷം പ്രവേശനാനുമതി ചോദിച്ചു. അകത്ത് നിന്ന് മറുപടിയൊന്നും കേട്ടില്ല. രണ്ടാം തവണയും മൂന്നാം തവണയും നബി ഇങ്ങനെ ആവര്‍ത്തിച്ചു.എന്നിട്ടും മറുപടി ലഭിക്കാതിരുന്നപ്പോള്‍ അവിടുന്ന് തിരിച്ചു പോരാന്‍ ഭാവിച്ചു. അന്നേരം സഅ്ദുബ്‌നു ഉബാദ വീടിന് വെളിയിലേക്കിറങ്ങി വന്ന് ഇപ്രകാരം പറഞ്ഞു: “”പ്രവാചകരേ, അങ്ങ് വന്നതും സമ്മതം ചോദിച്ചതും ഞാന്‍ അറിയാതെയല്ല. എനിക്ക് അല്ലാഹുവിന്റെ രക്ഷയും കാരുണ്യവുമുണ്ടാകട്ടെ എന്ന സലാമിലൂടെയുള്ള പ്രര്‍ഥന അങ്ങയുടെ തിരുവായില്‍ നിന്ന് കൂടുതല്‍ തവണ ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഇത് കാരണം ഞാന്‍ വളരെ പതുക്കെയാണ് മറുപടി പറഞ്ഞത്”.
പ്രവേശനാനുമതി ചോദിക്കുന്നതിന് മുമ്പ് ആഗതന്‍ വീട്ടുകാര്‍ക്ക് സലാം പറയണം. ഒരു വ്യക്തിയോട് സംസാരിക്കുമ്പോള്‍ സലാം ചൊല്ലിയ ശേഷമായിരിക്കണം മറ്റു വിഷയങ്ങളിലേക്ക് പ്രവേശിക്കേണ്ടതെന്നാണല്ലോ ഇസലാമികാധ്യാപനം, ഒരിക്കല്‍ നബിതിരുമേനിയെ കാണാന്‍ ചെന്ന ഒരു സഹാബി സലാം പറയാതെ “ഞാന്‍ അകത്ത് വരട്ടെയോ” എന്ന് ചോദിച്ചു. “ആദ്യം സലാം പറയുക, എന്നിട്ട് സമ്മതം ചോദിക്കുക” പ്രവാചകന്‍ അയാളെ ഉപദേശിച്ചു.
*****
“ആരാണത്?”~ഒരു വീട്ടില്‍ ചെന്ന് വാതിലിന് മുട്ടിയപ്പോള്‍ അകത്ത് നിന്നുള്ള ചോദ്യം
“ഞാനാണ്” ആഗതന്റെ മറുപടി.
വീട്ടുകാര്‍ കുഴഞ്ഞത് തന്നെ. ആഗതന്‍ “ഞാന്‍” എന്ന് പറഞ്ഞാല്‍ വീട്ടുകര്‍ക്ക് ആളെ മനസ്സിലാകണമെന്നുണ്ടോ? തന്റെ ശബ്ദം കേട്ട് വീട്ടുകാര്‍ ആളെ തിരിച്ചറിയുമെന്ന ധാരണയില്‍ പലരും ഇങ്ങനെ മറുപടി നല്‍കാറുണ്ട്. എന്നാല്‍ ഒരു വീട്ടില്‍ ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരുമായി ധാരാളം സന്ദര്‍ശകരുണ്ടാകാം. ഇവരുടെയൊക്കെ ശബ്ദം എപ്പോഴും ഓര്‍ത്തിരിക്കാന്‍ വീട്ടുകാര്‍ക്ക് കഴിയണമെന്നില്ല. അവര്‍ക്ക് ആളെ മനസ്സിലാകണമെങ്കില്‍ ഒന്നുകില്‍ വാതില്‍ തുറന്ന് നോക്കണം. അല്ലെങ്കില്‍ ആളാരെന്ന് വ്യക്തമായി പറയാന്‍ ആഗതനോട് ആവശ്യപ്പെടണം. ഹിജാബില്‍ കണിശത പാലിക്കുന്ന സ്ത്രീകള്‍ വാതില്‍ തുറന്ന് നോക്കാന്‍ സന്നദ്ധമായെന്ന് വരില്ല. അത് കൊണ്ട് ആഗതന്‍, താനാരെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രവേശനാനുമതി ചോദിക്കുകയാണ് വേണ്ടത്. എങ്കില്‍ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ഒഴിവാക്കാനാകും.
സഹാബിവര്യന്‍ ജാബിറുബ്‌നു അബ്ദില്ല എന്ന ഒരിക്കല്‍ നബിതിരുമേനിയെ കാണാന്‍ അവിടുത്തെ വീട്ടില്‍ ചെന്നു. മരണപ്പെട്ട തന്റെ പിതാവിന്റെ കടബാധ്യതകളെ സംബന്ധിച്ച മത വിധികളറിയുകയായിരുന്നു ലക്ഷ്യം.
“ആരാണത്?” ജാബിര്‍ വാതിലില്‍ മുട്ടിയപ്പോള്‍ നബി ചോദിച്ചു.
“ഞാനാണ് നബിയേ” ജാബിറിന്റെ മറുപടി.
“ഞാനാണെന്ന് പറഞ്ഞാല്‍ ആരാണെന്നാണ് ഞാന്‍ മനസ്സിലാക്കേണ്ടത്”. നബി തിരിച്ചു ചോദിച്ചു.(അബൂദാവൂദ്) അമീറുല്‍ മുഅ്മിനീന്‍ ഉമറു ബ്‌നുല്‍ഖതാബ് നബിയുടെ വീട്ടില്‍ ചെന്നാല്‍ സലാം പറഞ്ഞ ശേഷം “ഉമര്‍ അകത്ത് വരട്ടെയോ” എന്ന് ചോദിക്കുമായിരുന്നുവെന്ന് ഹദീസില്‍ കാണാം.

Latest